Friday, 28 February 2014

ചില നേരമ്പോക്കുകള്‍......32

ലോകത്തിലെ ആദ്യത്തെ സര്‍ജറി എതായിരുന്നു എന്നറിയോ ഡോക്ടര്‍..?

ഇല്ല...

ആദാമിന്റെ വാരിയെല്ലെടുത്ത് ഹവ്വക്ക് ഫിറ്റ്ചെയ്ത് കൊടുത്തത്..
ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്....

എടാ സിയാദേ അമേരിക്ക കണ്ടുപിടിച്ചത് ആരാടാ....?

മകന്റെ ജനറല്‍ നോളേജ് ഒന്ന് ടെസ്റ്റ് ചെയ്തു നോക്കിയതാണ്...
അവന്റെ ഉത്തരം കേട്ടപ്പോള്‍ അത് വേണ്ടായിരുന്നു തോന്നി...

“ബാപ്പിച്ചി ഇതിനിടക്ക് അമേരിക്ക കാണാതെ പോയോ..കഷ്ടം ഈ ഒബാമക്ക് ഒരു ശ്രദ്ധയും ഇല്ല”
ചില നേരമ്പോക്കുകള്‍.......31

ലൈന്‍ പൊട്ടിയെടാ....വിഷമം താങ്ങാന്‍ കഴിയുന്നില്ല...
ആകെ ടെന്‍ഷന്‍,പഠിക്കാനും കഴിയുന്നില്ല..

അതേയോ..? എങ്ങനെ..?  ഒന്ന് ഫോണില്‍ സംസാരിക്കഞ്ഞില്ലെ..?

കുറെ വിളിച്ചു ..ഫോണെടുക്കുന്നില്ല...ഒന്നൂടെ വിളിച്ച് നോക്കാം ല്ലെ..

അതെ വിളിക്ക് അല്ലേല്‍ അവളെന്ത് വിചാരിക്കും..

അവളെന്ത് വിചാരിക്കാന്‍...ലൈന്‍ കമ്പി പൊട്ടിയിട്ട് വീട്ടില്‍ കറണ്ടില്ലാത്ത കാര്യമാണു ഞാന്‍ പറഞ്ഞത്...
സുള്‍ഫിക്കര്‍ പി സലാം.....

കൊള്ളക്കാരുടെ പേരു പോലുള്ള ഒരു മനുഷ്യന്‍.....കണ്ടാലും അങ്ങനെ തന്നെ ഒറ്റനോട്ടത്തില്‍...ജയന്റെ സിനിമയില്‍ വില്ലനായി വരുന്ന സിലോണ്‍ മനോഹറിനെ അനുസ്മരിപ്പിക്കുന്നു....

എങ്കിലും ആളുടെ ചിരി എടുത്ത് പറയേണ്ടത് തന്നെയാകുന്നു...
സുല്‍ഫിക്കറിനെ ഞാന്‍ ആദ്യം കാണുകയാണു....റ്റാരിയും ആദ്യം കാണുകയാണ്....എന്നാല്‍ സ്നേഹപ്രകടനങ്ങള്‍....ആദ്യത്തേത് ആണെന്ന് ആ കൂടിക്കാഴ്ച കാണുന്നവര്‍ പറയുകയില്ല....

വളരെ മുന്നെ പരിചയമുള്ള ആളുകള്‍ തമ്മില്‍ സംസാരിക്കുന്നത് പോലെ തന്നെയായിരുന്നു ഞങ്ങള്‍ മൂന്ന് പേരുടേയും പെരുമാറ്റം..

റ്റാരിയും സുള്‍ഫിക്കറും ഉമ്മറക്കോലായില്‍ കയറിയിരിക്കുമ്പോഴേക്കും ഞാന്‍ കൈ കഴുകി [ മീന്‍ നന്നാ‍ക്കുകയായിരുന്നല്ലോ ഞാന്‍ ] വന്നു.

