Friday, 30 January 2015


ഞാന്‍ അന്ന് നാലിലോ അഞ്ചിലോ പഠിക്കുന്നു.....


അന്ന് പെരുന്നാളിന് അറുക്കാനാ ഒരു പൂവന്‍ കോഴിയെ വാങ്ങിയത്..പെരുന്നാളിനാണേല്‍ ഇനിയും ഒന്നര ആഴ്ച ബക്കിയുമുണ്ട്...ഒരു മൊയ്ല്യാരും ഒരാഴ്ച മുന്നേ നിലാവ് കാണാന്‍ തയ്യാറല്ല...പട്ടാപകല്‍ നിലാവ് കാണാന്‍ ഞാന്‍ എന്നും മേലോട്ട് നോക്കി നില്‍ക്കും...
                                                   വീട്ടിലാണെല്‍ കോഴിയെ അടച്ചിടാന്‍ കോഴിക്കൂടും ഇല്ല. നീളത്തില്‍ ഒരു ഇഴക്കയറില്‍ ഒരു കാലില്‍ കെട്ടിയിട്ടാണു വളര്‍ത്തുന്നത്..അടുത്ത വീടുകളിലെ പിടക്കോഴികള്‍ നമ്മുടെ കോഴിയെ ലൈനടിക്കാന്‍ വേലിക്കല്‍ നിന്ന് ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും.....വലത് വശത്തെ ചിറക് ഒന്ന് താഴേക്ക് വിടര്‍ത്തി ഒന്ന് വട്ടം കറങ്ങാം എന്നല്ലാതെ...ഈ പൂവന്‍ തന്‍റെ പുരുഷ്വത്വം ആര്‍ക്കും അടിയറവ് പറഞ്ഞില്ല..

പൂവന്‍ കോഴിയുടെ നില്‍പ്പും ഭാവവും അയല്‍പക്കത്തെ പെണ്ണുങ്ങളിലും അസൂയ ഉളവാക്കി..
തെറ്റിദ്ധരിക്കേണ്ട ട്ടോ...ഈ അസൂയ ഈ കോഴിയെ ഞങ്ങള്‍ പെരുന്നാളിനു കറിവച്ച് തിന്നും എന്നുള്ളതിനാലാണ്...
അല്ലാതെ..നമ്മുടെ പൂവനെ പ്രണയിച്ച് മുട്ടയിട്ട് കളിക്കാനല്ല...ട്ടോ...

                                                        അങ്ങനെ ആ സുദിനം വന്നു...കോയിക്കോട്ടങ്ങാടീല് ആരോ നിലാവ് കണ്ടു...വീട്ടിലുള്ള ഞങ്ങള്‍ രണ്ട് കയ്യും മേലോട്ട് ഉയര്‍ത്തി അള്ളാഹുവിനു സ്തുതി പാടി...നിലാവ് കണ്ട ആള്‍ക്കും...

നിലാവ് കണ്ട് ആളും കോഴിയേ വാങ്ങിയിരുന്നോ എന്നു സംശയിക്കുന്നതായിരുന്നു...കാരണം ഒരു ദിവസം നേരത്തെ നിലാവ് കണ്ടു....

                                               രാവിലെ തന്നെ പള്ളിയില്‍ പോയി വന്നു കോഴിയെ പിടിക്കാന്‍ ചെല്ലുമ്പോള്‍ ..കോഴിയെ കെട്ടിയിടത്ത് ഇഴക്കയര്‍ മാത്രം ഉള്ളു...പുല്ല് തിന്നാന്‍ കെട്ടിയിടത്ത് നിന്നും പശു അഴിഞ്ഞ് പോയത് പോലെ കോഴി അപ്രത്യക്ഷമായിരിക്കുന്നു..

“ബ ബ ബ ബ ബ ബ...“.....കോഴിയെ വിളിച്ചതല്ല...കോഴിയഴിഞ്ഞ് പോയതിനു ബാപ്പിച്ചി തല്ലും എന്ന് കരുതി വിക്കിയതാ....

പെട്ടെന്ന് തലയില്‍ ബള്‍ബ് തെളിഞ്ഞു [ ബുദ്ധി ] നെല്ല് പുഴുങ്ങുന്ന വലിയ വട്ടചെമ്പ് ചെരിച്ച് വച്ച് ഒരു ശീമ കൊന്നയുടെ വടി ചെരിച്ച് വച്ച് ഒരു കെണിയുണ്ടാക്കി ...വടിയില്‍ നിന്ന് ഒരു വള്ളി പുറത്തേക്ക് നീട്ടി വച്ചു.എന്നിട്ട് ചെമ്പിനടിയില്‍ അല്‍പ്പം നെല്ല് ഇട്ട് കാത്തിരുന്നു...കോഴി നെല്ല് തിന്നാന്‍ വന്നാല്‍ വള്ളി വലിക്കുക...കോഴി ചെമ്പിനടിയില്‍ പെടും തീര്‍ച്ച....

