Friday, 15 January 2016

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...42

പുതിയ റൂം കയറിയ പാടെ കയ്യിലുള്ള ബാഗ് ഒരു സൈഡില്‍ വച്ചു....കാണാതെ തന്നെ റൂമിലെ അന്തേവാസികളെ പരിചയപ്പെട്ടു....ഉസ്മാന്‍ ....കണ്ണൂരുള്ള ഉസ്മാന്‍ ..അത്സലാമ ഹോസ്പിറ്റലില്‍ ജോലിചെയ്യുന്നു....രണ്ടാമന്‍ അവനും ഉസ്മാന്‍ മതിലകം നിവാസി....മൂന്നാമന്‍ നാസറിക്ക....അതെ ഇവനാണു താരം ഞാന്‍ അന്വേഷിച്ച് കൊണ്ടിരുന്ന എന്‍റെ കമ്പനിയിലുള്ള ആള്‍.....

Thursday, 14 January 2016

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...41



പത്ത് കിലോയുടെ മുബാറക്ക് റൈസ് പാക്ക് ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ഓഫീസില്‍ നിന്നും ഒരു ഫോണ്‍ വന്നത്...

ഹലോ....എന്ന് പറഞ്ഞപ്പോഴേക്കും മറുതലക്കല്‍ കാദര്‍ക്കാടെ സ്വരം കേട്ടു....ലക്ഷക്കണക്കിനു ആട്ടിന്‍ കൂട്ടങ്ങളുണ്ടായാലും അതിനിടയില്‍ ഒരു നായുടെ ശബ്ദം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് പറഞ്ഞത് പോലെയാ കാദര്‍ക്കാടെ ശബ്ദം...
കാദര്‍ക്ക....എന്നാല്‍ ഒരു ഒന്നൊന്നരകാദര്‍ക്ക വരും....മാവിന്‍റെ തളിര്‍ തിന്നതിലാണോ എന്നറിയില്ല കാദര്‍ക്കാടെ ശബ്ദം കുയിലിനേക്കാള്‍ മൃദുലമായിരുന്നു...പക്ഷേ ആ മൃദുലത അല്‍പ്പം കഠോരവും ആയതിനാല്‍ കേള്‍ക്കുന്നവനു പ്രാന്ത് പിടിക്കും എന്ന് മാത്രം...

ഒരേ കമ്പനിയില്‍ ആണു ജോലി നോക്കുന്നതെങ്കിലും കാദര്‍ക്കാനെ പരിചയപ്പെടുന്നത്...ഒരു പ്രത്യേക സാഹചര്യത്തിലാണ്...സ്മോക്കേഴ്സ് സെന്‍റെറിന്‍റെ പിന്‍വശത്തുള്ള ബില്‍ഡിങ്ങില്‍ താമസിക്കാന്‍ ചെന്നപ്പോഴായിരുന്നു...

ഒമ്പതാം നിലയില്‍ 902 റൂം നമ്പറില്‍ .....താമസിക്കാന്‍ ചെല്ലുമ്പോള്‍...ജോലിക്ക് ചെല്ലുമ്പോള്‍ പോലും ഇങ്ങനെ ഒരു ഇന്‍റര്‍വ്യൂ ഉണ്ടായിട്ടില്ല....

എവിടെയാ ജോലി.....?  ഒരാളുടെ വക..

അബൂദാബി നാഷണല്‍ ഫുഡ് സ്റ്റഫില്‍....

അടുത്തയാള്‍...എന്ത ജോലിയാ...?

മിഷ്യന്‍ ഓപ്പറേറ്ററാ...

അതേയോ ....

ഉം...

കാദര്‍ക്കാനെ അറിയോ...?

ആ പേര്‍ കേട്ടപ്പോള്‍ പണ്ട് ചിരിയോ ചിരി എന്ന സിനിമയില്‍ ബാലചന്ദ്രമേനോന്‍ അബ്ദുറസ്സാക്ക് എന്ന പേരു കേള്‍ക്കുമ്പോള്‍ ഞെട്ടുന്നത് പോലെ ഞാന്‍ ഒന്ന് ഞെട്ടി...ഇതാരാപ്പാ ഈ കാദര്‍ക്ക....കൊമ്പന്‍ മീശ , മൊട്ടത്തല , മുഖമാകേ വസൂരി കല എന്നിങ്ങനെ കുറെ ഉദാഹരണങ്ങള്‍ ഉള്ളില്‍ ഓടി മറഞ്ഞു...