റ്റാരിക്കും സുള്‍ഫിക്കറിനും സര്‍ബത്തും എനിക്ക് സുലൈമാനിയും കിട്ടി ആ സമയത്ത് ....
സുള്‍ഫിക്കറിനു സര്‍ബത്ത് കൊടുത്തത് മാത്രമേ എല്ലാര്‍ക്കും ഓര്‍മ്മയുള്ളു...ആ ഒരു ഗ്ലാസ് സര്‍ബത്ത് കാലിയാക്കാന്‍ സുള്‍ഫിക്കര്‍ എടുത്ത സമയം ഒന്നേമുക്കാല്‍ സെക്കന്റ്റ്....
ഒരു നിമിഷം ഞാന്‍ വീട്ടിലെ കൃഷിക്ക് നനക്കുന്ന മോട്ടോറിനെ ഓര്‍ത്ത് പോയി...അതിന്റ്റെ   “ഫുട്ട് വാല്‍ വ്“   ലീക്ക് ആണു അതില്‍ എത്ര വെള്ളം ഒഴിച്ചാലും കാണില്ല....
കുറച്ച് നേരത്തെ നര്‍മ്മ സംഭാഷണങ്ങള്‍ക്കൊടുവില്‍ സുള്‍ഫിക്കര്‍ യാത്രപറഞ്ഞിറങ്ങി...
വരാനിരിക്കുന്ന ഒരു കൊടുങ്കാറ്റിനു മുന്നോടിയാണു ആ യാത്ര പറച്ചിലെന്ന് ആരും കരുതിയില്ല...

വൈകിയിട്ട് ഷാജി ക്കായുടെ വീട്ടില്‍ പോകുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഞാനും വരാം എന്ന് പറഞ്ഞ് സുള്‍ഫിക്കര്‍ തല്‍ക്കാലത്തേക്ക് വിടപറഞ്ഞു...

                                                                      ഏകദേശം 11.57 ആയപ്പോള്‍ മുനീര്‍ പുത്തഞ്ചിറയുടെ രംഗപ്രവേശം...മുനീറും പത്നിയും പിന്നെ ഒരു ചെറിയ സുന്ദരകുട്ടനും.......ആ കഥ അടുത്ത ഭാഗത്തില്‍....

Thursday, 27 February 2014

ചില നേരമ്പോക്കുകള്‍.......30

സ്റ്റുഡിയോവില്‍ ചെന്നിട്ട്...

ഒരു ഫോട്ടോ എടുക്കണം...തലമുതല്‍ ചെരുപ്പ് വരേയും കിട്ടണം..

ശരി...ഏത് സൈസാ....

പാസ്പോര്‍ട്ട് സൈസ്..

ശരി ചെരുപ്പെട്ത്ത് തലയില്‍ വച്ച് അവിടെ ഇരുന്നോളൂ....
ചില നേരമ്പോക്കുകള്‍......29

മനിക്കുന്ന നേരത്ത് എന്റെ അച്ഛന്‍ മരിച്ചത് പോലെ ഉറക്കത്തില്‍ മരിക്കണം...

അല്ലാതെ കാറികൂവി മരിക്കരുത്...

ആരാണു ഇപ്പോള്‍ കാറിക്കൂവി മരിച്ചത്...?

എന്റെ അച്ഛന്‍ ഓടിച്ചിരുന്ന ബസ്സിലെ യാത്രക്കാര്‍...
ശ്ശൊ ഈ മക്കള്‍ടേ ഓരോ കാര്യങ്ങളേയ്...


ബാപ്പാ ദുഖം വന്നാല്‍ കരഞ്ഞ് തീര്‍ക്കണം ...

അതെന്താ മോനെ.....

കണ്ണുനീരിനെ ഒരിക്കലും തടഞ്ഞ് വെക്കരുത്...

