Friday, 4 October 2019

പിണ്ണാക്ക്...

പറയുമ്പോൾ എളുപ്പം കഴിയും....

Friday, 8 March 2019

                                                                     സിഗരറ്റിന്റെ പാക്കറ്റ് കീറി അതിൽ വാങ്ങിയ സാധനങ്ങളുടെ പേരും കിലോക്ക് ഇത്ര ഉറുപ്പികയും എഴുതിയ ഒരു ശീട്ട് പണ്ട് അരീപ്പാലം അന്തോണികുട്ടിയുടെ പീടികയിൽ നിന്നും കിട്ടിയിരുന്നു...

ഒരു പാട് ജീവിതങ്ങൾ താറുമാറാകാതെ നിലനിന്നിരുന്നത് ആ രേഖകൾ മൂലം ആയിരുന്നു.....

                                                                        ഇന്ത്യാ മഹാരാജ്യത്തിന്റെ ഭൂപടം എടുത്ത് നോക്കാൻ അറിയാമെങ്കിൽ തിരിച്ച് പിടിക്കാതെ നേരെ പിടിച്ച് നോക്കിയാൽ വണ്ടിക്കാള മൂത്രമൊഴിച്ച് പാട് പോലെ കേരളം എന്നൊരു സ്ഥലം അബദ്ധത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് കാണാൻ കഴിയും...അതിന്റെ നടു സെന്റർ മധ്യത്തിലായി വരും ഈയുള്ളവൻ ജനിച്ച്......(വളർന്നവൻ എന്ന് എഴുതുന്നില്ല, വളർന്നിട്ടില്ല ന്തേ..) ത്....
           
                                                                               പശുവിനുള്ള കപ്പലണ്ടി പിണ്ണാക്കിനുവേണ്ടിയാവും അന്തോണ്യുട്ടിയുടെ കടയിൽ അധികവും പോകാറ്....തിരികെ വരുമ്പോൾ ഒരു ഉണ്ട ശർക്കരയും കപ്പലണ്ടി പിണ്ണാക്കും വായിലിട്ട് പശുവിന്റെ പോലെ അയവിറക്കിയാകും തിരികെ വരിക...വൈകുന്നേരങ്ങളിൽ കടയിൽ ആവും അധികവും കടയിലേക്ക് പോവുക....

ബില്ല് കൊണ്ട് വരണം ട്ട്ഡാ.....എന്തിനാണു പോകുന്നത് എന്ന് പറയുന്നതിനേക്കാളും മുമ്പ് സിംഹഗർജ്ജനമായി ബാപ്പായുടെ ശരീരത്തിൽ നിന്നും ഉൽഭവിക്കുക....

ആ ബില്ലാണു ഞാൻ മുമ്പ് സൂചിപ്പിച്ച രേഖകൾ....

ഒരിക്കൽ .....പിണ്ണാക്കും വാങ്ങിവരും വഴി എങ്ങനെയോ മ്മ്ടെ കഷ്ടകാലത്തിനു രേഖകൾ നഷ്ടപ്പെട്ടു....വന്ന വഴി തിരികെ പോയി നോക്കി...ഇല്ല നഷ്ടപ്പെട്ടത് തന്നെ   ഇന്നത്തെ പോലെ അന്നും ബുദ്ധി അല്പം കുറവായതിനാൽ കടയിൽ തിരികെ പോയി ഒരു ബില്ല് വാങ്ങാനൊട്ട് തോന്നിയും ഇല്ല

പിന്നെയുള്ള ആകെയുള്ള പോംവഴി സ്വതസിദ്ധമായിട്ടുള്ള കുരുട്ട് ബുദ്ധിയാണ്. അത് പ്രവർത്തിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലല്ലോ...തിരികെ ഇറ്റാമുച്ചോന്റെ പീടിക മുറ്റത്ത് നിന്നും ഒരു സിഗരറ്റ് പാക്കറ്റെടുത്ത് കീറി ...പുതിയ ഒരു രേഖ പടച്ചുണ്ടാക്കി..