പിന്നെ നാസറിക്കാനേ അറിയുമോ...?

ദാരാപ്പാ ഈ നാസര്‍ക്ക....തലയില്‍ പിന്നേം ചോദ്യങ്ങള്‍ പെരുകി കളിച്ചു...

ഇവരെയൊന്നും ഞാന്‍ അറിയില്ല....എന്നോട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളെ രണ്ട് പേരേയും ഞാന്‍ അറിയും....

അതെങ്ങനെ...?

അതൊക്കെ അറിയാം നീ സലാം അല്ലെ....മലപ്പുറത്തുള്ള കൊപ്രസലാം....

ഹ ഹ ഹ ഇതെങ്ങനെ ഇവനറിയാം എന്നമട്ടില്‍ കൊപ്രസലാം ചിരിതുടങ്ങി....വാപ്പാക്ക് നാളികേരം വെട്ടി കൊപ്രയാക്കി വില്‍ക്കുന്ന ജോലിയുള്ളതിനാല്‍ ....ബാപ്പാടെ പാരമ്പര്യം നിലനിര്‍ത്താല്‍ സലാം കൊപ്ര സലാം ആയി....

നിന്നേയും ഞാന്‍ അറിയും  നീ മുബാറക്ക് . ഇപ്പോള്‍ അര്‍ബിഫ്റ്റ് ബാങ്കില്‍ ജോലി ചെയ്യുന്നു...നീയും സലാമും ആദ്യം അല്‍സലാമ ഹോസ്പിറ്റലില്‍ ഓഫീസ് ബോയി ആയി ജോലി നോക്കിയിരുന്നവരല്ലെ...?

അതെ .....

ഞാന്‍ അവിടെ ജോലി ചെയ്തിരുന്ന ലാബ് ടെക്നീഷ്യന്‍ സുള്‍ഫിക്കറിന്‍റെ ജേഷ്ഠന്‍ ആകുന്നു....

പരമശിവന്‍റെ കാല്‍ക്കല്‍ വീഴുന്ന ഭൂതഗണങ്ങളേ പോലെ സലാമും മുബാറക്കും എന്‍റെ കാല്‍ക്കല്‍...എന്നിട്ട് അലറി വിളിച്ചു....

“നിന്നെ റൂമിലേക്ക് എടുത്തിരിക്കുന്നു...എടുത്തിരിക്കുന്നു....“

വലത് കാല്‍ വച്ച് ഫ്ലാറ്റിലേക്ക് കയറുമ്പോള്‍ എനിക്ക് അപരിചിതരായ എന്‍റെ കമ്പനിയില്‍ ജോലി ചെയ്യുന്ന കാദര്‍ക്കാനേയും നാസറിക്കാനേയും കുറിച്ചറിയാനുള്ള ഒരു വ്യഗ്രത എന്നില്‍ നിറയുകയായിരുന്നു........
...............................................................തുടരും


Wednesday, 13 January 2016


എടാ കൊച്ചുമോനെ  നീ  ആ  വട്ടത്തറയില്‍  പോയി  മുപ്പത്  മുടി  കയര്‍  വാങ്ങികൊണ്ട്  വായോ  ....എന്ന് ബാപ്പിച്ചി  പറയുമ്പോള്‍ ....


വട്ടത്തറ കറപ്പാപ്പന്‍റെ വീട്ടില്‍ നിന്നും മുപ്പത് മുടി കയറ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തന്നെ അറിയാം ..തൊട്ടടുത്ത ഞായറാഴ്ച കോരന്‍ തെങ്ങ് കയറാന്‍ വരും എന്ന്....
കയര്‍ വാങ്ങാന്‍ പോകാന്‍ ഒരു പ്രത്യേക ഉത്സാഹം ആണെങ്കിലും തെങ്ങ് കയറ്റം എന്ന് പറഞ്ഞാല്‍ ഇത്രയും ദേഷ്യം വേറൊന്നിനും ഇല്ല...