ചിലസമയം മക്കള്‍ടെ ഉപദേശവും നല്ലതാകും അതിനാല്‍ അവനോടു കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി വീണ്ടും ചോദിച്ചു..

തടഞ്ഞ് വച്ചാലോ...?

“കെട്ടിനില്‍ക്കുന്ന വെള്ളത്തിലാ കൊതുകുകള്‍ മുട്ടയിടുന്നതെന്ന് ടീച്ചര്‍ പറഞ്ഞു“.
ചില നേരമ്പോക്കുകള്‍......28

ചിക്കന്‍ ഗുനിയയും ചപ്പാത്തിയും തമ്മിലുള്ള വ്യത്യാസം എന്ത്..?

ഉത്തരം..:...ചിക്കന്‍ ഗുനിയ കൊതുകു പരത്തുന്നു...
                       
                        ചപ്പാത്തി നമ്മള്‍ തന്നെ പരത്തണം...
ശ്ശൊ ഈ മക്കള്‍ടെ ഓരോ കാര്യങ്ങളേയ്...

എടാ സായ്ദേ ബിട്ടീഷുകാര്‍ നമ്മോട് ചെയ്ത ചതി എന്താണ്...?

മകനു ദേശസ്നേഹം വന്നോട്ടെ എന്ന് കരുതി ചോദിച്ചതാ....അത് അതിലും വലിയ പുലിവാലായി...അവന്റെ ഉത്തരം കേട്ട് കുടിച്ച്കൊണ്ടിരുന്ന ചായ ശിരസ്സില്‍ കയറി...

“ ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ അവരുടെ ഭാഷ ഇവിടെ ഇട്ടിട്ടു പോയി”..
പിറ്റേന്ന് രാവിലെ പതിവുപോലെ നേരം വെളുത്തു......

ഞാനും എന്റെ കുടുമ്പവും നേരത്തെ തന്നെ എഴുന്നേറ്റു....

റ്റാരിക്കും തെച്ചിക്കും നേരം വെളുക്കുവാന്‍ ചുവരിലെ ഘടികാരത്തിലെ സൂചി പിന്നേയും മണിക്കൂറുകളോളം തിരിയേണ്ടിവന്നു....

ഏകദേശം എട്ടുമണിയായപ്പോള്‍ റ്റാരിക്ക് നേരം വെളുത്തു..പിന്നെ എല്ലാവരും കൂടി പറമ്പില്‍ ഒക്കെ ഒന്ന് ഇറങ്ങി നടന്നു..

മക്കളെ മദ്രസയില്‍ പറഞ്ഞയച്ചിട്ട് ഞാനും എന്റെ ഭാര്യയും കൂടി മീന്‍ വാങ്ങുന്നതിനായി പോയി ..

റ്റാരിയോടും തെച്ചിയോടും ഫ്രഷായിരിക്കാന്‍ പറഞ്ഞിട്ട് ഞങ്ങള്‍ പോയി....

                                                                       ഞങ്ങള്‍ തിരിച്ച് വന്നപ്പോള്‍ രണ്ടാളും റെഡിയായി ഇരിപ്പുണ്ട്.....
എന്നാല്‍ മരണത്തെ മുഖാമുഖം കണ്ടിട്ടാണു റ്റാരി ഇരിക്കുന്നത് എന്ന് ഏകദേശം നാലരയായപ്പോള്‍ ആണു എനിക്ക് മനസ്സിലായത്..