എന്നാൽ യഥാർത്ഥ രേഖയും ഡ്യൂപ്ലിക്കേറ്റ് രേഖയും വേർത്തിരിച്ചറിയാൻ ടെക്നോളജി ഒന്നും ഇല്ലാത്ത കാലത്തും ആ ഒരു മിഷ്യൻ എന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ...

പുരക്ക് ചുറ്റും എത്ര ഓടിയെന്നൊന്നും അന്ന് എണ്ണാൻ പറ്റിയില്ല.....അവസാനം പിടികൊടുത്തു. എതിർക്കാൻ നിന്നില്ല ശീമകൊന്നയുടെ പത്തൽ എത്രപ്രാവശ്യം നടുമ്പുറത്ത് മേഞ്ഞുഎന്നൊന്നും എനിക്കോർമ്മയില്ല....അവസാനം ....

നിങ്ങൾ ഇപ്പോൾ കിടന്ന് ചങ്ക് പൊട്ടി അലറുന്നില്ലെ “റഫേൽ രേഖകൾ” കളവ് പോയി എന്നും കാണാനില്ല എന്നും .....

എന്നാൽ  അന്തോണിട്ടിയുടെ കടയിൽ നിന്നും കിട്ടുന്ന അഞ്ച് കിലോ കപ്പലണ്ടി പിണ്ണാക്കിന്റെ ബില്ലിന്റെ വില പോലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല...

ധന്യവാദ്......ജയ്ഹിന്ദ്


Wednesday, 9 January 2019

                                                                      പണ്ടത്തെ ഒരു ഉത്സവകാലം.....

വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്താണ് ചാലങ്ങാന്റെ അമ്പലം..

പകൽ പരിപാടികൾ എല്ലാം കഴിഞ്ഞ് രാത്രി ഒമ്പത് മണിക്ക് നാടകം ...പറഞ്ഞ് വരുന്നത് മറ്റൊന്നും അല്ല...രാത്രി നാടകത്തിനു പോകാൻ തീരുമാനം എടുത്തു.
എട്ടര ആവുമ്പോൾ പോയാ‍ൽ മതി...തീരുമാനം എടുത്തത് ഞാനും ജ്യേഷ്ടനും..പക്ഷേ അത് പാസാക്കാൻ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം..
                                                             ആരു അവതരിപ്പിക്കും , അതായിരുന്ന് അന്നത്തെ ആകെയുള്ള പ്രശ്നം..പശുവിനു പുല്ല് അരിഞ്ഞ് കേന്ദ്രത്തിന്റെ പ്രത്യേക പ്രശംസ പിടിച്ച് പറ്റാനായി നേരത്തെ തന്നെ ഒരുക്കം കൂട്ടി വച്ചതിനാൽ ചെറിയൊരു സമാധാനം ഉണ്ടായിരുന്നു.

എടാ കൊച്ചുമോനെ ...അൽപ്പം എക്കോ യോടെ ബാപ്പയിൽ നിന്നും വിളിവന്നപ്പോൾ ഒരു ഉള്ളാന്തലോടെ ..ഓ എന്നൊരു വിളി എന്റെ കണ്ഠ നാളത്തിൽ നിന്നും വന്നത് ഞാൻ തന്നെ അറിഞ്ഞില്ല. ഇത്രയും ദിവസം അങ്ങനെ ഒരു “ഓ” എന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായും എനിക്കറിയില്ല.

ബാപ്പിച്ചിയുടെ കാലു തിരുമ്മാൻ വിളിച്ചതായിരുന്നു .....വീണത് വിദ്യയാക്കുക എന്ന ലക്ഷ്യത്തോടെ തറവാട് ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് തിരുമ്മൽ ആരംഭിച്ചു.....തിരുമ്മുന്നതിനിടയിൽ തീരുമാനം അറിയിക്കുകയും ചെയ്യാം....

“തിരുമ്മുന്നതിനിടയിൽ എപ്പോഴോ എന്നിൽ നിന്നും നാടകത്തിനു പൊയ്ക്കോട്ടേ എന്നൊരു ചോദ്യം മുറിഞ്ഞ് മുറിഞ്ഞ് വീണു.