ഞങ്ങള്‍ വീട്ടിലുള്ള അഞ്ചുമക്കളും കോഴിയെ ബ ബ ബ പറഞ്ഞ് വിളിച്ച് ...പിന്നാലെ കൂടി ...സാവധാനം ഉള്ള ബ ബ ബ വിളി ഉച്ചത്തിലായി നടത്തം ഓട്ടം ആയി പിടിതരില്ല എന്ന ചിന്തയില്‍ കോഴിയും ...നിന്നെ ഇന്ന് ശരിയാക്കും എന്ന ചിന്തയില്‍ ഞങ്ങളും ...

അവസാനം കോഴി അടിയറവ് പറഞ്ഞു നേരെ വട്ടചെമ്പിനുള്ളില്‍ കയറി...ചാരിവച്ചിരുന്ന വടി ഓട്ടോമാറ്റിക്കായി തെറിച്ച് മുന്നോട്ട് പായുന്നത് ഒരു നോട്ടത്തില്‍ ഞാന്‍ കണ്ടു...അപ്പോഴേക്കും എന്‍റെ കണ്ണില്‍ ഇരുട്ട് കയറി......
                                                             മൂത്ത ഇക്ക പതുക്കെ ചെമ്പ് പൊക്കി കയ്യ് ഉള്ളിലിട്ട് കോഴിയെ പിടിച്ചു...അറുത്ത് റെഡിയാക്കിയപ്പോള്‍...അതാ വട്ടചെമ്പിന്‍റെ ഉള്ളില്‍ നിന്നും ഒരു അനക്കം...

“ ഇനിയും കോഴിയോ ...എന്തോന്നറിയാന്‍ പതുക്കെ വട്ടചെമ്പ് പൊക്കിനോക്കിയപ്പോള്‍ അവിടെ അതാ ഒരു പരിചയക്കാരന്‍ കിടക്കുന്നു..മറ്റാരുമല്ല ഞാന്‍ തന്നെ...

“കണ്ണില്‍ ഇരുട്ട് കയറിയത് വട്ടചെമ്പിനടിയില്‍ ആയപ്പോഴാ”

Thursday, 29 January 2015

അല്‍പ്പം മുഷിപ്പ് മണം അവളില്‍ നിന്നും     ഉത്ഭവിക്കുന്നുണ്ടെങ്കിലും എന്നും തന്‍റെ കൂടെ അന്തിയുറങ്ങുന്ന ഈ ഇണയെ പെട്ടെന്നൊന്നും എനിക്ക് വെറുക്കാന്‍ കഴിയുമായിരുന്നില്ല...

കുളി എന്ന് പറഞ്ഞത് ഈ ഇണക്കില്ലേലും ദിവസേനേ മാറുന്ന മേലങ്കിയില്‍ ചെറിയൊരു ആശ്വാസം നല്‍കിയിരുന്നു..

ചില ദിവസങ്ങളില്‍ ഞാന്‍ അവളെ പൊക്കിയെടുത്ത് കസേരയില്‍ ഇരുത്തി ഞാന്‍ അവളുടേ പുറത്ത് ചാരിയിരിക്കും..ആ മൃദുലതയില്‍ ഞാന്‍ ആത്മസംതൃപ്തി അടയുമായിരുന്നു..
കാലുകള്‍ അവളുടെ മുകളില്‍ കയറ്റിവച്ചാലും ഒന്ന് ചെരിയും എന്നാല്ലാതെ യാതൊന്നും മറുത്ത് പറയില്ല..ദേഷ്യം കൊണ്ട് തല്ലിയാലും രാത്രിയായാല്‍ എന്നരികില്‍ തന്നെ ഉണ്ടാകും

പാവം ഒരിക്കല്‍ അവളുടെ സൈഡില്‍ ഒരു മുറിവ് പ്രത്യക്ഷപ്പെട്ടു....എന്നിട്ടും ഒന്നും മിണ്ടാതെ അവള്‍ അനങ്ങാതെ കിടന്നു...

ഇനിയെന്ത് ചെയ്യും...ഈ തലയിണ മാറ്റുക തന്നെ...അങ്ങനെ ഞാന്‍ മറ്റൊന്നു വാങ്ങി...

Wednesday, 28 January 2015

1. ഉണക്ക ചെമ്മീന്‍ വറുത്ത് അമ്മിയില്‍ പച്ചമാങ്ങയും തേങ്ങയും ചേര്‍ത്ത് ചമ്മന്തി അരക്കാന്‍ അറീയുമോ..?
2. തുവരപരിപ്പ് പകുതി വേവില്‍ ...ഉള്ളിയും മുളകും അമ്മിയില്‍ ചതച്ച് വെളിച്ചെണ്ണയില്‍ തൂമിച്ച് കറിയുണ്ടാക്കാനറിയുമോ...?

3. ചേമ്പിന്‍ താള്‍ കൊണ്ട് മോരുകറി വക്കുവാന്‍ അറിയുമോ..?

ഇങ്ങനെയുള്ള ചോദ്യങ്ങളാ ഞാന്‍ അധികവും ചോദിച്ചത്..