പിന്നെ ഒന്നും നോക്കിയില്ല നേരെ വട്ടത്തറയിലേക്ക്....ആ പഴയ വീടിന്‍റെ തെക്കേ ചാച്ചിറക്കില്‍ ആണ് അപ്പാപ്പന്‍റെ റാട്ട്     പുര....

കയര്‍ വാങ്ങുക മാത്രമല്ല അവിടെ പോയാല്‍ ....കയര്‍ പിരിക്കുന്ന സൂത്രവും കാണാം...

മരം കൊണ്ടുണ്ടാക്കിയ ഒരു യന്ത്രം താഴേ രണ്ട് മരത്തില്‍ പിടിപ്പിച്ചിരിക്കുന്നു. മൂന്ന് മരം കൊണ്ടുണ്ടാക്കിയ ചക്രവും . ആവശ്യത്തിനു മുന്നോട്ട് തള്ളുവാന്‍ സൌകര്യപ്രദമായി ഒരുക്കിയിരിക്കുന്നു...മുകളിലേക്ക് ഉള്ള മരത്തില്‍ സൂര്യനെപ്പോലെ പട്ടിക അടിച്ചുണ്ടാക്കിയിട്ട് അതിലൂടെ കയര്‍ വട്ടം ചുറ്റി        
അതിന്‍റെ മറ്റൊരറ്റം തിരിയുന്ന വേറൊരു ചെറിയ ചക്രത്തിലേക്ക് കയര്‍ കോര്‍ത്തിരിക്കുന്നു...

ബട്ടന്‍സ്  പൊട്ടിപ്പോയ  ട്രൌസര്‍  വലിച്ചു  മേല്‍പ്പോട്ടു  കയറ്റി  കരപ്പാപ്പന്‍  കയര്‍  പിരിക്കുന്നത്  കുറെ  നേരം  നോക്കി  നില്‍ക്കും  ...ചകിരി ചോറും പൂഴിമണ്ണും  കലര്‍ന്ന  മുറ്റത്ത്  ചാടി ഓടിക്കളിക്കാനും  നല്ല  രസം  ആയിരുന്നു  ...
റാട്ട്  യന്ത്രത്തിന്‍റെ  നടുവിലൂടെ പിടിപ്പിച്ചിരിക്കുന്ന  വളഞ്ഞിരിക്കുന്ന  കമ്പിയില്‍  പിടിച്ചു  തിരിക്കുമ്പോള്‍  വലിയ  ചക്രത്തില്‍  പിടിപ്പിച്ചിരിക്കുന്ന  കയര്‍  തിരിഞ്ഞു  ചെറിയ  ചക്രത്തെയും തിരിക്കുന്നു...ചെറുതില്‍  പിടിപ്പിച്ചിരിക്കുന്ന  നീളത്തിലുള്ള  കൊളുത്തുള്ള  ചെറിയ  ഒരു  കമ്പിയില്‍  അടുത്ത  വീട്ടിലെ ചേച്ചി  ചകിരി  പിടിപ്പിക്കും ...ചകിരിയുടെ  ഒരു  വലിയ  കെട്ടു ഒരുങ്ങാത്ത  കക്ഷത്തില്‍  വക്കും    എന്നിട്ട്  കുറേശ്ശെ  കുറേശ്ശെ  ആയി  വിട്ടു കൊടുത്തു  കൊണ്ട്  പിന്നോട്ട്  നടക്കും  ......

പൊക്കിളിനു താഴെയും  മുട്ടിനുമുകളിലും  ആയി  മുണ്ട്  ഉടുത്  അപ്പാപ്പന്‍  റാട്ട്  തിരിക്കുന്നത്  കൌതുകത്തോടെ  നോക്കി നില്‍ക്കും  തിരിയുന്ന കമ്പിയില്‍ ജനിച്ചു  വരുന്ന  കയര്‍ ....ഇടക്ക്  റാട്ടില്‍  നിന്ന്  പുറപ്പെടുന്ന  ശബ്ദം ...നീളത്തില്‍  ഉണ്ടാകുന്ന  കയറിനെ  കൈമുട്ടില്‍ ഇട്ടു  വട്ടം  കറക്കി  മുടികളായ് മടക്കി  എടുക്കുന്നു ......