കാറ്റും കോളും വരുമെന്ന് ഭയന്ന് ഉണക്കാൻ ഇട്ടിരിക്കുന്നത് മുഴുവനും എടുത്ത് പുരക്കകത്ത് വച്ചപ്പോൾ പ്രകൃതി പറ്റിച്ചത് പോലെ ..ഉഴിഞ്ഞ് കൊണ്ടിരിക്കുന്ന കാലുകൊണ്ട് ഒരു ചവിട്ട് പ്രതീക്ഷിച്ചിരുന്ന എന്നെ നിരാശപ്പെടുത്തി കൊണ്ട് “ പൊക്കോ” എന്ന് ബാപ്പിച്ചിയിൽ നിന്നും ഉത്തരം വന്നപ്പോൾ ഞാൻ എന്നെ തന്നെ നന്നയൊന്നു പിച്ചി നോവിച്ചു.
                                                         എന്റെ പിച്ച് കൊണ്ട് ഞാൻ തന്നെ അയ്യോ എന്ന് ഉറക്കെ കരഞ്ഞ് ചാടിയെഴുന്നേറ്റു...എന്നാൽ ഗ്യാലറിയിലിരുന്ന് കളികണ്ട് കൊണ്ടിരുന്ന ജേഷ്ടൻ കരുതിയത് എനിക്ക് ചവിട്ട് കിട്ടി എന്നാണ്. തൽക്കാലം അവനെ തിരുത്താൻ നിൽക്കാതെ നാടകത്തിനു പോകാനുള്ള തയ്യാറെടുപ്പ് തുടർന്നു. മൂന്ന് ഉരുള ഒരു ഉരുളയാക്കി ഭക്ഷണം അണ്ണാക്കിലേക്ക് തള്ളിയിറക്കി ഒരുവിധം അമ്പലത്തിലേക്ക് വച്ചടിച്ചു..

ഞാനും ജേഷ്ടനും പിന്നെ തൊട്ട് പടിഞ്ഞാറേലുള്ള മുത്താപ്പയുടെ മകൻ കുഞ്ഞുമുഹമ്മദിക്കയും..

നാടകം കഴിഞ്ഞു ഞങ്ങൾ  ചുക്ക് കാപ്പി കുടിക്കാനായി   മൂന്ന് പേരും തൊട്ടടുത്തുള്ള ഒരു കടയിൽ കയറി...ചുക്ക് കാപ്പിയുടെ ചൂടും എരുവും ഒക്കെ കാരണം ഊതി ഊതി കുടിക്കുന്നതിനിടയിൽ ജേഷ്ടനെ കാണുന്നില്ല...കൂട്ടം തെറ്റി....ജലി എവിടെ എന്ന് കുഞ്ഞുമുഹമ്മദിക്കായുടെ ചോദ്യം എന്നെ വീണ്ടും ആശയകുഴപ്പത്തിൽ ആക്കി...

“ ആൾടെ ചോദ്യം കേട്ടാൽ തോന്നും ജലിയെ (ജേഷ്ടൻ ) ഞാൻ എടുത്തു എന്ന്...

പെട്ടെന്ന് എന്തോ ഓർത്തത് പോലെ കുഞ്ഞുമുഹമ്മദിക്കാ നേരെ സ്റ്റേജിന്റെ അരീകിലേക്ക് ചെന്നു...

“പിന്നെ മൈക്കിൽ നിന്നും കേട്ടത് ഇങ്ങനെ “ പൈങ്ങോട്ടിൽ നിന്നും വന്ന ജമീലയേയും കാത്ത് കുഞ്ഞമ്മു സ്റ്റേജിന്റെ പുറകിൽ കാത്ത് നിൽക്കുന്നു”

ജലീലിനെ ജമീലയായും കുഞ്ഞുമുഹമ്മദിനെ കുഞ്ഞമ്മുവായും മൈക്ക് സെറ്റ് കാരൻ മാറ്റിയത് ഞാനും നാട്ടുകാരോ അറിഞ്ഞില്ല...

അനൌൺസ്മെന്റ് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ ദാണേ വരുന്നു ജലീൽ...തൊട്ട് പിന്നാലെ കുഞ്ഞുമുഹമ്മദിക്കയും വരുന്നു...