അഞ്ചടിക്ക് മൂന്നിഞ്ച് നീളക്കുറവുള്ളവനും ചില ആഗ്രഹങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു...

എന്നാല്‍ ഇതിലപ്പുറം ചിന്തിക്കേണ്ട വിഷയങ്ങള്‍ ...മൂന്നടി നീളമുള്ളവളുമാര്‍ക്കും അമിതാബച്ചന്‍റെ ഹൈറ്റുള്ളവരെ വേണമെന്ന് ശഠിക്കുന്നതാ...

ഈയുള്ളവന്‍റെ പെണ്ണുകാണല്‍ ചടങ്ങിന്‍റെ ഒരു ഭാഗമാണിത്...

തെങ്ങിന്‍റെ ചുവട്ടില്‍ നിന്ന് മുകളിലേക്ക് നോക്കുന്നത് പോലെ ഏഴെണ്ണത്തിനെ കണ്ടു... ആര്‍ക്കും എന്നെ ഇഷ്ടമായില്ല...തെങ്ങിന്‍റെ ചുവട്ടില്‍ നാളികേരം കിടക്കുന്നത് പോലെയാ അവരെന്നെ കണ്ടത് എന്ന് പിന്നീടാ മനസ്സിലായത്...

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..മൂന്ന് മാസത്തെ ലീവിനു അബൂദാബിയില്‍ നിന്നും പെണ്ണ് കെട്ടാന്‍ വന്നിട്ട്..ഈ വക പെണ്ണുങ്ങള്‍ നമ്മെ തോല്‍പ്പിക്കാന്‍ വന്നാല്‍ സമ്മതിക്കാന്‍ പറ്റുമോ..

എന്നാല്‍ എനിക്കായ് പടച്ച റബ്ബ് [ ദൈവം ] ഒരു മൊഞ്ചത്തിയെ ഒരുക്കി നിര്‍ത്തിയിരിക്കുന്ന കാര്യം അറിയാന്‍ അവസാനം വരേയും കാത്തിരിക്കേണ്ടിവന്നു...

“2001 ഫെബ്രുവര്‍ ഒന്നിന്  ആ മംഗളകര്‍മ്മം നടന്നു...ഇന്നേക്ക് പതിനാലു വര്‍ഷം തികയുന്നു... “

മുകളിലുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം എനിക്ക് ഇവളില്‍ നിന്നും കിട്ടി...

“ പതിനാലുവര്‍ഷം കടന്ന് പോയത് അറിഞ്ഞില്ല..സ്നേഹം മാത്രം വിളയുന്ന ഒരു കൊച്ച് കുടുമ്പം” അതായിരുന്നു എന്‍റെ എന്നത്തേയും സ്വപ്നം അത് സാക്ഷാല്‍ക്കരിക്കാന്‍ എന്‍റെ പ്രിയപ്പെട്ടവള്‍ വഹിച്ച് പങ്കിനെ കുറിച്ച് എടുത്ത് പറയാതെ വയ്യ” ദൈവത്തിനു ആദ്യമായി ഞാന്‍ സ്തുതി പറയട്ടെ...