Saturday, 9 January 2016

ഇരുളിനെ കീറിമുറിച്ച് കൊണ്ട് ചിലവണ്ടികള്‍ ചീറിപ്പാഞ്ഞ് പോകുന്നുണ്ടെങ്കിലും മുന്നിലെ റോഡ് കാണാന്‍ അയാള്‍ നന്നേ പാടുപെടേണ്ടി വന്നു..
ഒരുപാട് രാത്രിയായിരിക്കുന്നു ..അയാള്‍ നടത്തത്തിനു വേഗതകൂട്ടി...

പലപ്പോഴും ചിന്തിക്കുന്ന കാര്യം ആണ് ഇനി ഇങ്ങനെ നടന്നാല്‍ ശരിയാകില്ല.
അച്ഛനു   തുണയാകേണ്ടവനാണു താന്‍, അമ്മയെ കണ്ട ഓര്‍മ്മ തനിക്കില്ല .അച്ഛന്‍ എപ്പോള്‍ ജോലി കഴിഞ്ഞ് വരുന്നതെന്ന് അന്വേഷിക്കാറും ഇല്ല .  ചീട്ട് കളിയും കുടിയും നിര്‍ത്തണം ...ചിന്തകള്‍ കാടുകയറിയപ്പോള്‍ ..

“എന്തിലോ തട്ടി താഴേ വീണു..റോഡില്‍ നനവ് ഉണ്ട് . പെട്ടെന്ന് ഒരു ഞരക്കം കേട്ട് പിന്‍തിരിഞ്ഞപ്പോഴേക്കും കാലില്‍ ആരോ പിടിച്ചു..ശരിരമാകെ ഭയം കയറി , ചെറിയൊരു വിറയല്‍ ശരീരത്തെ ബാധിച്ചു. കാലില്‍ പിടിച്ച കൈകളെ വിടുവിച്ച് ഇരുളിലേക്കയാള്‍ ഓടി മറഞ്ഞു...“

വീട്ടിലെത്തി കൈകാല്‍ കഴുകുമ്പോള്‍ അരണ്ടവെളിച്ചത്തില്‍ അയാള്‍ കണ്ടു ശരീരത്തിന്‍റെ പലസ്ഥലങ്ങളില്‍ രക്തം പറ്റിപ്പിടിച്ചിരിക്കുന്നു...ദൈവമേ ...അറിയാതെ വിളിച്ച് പോയി.....

“മാധവാ “ മാധവാ ...ആരോവിളിക്കുന്നത് കേട്ടാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത്...ഉറക്കച്ചടവോടെ കണ്ണും തിരുമ്മി ഉമ്മറത്തേക്ക് വന്നപ്പോള്‍ മുറ്റത്തൊരാള്‍ക്കൂട്ടം....

“മാധവാ അച്ഛന്‍....

അച്ഛന്....?

ആക്സിഡന്‍റ് ആയിരുന്നു...വണ്ടി നിര്‍ത്താതെ പോയെന്നാ തോന്നുന്നത് . രക്തം വാര്‍ന്ന് പോയാണു മരിച്ചത്...ആരെങ്കിലും കണ്ടിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു.....

അയാള്‍ അകത്തേക്കോടി കയറി അച്ഛന്‍റെ കട്ടിലിലേക്ക് ഒന്നേ നോക്കിയുള്ളു ...അച്ഛന്‍റെ കട്ടില്‍ ശൂന്യം.....

“തലയില്‍ കയ്യും വച്ച് അയാള്‍ അവിടെ തന്നെ ഇരുന്നു പോയി...ഇന്നലെ രാത്രി തന്‍റെ കാലില്‍ കയറിപ്പിടിച്ചിരുന്നത് അച്ഛനായിരുന്നോ...?

“അച്ഛാ മാപ്പ്”.......