Thursday, 1 May 2014

അല്ലെങ്കില്‍ തന്നെ അവന്റെ അച്ഛനും അമ്മക്കും ഇതെന്തിന്റെ കേടായിരുന്നു...

ആറ്റുനോറ്റ് ഒരു ഉണ്ണിപിറന്നപ്പോള്‍ അവനു ദിവാകരന്‍ എന്ന പേരുവക്കേണ്ട കാര്യം ഉണ്ടായിരുന്നോ...

ദിവാകരന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു...ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരേക്കും ദിവാകരന്‍ പഠിച്ചുള്ളുവെങ്കിലും മറ്റാര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം ദിവാകരനുണ്ടായി..

ഒന്നം ക്ലാസ്സൊഴികെ മറ്റുള്ള എല്ലാ ക്ലാസ്സുകളിലും ദിവാകരനു രണ്ടുകൊല്ലം പഠിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു...ഒരിക്കല്‍ ഇക്കാര്യം ആരോ ചോദിച്ചപ്പോള്‍ അവന്‍ ആകെ ചൂടായി ചോദിച്ചവന്റെ കരണം അടിച്ച് പൊട്ടിക്കുകയുണ്ടായി

“എന്തിനാ ദിവാകരാ മനുവിനെ തല്ലിയത്”...ആരോ ചോദിച്ചപ്പോള്‍ ദിവാകരന്റെ മറുപടിയാണു ശരിയെന്ന് തോന്നി...

“ശരിയാണു ഞാന്‍ എല്ലാ ക്ലാസ്സിലും തോറ്റവനാണു എന്നാലും 8 ലും 9 ലും മുമ്മുന്ന് കൊല്ലം കിടന്ന കാര്യം എന്തേ എല്ലാരും മറക്കുന്നത്”

ഒരു നട്ടുച്ച നേരം കല്പറമ്പ് സ്കൂള്‍ ഗ്രൌണ്ടില്‍ പട്ടം പറത്തിക്കളിക്കാന്‍ പോയി തിരിച്ച് വന്ന ദിവാകരന്‍ വലിയ വായില്‍ കരഞ്ഞുകൊണ്ടാണു വന്നത്...
കാരണം അജ്ഞാതം ദിവാകരന്റെ സങ്കടം നാടിന്റെ പ്രശ്നം ആണ്..എല്ലാവരും കൂടി നേരെ കല്പറമ്പ് ഗ്രൌണ്ടിലേക്ക് തിരിച്ചു...സംഭവം അത്ര മലമറിക്കണ കാരണം ഒന്നുമല്ല...ദിവാകരന്‍ പറത്തിയിരുന്ന പട്ടം നൂലുപൊട്ട് മേല്‍പ്പോട്ട് പോയി അതില്‍ സങ്കടം താങ്ങാഞ്ഞാണു ദിവാകരന്‍ കരഞ്ഞത്..പൊതുജനം പിരിഞ്ഞു...

പിറ്റേന്ന് രാവിലെ അടുത്തുള്ള ചായക്കടയില്‍ മലയാളമനോരമ പത്രത്തില്‍ സിനിമാ പരസ്യം നോക്കിക്കൊണ്ടിരുന്ന ദിവാകരന്‍ എഴുന്നേറ്റ് ഒരോട്ടം..നേരെ  പള്ളിയിലേക്ക്....

കുര്‍ബാന കഴിഞ്ഞ് ആളുകള്‍ പിരിയുന്ന നേരം എല്ലാവരും പോകുന്നത് വരേയും കാത്ത് നിന്നിട്ട് ദിവാകരന്‍ നേരെ അരമനയിലേക്ക് ചെന്നു എന്നിട്ട് പള്ളിലച്ചനോട് പറഞ്ഞു...

“അച്ചോ അതെന്റെ പട്ടം ആണു അതിണ്ടൊട്ട് തന്നേക്ക്”
ആരാ എന്താ മനസ്സിലായില്ല...? അച്ചന്‍ ഒന്ന് പരിഭ്രമിച്ചു..

“അച്ചനു പട്ടം കിട്ടി എന്ന് ഇന്നത്തെ പത്രത്തില്‍ ഉണ്ടല്ലോ...അച്ചൊ അന്യന്റെ മൊതലുആഗ്രഹിക്കരുതെന്നല്ലെ ...അച്ചനു കിട്ടിയ ആ പട്ടം എന്റെ പട്ടം ആണു ഇന്നലെ പറത്തിയപ്പോള്‍ നൂലുപൊട്ടി പോയതാണ്”

No comments:

Post a Comment