Saturday, 17 January 2015

അമ്പലങ്ങളും ചര്‍ച്ചുകളും മുസ്ലീം പള്ളികളും [ മുസ്ലീം പള്ളികള്‍ കുറവായിരുന്നു ] കയറിയിറങ്ങി നിരങ്ങിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്കും എന്റെ കുറച്ചു കൂട്ടുകാര്‍ക്കും
ഇതിപ്പം പറയാന്‍ കാരണം പണ്ടൊരു മകരമാസ സമയം കൊടുങ്ങല്ലൂര്‍ താലപ്പൊലി നടക്കുന്നു . നാലാം താലപ്പൊലി വൈകിയിട്ട് ഏഴുമണിക്ക് വെടിക്കെട്ട്‌ . ആയിരത്തൊന്നു കതിനാ വെടികള്‍ക്കു ശേഷം ചെറിയ ഓലപ്പടക്കവും അതിനിടയില്‍ ഡും എന്ന പൊട്ടുന്ന ഗുണ്ടും അതിനോട് ചേര്‍ന്നു വെടിക്കെട്ടും. ....
ആ കൊല്ലം എന്റെ കൂടെ എന്‍റെ മൂത്താപ്പയുടെ മകന്‍ നാസര്‍ താലപ്പോളിക്കുണ്ടായിരുന്നു . അവനാണേല്‍ ആദ്യമായിട്ട കൊടുങ്ങല്ലുര്‍ക്ക് വരുന്നത് . അവനെ കൊണ്ടുപോകുന്നത് ഞാനായതിനാല്‍ എനിക്ക് എന്റേതായ ഒരു ഗമ വേറെയും .
ആനപ്പുരം കഴിഞ്ഞു വെടിക്കെട്ടിന് തീ കൊളുത്ത്തിക്കഴിഞ്ഞു കുറച്ച് കഴിഞ്ഞപ്പോള്‍ തിരക്കിനിടയില്‍ " ആന വിരണ്ടേ എന്നൊരു അലറ്ച്ച് ...അതിലും വലിയ സബ്ദത്തില്‍ നാസറിന്റെ വായില്‍ നിന്നും " അള്ളോ" എന്നൊരു അലര്‍ച്ചയും ഒന്നിച്ചപ്പോള്‍ താലപ്പോളിക്കാവ് യുദ്ദക്കളം ആകാന്‍ അധികം നേരം വേണ്ടിവന്നില്ല .
തിരക്കിനിടയില്‍ എവിടെക്കോ ഓടി ...രണ്ടു കടയുടെ ഇടയില്‍ ഒരു സ്ഥലത്ത് എത്തി ഒന്ന്‍ ശ്വാസം വലിച്ചു വിട്ടു നോക്കുമ്പോള്‍ നാസര്‍ നഷ്ടമായിരിക്കുന്നു .
'നാസരേ എന്നൊരു ആര്‍ത്തനാദം എന്‍റെ തൊണ്ടയില്‍ നിന്നും പുറത്തേക്ക് ഒഴുകി ...ഈ തിരക്കിനിടയില്‍ എനിക്ക് എന്നെ തന്നെ കാണാന്‍ സാധിക്കുന്നില്ല പിന്നെയാ നാസറിനെ ..
പെട്ടെന്നാ എനിക്ക് ഒരു ഓര്‍മ്മ വന്നത് ' എടാ നാസരേ തിരക്കിനിടയില്‍ കൈവിട്ടു പോയാല്‍ നീ ആ കൂട്ടിയിട്ടിരിക്കുന്ന അനപിണ്ടാത്തിനരികില്‍ വരണം " എന്ന്‍ നേരത്തെ പറഞ്ഞു വച്ചത് ഓര്‍മ്മ വന്നത്..
പിന്നെ എനിക്ക് ആലോചിക്കേണ്ടിവന്നില്ല ഞാന്‍ ആനപിണ്ടാതിനരികിലേക്ക് ചെന്നു . അതാ നില്‍ക്കുന്നു ആനപിണ്ടാതിനരികില്‍ മറൊരു വലിയ ആനപിണ്ടാമായ് നാസര്‍ ...
കാരണം മറൊന്നുമല്ല എന്റെ കയ്യില്‍ നിന്നും പിടിവിട്ടപ്പോള്‍ തന്നെ നാസര്‍ അടുത്ത രക്ഷകനായ ആനപിണ്ടാതിനരികിലേക്ക് ഓടി ...പക്ഷെ ഒട്ടത്തിന്‍റെ സ്പീഡ് കാരണം പിണ്ടാതിനരികിലെത്തിയിട്ടും കാലുകളെ നിയന്ത്രിക്കാനായില്ല ..നേരെ മൂക്കും കുത്തി ആനപിണ്ടാതിലേക്ക് ....
ഇന്നും ആനപിണ്ഡം കാണുമ്പോള്‍ മനസ്സില്‍ നാസരാ ഓടിവരുന്നത്‌...
[ഹൃദയം കൊണ്ടെഴുതിയതിലെക്ക് എന്റെ ആദ്യ കൃതി ]

Thursday, 15 January 2015

ചില നേരമ്പോക്കുകള്‍...159

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന് പറയുന്നത് വെറുതെയാ ഷഫീറേ..

ഉം അതെന്താ സുകു

അച്ഛന്‍ ആനകൊമ്പ് വീട്ടില്‍ സൂക്ഷിച്ചതിനു പോലീസ് പിടിച്ചു..
ചില നേരമ്പോക്കുകള്‍....160

എടീ ഇന്നലെ ഞാന്‍ ഒരു സ്വപ്നം കണ്ടു..

ന്താന്ന് പറ...

എനിക്ക് അലവുദ്ദീന്‍റെ അത്ഭുതവിളക്ക് കിട്ടി....ഞാന്‍ അത് ഉരച്ചപ്പോള്‍ ഒരു ഭൂതം പ്രത്യക്ഷപ്പെട്ടു...

എന്നിട്ട്..?

എന്നിട്ടെന്നോട് എന്തെങ്കിലും ഒരു വരം ആവശ്യപ്പെടാന്‍ പറഞ്ഞു...

ന്ന്ട്ട് നിങ്ങള്‍ എന്താ ആവശ്യപ്പെട്ടത്...

ഞാനോ..?

ഉം..

ഞാന്‍ നിന്‍റെ ബുദ്ധി പത്തിരട്ടി ആക്കണമെന്ന് ആവശ്യപ്പെട്ടു...

ന്ന്ട്ട്..?

അപ്പോള്‍ ഭൂതം പറയാ...പൂജ്യത്തിനെ എത്രകൊണ്ട് ഗുണിച്ചാലും പൂജ്യം തന്നെ കിട്ടുകയുള്ളു എന്നു...