ആദ്യം ആ കഥപറയാം...ഞങ്ങള്‍ പുറത്ത് പോയപ്പോള്‍  റ്റാരി ഡ്രസ്സ് ഇസ്തിരി ഇടുവാനായി അവിടെ കേടായ ഒരു അയേണ്‍ ബൊക്സ് ഉണ്ടായിരുന്നു....
അത് പ്ലഗ്ഗില്‍ കുത്തിയാല്‍ കറണ്ട് പിടിക്കും ഇതൊന്നും അറിയാതെ റ്റാരി അതെടുത്ത് യൂസു ചെയ്തു.....
എന്റെ ഭാഗ്യത്തിനോ അതോ ആ തെച്ചിയുടെ ഭാഗ്യത്തിനോ....എന്തോ എല്ലാവരേയും നിരാശപ്പെടുത്തികൊണ്ട് യാതൊന്നും സംഭവിച്ചില്ല...
                                                           ആ അയേണ്‍ ബോക്സിന്റെ കഥ ഞാന്‍ പറഞ്ഞപ്പോള്‍ റ്റാരി ഒന്ന് ഞെട്ടി....
                                                           രാവിലെ 9.16 ആയപ്പോള്‍ ഒരു ഫോണ്‍ കോള്‍ ....
ഹലോ ...
ഷഫീര്‍ ഭായി അല്ലെ....

അതെ ആരാണു......പ്രതിയോഗ്ഗ് ആരെന്ന് പറയുന്നില്ല

ഷഫീര്‍ ഭായ് ഞാന്‍ നിങ്ങടെ ഷോപ്പിന്റെ അടുത്തുണ്ട്.....

സോറി ഞാന്‍ ഷോപ്പില്‍ ഇല്ല എനിക്കിന്നൊരു ഗസ്റ്റുണ്ട് അതിനാല്‍ ....
..ഞാന്‍ വീട്ടില്‍ ഉണ്ട്....

വീടെവിടെ.....പഹയന്‍ വിടാനുള്ള ഭാവം ഇല്ല..

അവസാനം വീടും പറഞ്ഞുകൊടുത്തു....

ശരി ഞാന്‍ ദാ എത്തി ....
മീന്‍ നന്നാക്കികൊണ്ടിരിക്കുമ്പോള്‍ പടിക്കല്‍ ഒരു തൂവെള്ള കാര്‍ വന്നു നിന്നും അതില്‍ നിന്നും സുല്‍ഫിക്കര്‍ പി സലാം ചാടിയിറങ്ങി....

ഇറങ്ങിയപ്പോള്‍ തന്നെ സുല്‍ഫി ആദ്യം കണ്ടത് ഹലോ യാസര്‍ എന്ന് പറയുമ്പോഴേക്കും പിന്നില്‍ മീന്‍ മുറിച്ചുകൊണ്ടിരിക്കുന്ന കത്തിയുമായി നിലക്കുന്ന എന്നെ കണ്ട്...ശ്രീനിവാസന്‍ സ്റ്റായിലില്‍ പുറകോട്ട് ഒരു ചാട്ടം...

Wednesday, 26 February 2014

റ്റാരി + തെച്ചി ആള്‍സ്ക്വയര്‍ = തേന്‍ നിലാവ് യാത്ര....2

കഥകളും കാര്യങ്ങളും ആയി സംസാരിച്ചിരുന്നു ഞങ്ങള്‍ എല്ലാവരും .

നല്ല രസകരമായിരുന്നു ...

ഫേസ്ബുക്ക് തന്നെയായിരുന്നു മെയിന്‍ ചര്‍ച്ച ഇനിയും സ്നേഹം വറ്റാത്ത ഒരു പാടുമനസുകള്‍ ഈ ഫേസ്ബുക്കില്‍ ഉണ്ടെന്നുള്ള യാഥര്‍ത്യം ശരിക്കും മനസിനെ പിടിച്ചുകുലുക്കി...
                                                            കേരളത്തിന്റെ ഏതൊരു കോണില്‍ ചെന്നാലും നമുക്ക് ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നല്‍ മനസ്സില്‍ ഉണ്ടാകുന്നു...