ഏതാണു ഇക്ക നമ്മുടെ പൈങ്ങോട്ടിൽ നിന്നും വന്ന ജമീല ? ജേഷ്ടൻ കുഞ്ഞുമുഹമ്മദിക്കാനോട് ചോദിച്ചപ്പോൾ കുഞ്ഞുമുഹമ്മദിക്ക അൽപ്പം ചൂടായിട്ട് തന്നെ പറഞ്ഞു

“എടാ ജലി അത് ജമീലയല്ല നിന്നെ ആണു കാണാനില്ല എന്ന് പറയുന്നത് വേഗം ചെല്ല് , “ കേട്ട പാതി കേൾക്കാത്ത പാതി ജലി സ്റ്റേജിനരികിലേക് ഓടി പോകുന്ന പോക്കിൽ സ്വയം ഒരു ചോദ്യം എന്നെ കാണാതെ പോവുകയോ അതെപ്പോൾ...?

അല്ല ഇക്കാ ജലിയെ കണ്ടില്ലെ പിന്നെ എന്തിനാ സ്റ്റേജിനരികിലേക്ക് വിട്ടത് ?

ഞാൻ കുഞ്ഞുമുഹമ്മദിക്കാനോട് ചോദിച്ചപ്പോൾ  അയ്യോ അത് ശരിയാണല്ലോ എന്ന് പറഞ്ഞ് കുഞ്ഞുമ്മുക്കയും ഓടി...

ഓടിപോയ രണ്ടാളേം കാത്ത് ഞാൻ നിൽക്കുമ്പോൾ ..ഞാൻ എന്നോട് തന്നെ ചോദിച്ചു ...

“പടച്ചോനെ ഇനി എന്നെ കാണാതെ പോകുമോ ആവോ?”

Monday, 7 January 2019

                                                                                                                  ഒരു ഞായറാഴ്ച.....
സൂക്ഷിച്ചില്ലേൽ എന്റെ ജീവിതത്തിന്റെ തന്നെ ചരിത്രം വഴിമാറാൻ ഉതകുന്ന ഒരു ഞായറാഴ്ച....
പൊതുവേ ലീവ് ആയതിനാലും തലേന്ന് നേരം വൈകി കിടന്നതിനാലും ...ഉറക്കം പത്ത് മണിവരെ നീണ്ടത് വാച്ച് പോലും അറിഞ്ഞില്ല.....എഴുന്നേറ്റ് പതിവ് ചര്യകളൊക്കെ കഴിഞ്ഞ് ചായയും മോന്തി ഇരിക്കുകയായിരുന്നു....

                                                                     വാതിൽ കിര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര് എന്ന് ഒരു ശബ്ദം ഉണ്ടാക്കി മെല്ലെ തുറന്നു...അതിന്റെ തുടർച്ചയെന്നോണം വാതിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് ബാബു ....അവന്റെ തൊട്ട് പിന്നിലായി ബ്ലാക്ക് കാറ്റ് കമാണ്ടോയെ അനുസ്മരിപ്പിക്കുമാറ് “പാസ്റ്റർ“....

മൂട്ടിൽ തീ പിടിച്ചപൊലെ തറയിലിരുന്ന് ചായ മൊത്തി കുടിച്ച് കൊണ്ടിരുന്ന ഞാൻ ചാടി എഴുന്നേറ്റു...

Tuesday, 1 January 2019

                            “ഇക്കാ....ആ വേപ്പിൽ നിന്ന് കുറച്ച് വേപ്പില പറിച്ച് തന്നേ.....

രാവിലെ കുളിക്കാൻ വെള്ളംചൂടാക്കി തന്നതിന്റെ പ്രത്യുപകാരമെന്നോണം..പ്രിയതമയുടെ സ്നേഹത്തോടെ ഉള്ള ആജ്ഞാപനം .

എന്തോ അബൂദാബിയിൽ ഉള്ള കാലം മുതലേ ഉള്ള ശീലം ആയിരുന്നു ചൂടുവെള്ളത്തിൽ കുളിക്കുകയെന്നത്....അൽപ്പം സുഖം ഉള്ള ഒരു ശീലമായതിനാൽ അത് നിർത്താനും പോയില്ല.