Tuesday, 13 January 2015

ശിവന്‍ അന്നത്തോടെ മൂക്ക് പൊടിവലിക്കുന്നത് നിര്‍ത്തി...പലരും പറഞ്ഞേങ്കിലും ശിവന്‍ ആരുപറഞ്ഞതും കൂട്ടാക്കിയിരുന്നില്ല..പൊതുവേ പിശുക്കനായിരുന്ന ശിവന്‍ എന്ത് കാരണം കൊണ്ടാണാവോ ഈ പരിപാടി നിര്‍ത്തിയത് എന്ന്  എത്ര ആലോചിച്ചിട്ടും ആര്‍ക്കും മനസ്സിലായില്ല.


ഹസ്തങ്ങള്‍ പതുക്കെ നീണ്ടു..വള്ളിപോലെയുള്ള ആ വസ്തുവിന്‍റെ അഗ്ര ഭാഗത്ത് കാണുന്ന ആ മൂന്ന് കാലുള്ള സാധനത്തിനെ പതുക്കെ പൊക്കിയെടുത്തു.....അപ്പോള്‍ എന്‍റെ മുഖത്തുണ്ടായിരുന്ന മൃഗീയ ഭാവം ഒന്നൂടെ സടകുടഞ്ഞു പുറത്ത് വന്നു..
                                                                     
                                                                        മുകളില്‍ കണ്ട ആ മൂന്ന് ദ്വാരത്തിലേക്ക് ഞാന്‍ ആ മൂന്ന് കാലുകള്‍ തിരുകി കയറ്റി. വിജയശ്രീലാളിതനായി ഞാന്‍ മക്കള്‍ടെ മുഖത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കി...അപ്പോള്‍ ഇളയവന്‍ സിയാദിന്‍റെ ഒരു ചോദ്യം..

“ അയേണ്‍ ബോക്സിന്‍റെ പ്ലഗ്ഗ് കുത്താനാണോ ബാപ്പിച്ചി ഈ പെടപാടൊക്കെ കാണിച്ചത്”...?

പറഞ്ഞത് പൊലെ ശരിയാണല്ലോ എന്ന് അപ്പോഴാ ആലോചിച്ചത്...പിള്ളേരുടെ യൂണിഫോം എല്ലാം ഇസ്തിരി ഇട്ടു കഴിഞ്ഞപ്പോഴാ ഇസ്തിരിപ്പെട്ടിയിലെ വെള്ളം മുഴുവനും തീര്‍ന്നതായി കണ്ടത്...
എടാ സൈദേ ആ സ്റ്റീല്‍ ഗ്ലാസ്സില്‍ കുറച്ച് വെള്ളം കൊണ്ട് വന്നേടാ...മക്കളില്‍ ആദിപത്യം സ്താപിക്കാനായി എന്‍റെ വായ് പള്ളിമൈക്ക് പോലെ അലറി..
                                                        സൈദ് കൊണ്ടുവന്ന വെള്ളം ഇസ്തിരിപ്പെട്ടിയിലൊഴിച്ച് സ്വിച്ച് ഓണ്‍ ചെയ്തു...സമയം കുറേ എടുത്തിട്ടും ഇസ്തിരിപെട്ടി ചൂടാവുന്നില്ല...ഇതെന്ത് പണ്ടാറം ആണെന്നറിയാതെ ഒന്ന് കുഴങ്ങിയപ്പോള്‍ അകത്ത് നിന്നും ഒരു ശബ്ദം ...വാമഭാഗത്തിന്‍റെ ...എടാ സൈദേ നീ ബാപ്പിച്ചിക്ക് എന്ത് വെള്ളമാ കൊടുത്തത്...

“ഡൈനിങ്ങ് ടേബിളില്‍ ഒരു ഗ്ലാസ്സില്‍ പകുതി വെള്ളം ഉണ്ടായിരുന്നു അതാ കൊടുത്തത്”..

അള്ളോ അത് ബാപ്പിച്ച് പ്രഷറിന്‍റെ മരുന്നായിരുന്നു...അരഗ്ലാസ്സ് വെള്ളത്തില്‍ പത്ത് തുള്ളി....

“ഞാന്‍ സ്വയം പറഞ്ഞു...ന്‍റെ പടച്ചോനെ വെറുതെ അല്ല ഇസ്തിരിപ്പെട്ടി ചൂടാവാഞ്ഞത് അകത്ത് പ്രഷറിന്‍റെ മരുന്നല്ലെ “...

Monday, 12 January 2015

നാടകം അഞ്ചാം ദിവസം....

മുന്നില്‍ കണ്ട് ആള്‍ക്കൂട്ടം എന്താണേന്ന് മനസ്സിലാവാത്തതിനാല്‍  
കൊടുങ്ങല്ലൂ‍ര്‍ കെ കെ ടി എം കോളേജില്‍ പഠിക്കുന്നതിനു എനിക്ക് ഫീസ് വേണമായിരുന്നു...പേരന്‍റ്സിനു ഗവണ്മെന്‍റ് സര്‍വ്വീസ്സില്‍ ആണു ജോലി അതിനാല്‍ ഫീസ് നിര്‍ബന്ധമായിരുന്നു..എല്ലാമാസവും 12.50 രൂപയാണു ഫീസ്..