ജീവിതത്തില്‍ ഒരു പാടുബുദ്ധിമുട്ടുകള്‍ താണ്ടിയാണു റ്റാരി ...ഇന്നുള്ള റ്റാരിയാവുന്നത്...റ്റാരിയുടെ കഥകള്‍ കേട്ടപ്പോള്‍ മനസ്സ് ഈറനണിഞ്ഞു....
                                                      ഞങ്ങളുടെ സംഭാഷണത്തില്‍ ഒരു വിധം എല്ലാ ഫേസ്ബുക്ക് ഫ്രണ്ട്സും കടന്നുവന്നു എന്നുള്ളതാണ് വസ്തുത...

റ്റാരിയുടെ കല്ല്യാണവും അതിന്റെ വിവരങ്ങളും റ്റാരി വിവരിച്ചപ്പോള്‍ ഞാനും ഫാമിലിയും ആകാംഷ ഭരിതരായിരുന്നു....

സത്യം പറയട്ടെ ഒരു നല്ല മനുഷ്യന്‍...നല്ല സുഹൃത്ത്....ഒരു നല്ല അനിയന്‍.....എന്റെ മനസ്സിന്റെ തറവാട്ടിലെ ഒരു അന്തേവാസി.....
ഫേസ്ബുക്കില്‍ ഒരു പാടുപേരുണ്ട് എന്റെ മനസ്സ് അലങ്കരിക്കാന്‍ ...എന്നാല്‍ ഈ വിഷയം റ്റാരിയുടെ ഹണിമൂണ്‍ യാത്രയാണല്ലോ.....അതില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമല്ല...
റ്റാരിക്ക് വേണ്ടി മെനഞ്ഞുണ്ടാക്കിയ തെച്ചി....മെയ്ഡ് ഫോര്‍ ഈച്ച് അദര്‍.......ഈ ഒരു വാക്കിനു എന്തുകൊണ്ടും അര്‍ത്ഥം ഉണ്ടാക്കുന്നവര്‍....
രാവേറെ ചെല്ലുന്നത് വരേയും ഞങ്ങള്‍ സംസാരിച്ചിരുന്നു....ഞങ്ങളുടെ കൊച്ചുവീട് ഒരു വലിയവീടായ പ്രതീതി....

വളരെ വലുതല്ലെങ്കിലും ചെറിയ തോതിലുള്ള ഭക്ഷണം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നാണു എനിക്ക് തോന്നുന്നത്....

ഞങ്ങളുടെ സല്‍ക്കാരം റ്റാരിയും തെച്ചിയും എങ്ങനെ വിലയിരുത്തുന്നു എന്ന് എനിക്കറിയില്ല...പക്ഷേ എന്റെ മനസ്സ് നിറഞ്ഞു......

ചെറിയ ഒരു ഇടവേളക്ക് വേണ്ടി ഞങ്ങള്‍ എല്ലാവരും ഉറങ്ങാന്‍ പോയി.....

കൂടുതല്‍ വിവരങ്ങളും രസകരമായ സംഭവങ്ങളും നേരം പുലര്‍ന്നിട്ട്.....തുടരും
റ്റാരി + തെച്ചി ആള്‍സ്ക്വയര്‍ = തേന്‍ നിലാവ് യാത്ര...




ഹലോ  ഇപ്പോള്‍ എവിടെയെത്തി.....?

ഹലോ ഷഫീര്‍ക്ക ഞങ്ങള്‍ ഇവിടെ എറങ്ങി...

ഇറങ്ങിയോ എവിടെ..?  ഇപ്പോള്‍ എവിടെ നില്‍ക്കുന്നു....

ഞങ്ങള്‍ ഇവിടെ ശ്രീലങ്ക......

ങേ ശ്രിലങ്കയിലോ....എന്റെ വ്യാകുല മാതാവേ...ഇവര്‍ വഴിതെറ്റിപ്പോയോ...?

യാസറേ ശരിക്കും പറയൂ എവിടെയെത്തി...?....

ശഫീര്‍ക്ക ദാ ദിവിടെ ഒരു ബേക്കറിയുടെ മുന്നിലുണ്ട്....