                                                              വടക്കേ കോലായിൽ നിന്ന് കുളിച്ച് കൊണ്ടിരുന്ന ഞാൻ സോപ്പ് തേക്കുന്ന നേരത്തായിരുന്നു വേപ്പിലക്കുള്ള ഓർഡർ വന്നത്....വേപ്പില പറിച്ച് കൊടുത്ത് ഒരു സോപ്പ് കൂടി ഇടാം എന്ന് കരുതി...സോപ്പ് പതയോടെ വേപ്പിൻ തയ്യുടെ അരികിലേക്ക് നടന്നടുത്തു...
                                           
                                                                തിളച്ച് മറിയുന്ന വെളിച്ചെണ്ണയിലേക്ക് കടുക് ഇടുന്ന ശബ്ദവും അത് പൊട്ടുന്ന ശബ്ദവും കേട്ടപ്പോൾ വേപ്പില പറിക്കാൻ പോയത് എത്ര നന്നായെന്ന് തോന്നിയത് തികച്ചും ആകസ്മികം...

“നീ പറയുമ്പോഴേക്കും വേപ്പില പറിക്കാനും ഒക്കെ തയ്യാറാവുന്ന ഒരു ഭർത്താവിനെ കിട്ടിയതിൽ ഇപ്പോൾ നീ അഭിമാനിക്കുന്നുണ്ടാവും ല്ലേ”...ഓലമടൽ വലിച്ച് കൊണ്ട് വരുന്നത് പോലെ വേപ്പില തണ്ട് അവളുടെ കയ്യിൽ കൊണ്ടുക്കുമ്പോൾ ......ഭർത്താവിലെ കാമുകൻ പുറത്ത് വന്നത് അറിഞ്ഞില്ല

“നാണത്തോടെ മുഖം തുടുത്ത് കാൽ വിരൽ കൊണ്ട് തറയിൽ വൃത്തം വരക്കും അവളെന്ന് കരുതിയ എന്നെ വേണം ആദ്യം തൊഴിക്കാൻ”

കഴുകിയെടുത്ത വേപ്പില തിളച്ച് മറിയുന്ന എണ്ണയിലേക്ക് ശക്തമായി വലിച്ചെറിഞ്ഞപ്പോൾ ഉൽഭവിച്ച ശബ്ദം എന്തിനുള്ള മറുപടിയാണെന്ന് എനിക്കറിയില്ല....

പെട്ടെന്ന് കുളി അവസാനിപ്പിച്ച് മരത്തിൽ ഇരുന്ന് മരംകൊത്തി നോക്കുന്നത് പോലെ അവളെ ഒന്ന് നോക്കിയിട്ട്   കുളികഴിഞ്ഞിറങ്ങിയ ഞാൻ ഒന്നൂടെ സോപ്പിടാനായി അവളോട് പറഞ്ഞു...

“മോളെ എന്നെ പോലുള്ള ഒരു ഭർത്താവിനെ കിട്ടിയതിൽ നീ അഭിമാനിക്കണം അല്ലെങ്കിൽ നീ പെട്ടു പോയേനെ”...

“ഉം പള്ളീൽ പോയി പറഞ്ഞാൽ മതി ....പറയുമ്പ പറയുമ്പ വെള്ളം ചൂടാക്കി തരാനും മറ്റും ....ഞാൻ ഇല്ലെങ്കിൽ കാണാമായിരുന്നു....എന്നെ കെട്ടിയില്ലായിരുന്നെങ്കിൽ മോൻ പെട്ടുപോയേനെ”....

ഉറഞ്ഞ് തുള്ളി അവളുടെ മറുപടിയിൽ...ഒന്ന് ചൂളിയെങ്കിലും....ചെറിയൊരു മറുപടിയിൽ ഞാൻ സ്വയം തണുത്തു...

“എട്യേയ്.....നിന്നെ കല്യാണം കഴിച്ചപ്പോഴാ ഞാൻ പെട്ടു പോയത്”....

പിന്നെ ഞാൻ അവിടെ നിന്നില്ല....എനിക്കും ജീവിക്കേണ്ടെ..?