                                                 പത്താം തിയതിക്ക് മുമ്പ് ഫീസ് അടച്ചിരിക്കണം എന്നും ഒരു നിയമം അന്ന് കോളേജില്‍ ഉണ്ടായിരുന്നു.ഫീസ് അടച്ചില്ലേല്‍ മറ്റു കുഴപ്പം ഒന്നും ഉണ്ടാവുകയില്ല . ആനുവല്‍ എക്സാം എഴുതണമെങ്കില്‍ ഈ ഫീസടപ്പന്മാര്‍ എല്ലാ തുകയും അടച്ചിട്ടുണ്ടോ എന്ന് ഓഫീസിലുള്ള നരാധമന്മാര്‍ ചെക്ക് ചെയ്യും..

എല്ലാ മാസവും കൃത്യമായി ഫീസ് വീട്ടില്‍ നിന്നുകിട്ടുമെങ്കിലും കൊടുങ്ങല്ലൂര്‍ :ശ്രീ കാളീശ്വരി തിയറ്ററും മുഗള്‍ തിയറ്ററും പിന്നെ ശില്‍പ്പി തിയറ്ററും എനിക്കൊക്കെ വേണ്ടി നിര്‍മ്മിച്ചിരിക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടാകുന്നത് വീട്ടില്‍ നിന്നും ഈ 12.50 രൂപ ലഭിക്കുമ്പോളാണ്..

അന്ന് വീട്ടില്‍ നിന്നും ഫീസ് കിട്ടിക്കഴിഞ്ഞപ്പോള്‍ കൂടേയുണ്ടായിരുന്നവരും ഞാനും ഒരു തീരുമാനം എടുത്തു. ഇന്ന് സിനിമക്ക് പോകേണ്ട പകരം ഏതെങ്കിലും നല്ല ഹോട്ടലില്‍ കയറി നന്നായൊന്നു ഭക്ഷിക്കുക..അങ്ങനെ ഞാനും സന്തോഷും ജോയി പിന്നെ വേറെ രണ്ട് പേരും കൂടിയുണ്ടായിരുന്നു, കൊടുങ്ങല്ലൂര്‍ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ...തൊട്ടടുത്ത ടേബിളില്‍ രണ്ട് പ്രണയ ജോഡി കള്‍ വന്നിരുന്നു..

ഞങ്ങളുടേ ക്ലാസ്സില്‍ തന്നെയുള്ള രണ്ട് പെണ്‍കുട്ടികളും ഡിഗ്രിക്ക് പഠിക്കുന്ന രണ്ട്    ആണുകുട്ടികളും . ഇവരുടെ പ്രേമം ഞങ്ങളുടെ ക്ലാസ്സില്‍ പാട്ടാകുന്നു. ഞങ്ങള്‍ കുറച്ച് പേരാണു  ആ പ്രേമത്തിനു ശത്രുക്കള്‍ ...എങ്കിലും ഞങ്ങള്‍ തമ്മില്‍ വഴക്കോ വക്കാണമോ ഒന്നും ഇല്ലതാനും..

ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റ് ക്യാഷ് കൌണ്ടറില്‍ എത്തിയപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി ..പാന്‍സിന്‍റെ പോകറ്റില്‍ പേഴ്സ് കാണുന്നില്ല...ഞാന്‍ ഞെട്ടിയപ്പോള്‍ കൂടെയുള്ളവരും ഞെട്ടി...അവരുടെകയ്യിലും പൈസയൊന്നും ഇല്ല ...കാരണം അന്നത്തെ ഇര ഞാന്‍ ആണല്ലോ പിന്നെ അവര്‍ പൈസ കൊണ്ട് വരേണ്ട കാര്യവും ഇല്ല.അതിനാലാവും അവരും ഞെട്ടിയത്...ഇനി എന്ത് ചെയ്യാം എന്ന് ആലോചിക്കുമ്പോളാ നമ്മുടെ കാമുക കാമുകീ കൂട്ടം അവിടെ തിന്ന് മുടിച്ച് അര്‍മാദിക്കുന്നത് കാണുന്നത്..

ഞാന്‍ പതുക്കെ അവരുടേ അരികില്‍ ചെന്ന് സ്വകാര്യം പറഞ്ഞു.. സുകു എനിക്കൊരു ഉപകാരം ചെയ്യണം നമ്മുടെ പ്രകാശന്റെ പേന എന്റെ കയ്യിൽ ഉണ്ട് അവനു ഞാൻ അത് കൊടുക്കുവാൻ മറന്നു നീ അതൊന്ന് പ്രകാശനു കൊടുക്കണം ...നിന്റെ വീടിന്റെ അടുത്തല്ലെ അവന്റെ വീട്...

  അവര്‍ സമ്മതിച്ചു...ഞാന്‍ പോകറ്റില്‍ ഇരുന്നിരുന്ന പേന ഊരി അതിലൊരുത്തന്‍റെ പോകറ്റില്‍ കുത്തികൊടുത്തു..

എന്നിട്ട് കൌണ്ടറില്‍ ചെന്ന് ക്യാഷിയറോട് പറഞ്ഞു ..“ചേട്ടാ ദാ ഞങ്ങള്‍ടെ ബില്‍ ...ആ ഇരിക്കുന്ന കപ്പിള്‍സ് ഇല്ലെ അവര്‍ പേ ചെയ്തു കൊള്ളും...“

അതെങ്ങനെ ശരിയാവും അവര്‍ വേറെ ആളുകള്‍ അല്ലെ..?

അല്ല ചേട്ടാ ഞങ്ങള്‍ ഒരുമിച്ചാ ..ചേട്ടന്‍ പേടിക്കേണ്ട ഞാന്‍ അവരെ കൊണ്ട് പറയിച്ചാല്‍ മതിയല്ലോ അല്ലെ..?

ആ അത് മതി അവര്‍ സമ്മതിച്ചാല്‍ ഓകെ...

ഞാന്‍ ക്യാഷ് കൌണ്ടറിന്‍റെ അരികില്‍ നിന്നും വിളിച്ചു സുകൂ...സുകൂ..അപ്പോള്‍ കൂട്ടത്തിലെ സുകു എന്ന ആള്‍ തിരിഞ്ഞൂ നോക്കീ...

എന്താ ഷഫീറേ...?

നീ മറക്കാതെ കൊടുക്കുമോ ..? അതൊ ഞാന്‍തന്നെ കൊടുക്കണോ..?

വേണ്ടാ നീ പോയ്ക്കോളൂ ഞാന്‍ കൊടുത്തോളാം...

അങ്ങനെ ക്യാഷിറില്‍ നിന്നും രക്ഷപ്പെട്ടു ഞങ്ങള്‍ പുറത്ത് കടന്നു..അപ്പോള്‍ സന്തോഷിനൊരു സംശയം “ ഷഫീറേ എന്ത് സൂത്രമാണേടാ നീ ആ സുകുവിനോട് പറഞ്ഞത്”..?

സൂത്രമല്ല സന്തോഷേ ..ഞാന്‍ ആദ്യം പൈസ നഷ്ടപ്പെട്ടകാര്യം അവരോട് പറഞ്ഞു...ബില്ല് പേ ചെയ്യുന്ന കാര്യം അവര്‍ സമ്മതിച്ചില്ല..അപ്പോള്‍ ഞാന്‍ മറ്റൊരു ഐഡിയ എടുത്തു...

“എന്‍റെ    ഈ പേന ശിവപ്രകാശനു കൊടുക്കണം നീ അവന്‍റെ വീടിനരികില്‍ കൂടിയല്ലെ പോകുന്നത് “ ?

അത് അവന്‍ സമ്മതിച്ചു...ക്യാഷ് കൌണ്ടറിനരികില്‍ നിന്നും ഞാന്‍ പേന കൊടുക്കുന്ന കാര്യമാ വിളിച്ച് ചോദിച്ചത്...അതോടെ ആ പ്രശ്നം സോള്‍വ് ആയി....ബാക്കി ഇനി നാളെ ക്ലാസ്സില്‍ എത്തിയിട്ട് നോക്കാം എന്താ...

Wednesday, 7 January 2015

ചില നേരമ്പോക്കുകള്‍...158

എന്താ വന്നത്..?

രാവിലെ എഴുന്നേറ്റ് മൂത്രം ഒഴിച്ചതിനു ശേഷം മരുന്ന് കഴിക്കണം എന്നല്ലെ ഡോക്ടര്‍ പറഞ്ഞത്..?

അതെ..എന്താ കാര്യം...

ഇന്ന് രാവിലെ മൂത്രം ഒഴിക്കാന്‍ പറ്റിയില്ല ..പകരം തണുത്തവെള്ളം ഒഴിച്ച് കഴിച്ചാലും മതിയോ ഡോക്ടര്‍..
ശ്ശൊ ഈ മക്കള്‍ടെ ഒരോ കാര്യങ്ങളേയ്....

ഹാളിലിരുന്ന് പഠിച്ച് കൊണ്ടിരുന്ന സൈദ്  സിയാദിനോട് പറയുകയാ..

എടാ നുന്നൂസേ ദാണ്ടെ ബാപ്പിച്ചി ...ലാപ്പ് ടോപ്പില്‍ ഏതോ സിനിമ കണ്ട് കരയുന്നു...

അത് സിനിമ അല്ല ഇക്കാക്ക...ബാപ്പിച്ചി ബാപ്പിച്ചിയുടെ കല്ല്യാണ ആല്‍ബം കാണുകയാ...
ശ്ശോ ഈ മക്കള്‍ടെ ഓരോകാര്യങ്ങളേയ്...
എടീ ഭയങ്കര വയറു വേദന...രാവിലെ തന്നെ ഉമ്മറത്തുള്ള ചാരുകസേരയില്‍ കിടന്ന് നല്ല പാതിയോട് വിളിച്ച് പറഞ്ഞു...
“ അത് വയറില്‍ ഒന്നും ഇല്ലാഞ്ഞിട്ടാ” അവളുടെ മറുപടി പെട്ടെന്ന് തന്നെ ഉണ്ടായി...
അപ്പോഴാ സിയാദിന്‍റെ കമന്‍റ്
“ബാപ്പിച്ചിക്ക് തലവേദനയും ഉണ്ടാവാറുണ്ട്...“

Friday, 2 January 2015

ആഡംബരം എന്ന് തോന്നിക്കുന്ന ആ വീടിന്‍റെ ഗേറ്റ് തുറന്ന് ഒരു തമിഴ് ബാലന്‍ അകത്തേക്ക് പ്രവേശിച്ചു....
പളേ കുപ്പി പാട്ട ഇരുമ്പ്....എന്ന് ഒരു പ്രത്യേക ഈണത്തില്‍ ചോദിച്ച് കൊണ്ട് മുന്നോട്ട് വന്നു..

സാര്‍ സാര്‍ എന്ന് ഉറക്കെവിളിച്ച് കൂവുന്നുണ്ട് ആ ബാലന്‍..

ജീന്‍സ് പാന്‍റും ജുബ്ബയും അണിഞ്ഞ ഒരാള്‍ വാതില്‍ തുറന്ന് പുറത്തേക്ക് വന്നു.തമിഴ് ബാലനെ കണ്ടപ്പോള്‍ അയാളുടെ മുഖം ചുളിഞ്ഞു...അല്‍പ്പം ദേഷ്യത്തോടെ അയാള്‍ പറഞ്ഞു ഇല്ല ഇവിടെ ഒന്നും ഇല്ല ...

നോക്ക് സാര്‍ പളെത് എന്തെങ്കിലും...ബാലന്‍ ദയനീയമായി പറഞ്ഞു...
ഒന്നും ഇല്ലാന്ന് പറഞ്ഞില്ലെ..അലറിക്കൊണ്ടയാള്‍ ആ ബാലനെ ആട്ടി പായിച്ചു..

എന്നാ സാര്‍ ഇന്തമാതിരിയെല്ലാം പേസണു...നാനും മനുസനാ സര്‍..ജീവിക്കാന്‍ വേണ്ടി ഇന്തവേഷം ആടണു സാര്‍...

പോടാ അവിടന്ന് എന്നെ പഠിപ്പിക്കാന്‍ വരുന്നോ....

പാവം ആ തമിഴ് ബാലന്‍ പേടിച്ച് തന്‍റെ സൈക്കിള്‍ വണ്ടിയെടുത്ത് പതുക്കെ ചവിട്ടി മുന്നോട്ട് പോയി...പോകുന്ന കൂട്ടത്തില്‍ അവന്‍ വിളിച്ച് പറയുന്നുണ്ട് 
“പളേ ഇരുമ്പ് പാട്ട പ്ലാസ്റ്റിക്ക് പേപ്പര്‍ “...

കൂരിരുളില്‍ റോഡില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ശബ്ദം കേട്ടാണു ആ തമിഴ് ബാലന്‍ തന്‍റെ കൂടാരത്തില്‍ നിന്നും പുറത്തേക്ക് ഓടിയിറങ്ങിയത്...
റോഡ് സൈഡില്‍ ഇടിച്ച് കിടക്കുന്ന ഒരു വണ്ടി അതില്‍ അബോധാവസ്തയിലായ ഒരാളും രക്തം വാര്‍ന്നൊലിക്കുന്ന ഒരു കുട്ടിയും അയാള്‍ കുട്ടിയെ വാരിയെടുത്ത് റോഡില്‍ ഇറങ്ങിനിന്നു...ഒരു വാഹനവും വരുന്നില്ല..അയാളും തളര്‍ന്ന് തുടങ്ങി...

തമിഴ് ബാ‍ാലന്‍ തന്‍റെ കൂടാരത്തിനരികിലേക്കോടി ഇരുമ്പ് സാധനങ്ങള്‍ നിറച്ച് തന്‍റെ വണ്ടി പെട്ടെന്ന് തന്ന് കാലിയാക്കി ...അതും ചവിട്ടി അയാളുടെ അരികിലേക്ക് എത്തി കുട്ടിയേയും അയാളേയും ആ വണ്ടിയില്‍ കയറ്റിയിട്ട് അവന്‍ സൈക്കിള്‍ ആണു ചവിട്ടി...നേരെ അകലെ കാണുന്ന ആശുപത്രിയിലേക്ക്...

തിരക്കൊഴിഞ്ഞ ആശുപത്രി വരാന്തയില്‍ ആ തമിഴ്ബാലന്‍ ഇരിക്കുമ്പോള്‍ ഒരു നേഴ്സ് അവന്‍റെ അരികിലെത്തി പറഞ്ഞു...ഇനി മോന്‍ പോയ്ക്കോളൂ...അവര്‍ക്ക് കുഴപ്പം ഇല്ല...
അമ്മാ അവരെ പാക്കമുടിയുമാ...?

ഇല്ല നാ‍ാടെ വായോ...അന്ത റോഡ് സൈഡിലുള്ള വീടാ എന്‍റേത്..പേരു പളനി...