എന്താ ബേക്കറിയുടെ പേര്..?

“ബേക്കറി “ശ്രീലങ്ക”

എന്റെ പടച്ചോനെ സമാദാനം ആയി ...ആദ്യം തന്നെ ഈ പഹയനു ബേക്കറിയെന്ന് കൂട്ടി പറഞ്ഞാല്‍ മതിയായിരുന്നു....

                                                           രാത്രി 8.55 ആയപ്പോള്‍  റ്റാരിയും തെച്ചിയും കൊടുങ്ങല്ലൂര്‍  ഗുരുവായൂര്‍ റോഡിലുള്ള ശ്രീനാരായണ പുരം എന്ന സ്റ്റോപ്പില്‍ ബസ്സിറങ്ങി...
                            ബസ്സിറങ്ങി കഴിഞ്ഞതിനു ശേഷമുള്ള ഒരു ചെറിയ രംഗം ആണു മുകളില്‍ പ്രതിബാധിച്ചത്..

ഡ്രൈവിങ്ങ് അറിയാത്ത ഞാന്‍ എന്റെ കാറും ഓടിച്ച് കൊണ്ടാണു അവരെ പിക്ക് ചെയ്യുവാന്‍ ചെന്നത്....കൂടെ ഒരു ധൈര്യത്തിനു എന്റെ മൂത്താപ്പയുടെ മകനും ഉണ്ടായിരുന്നു....
അത് മറ്റൊന്നിനുമല്ല പൂവത്തും കടവ് പുഴയിലേക്ക് ഞാന്‍ വണ്ടിയോടിച്ച് മറിഞ്ഞാല്‍ ഒരു സാക്ഷി വേണമല്ലോ....

അവരേയും കാറില്‍ കയറ്റി വണ്ടി മുന്നോട്ട് എടുത്തതിനു ശേഷമേ എനിക്ക് ലൈസന്‍സ് ഇല്ലാ എന്നും കൂടാതെ വണ്ടി ഓടിക്കാനറിയില്ലാ എന്നും റ്റാരിക്കും തെച്ചിക്കും മനസിലായത്...
“പിന്നീട് ഏകദേശം മൂന്ന് കിലോമീറ്ററോളം കാറില്‍ വേറെ മ്യൂസിക്കിന്റെ ആവശ്യം വന്നില്ല....

“രണ്ട് വയനാട്ടുകാരുടെ നെഞ്ചിടിപ്പിന്റെ താളം തന്നെ ധാരാളം ആയിരുന്നു”.

എന്റെ വണ്ടി മുന്നോട്ട് കുതിച്ചു....ഇരുളിനെ കീറിമുറിച്ചുകൊണ്ട് വണ്ടിയുടെ പ്രയാണം ആരംഭിച്ചു...
ഫേസ്ബുക്ക് നല്‍കിയ ഈ ചങ്ങാത്തത്തിനു മനസാ നന്ദിപറഞ്ഞുകൊണ്ട് ഞാന്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിച്ച് കൊണ്ട് റ്റാരിയോടും തെച്ചിയോടും യാത്രയുടെ വിശദവിവരങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു....

ബസ്സ്സ്റ്റോപ്പില്‍ നിന്നും പത്ത്മിനിറ്റു യാത്ര...

എന്റെ വീട്....ഞാനും എന്റെ പത്നിയും രണ്ടുമക്കളും അടങ്ങുന്ന ഒരു കൊച്ചുവീട്ടിലേക്ക്
റ്റാരിയേയും തെച്ചിയേയും സ്വീകരിക്കാനായി എന്റെ വീട്ടുകാര്‍ ഉമ്മറകോലായില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു...

വിരുന്നുകാര്‍ക്ക് എന്നും എന്റെ വീട്ടില്‍ നല്ലൊരു സ്ഥാനം ആണു കൊടുക്കാറുള്ളത്...
സ്വന്തം അനുജന്റെ സ്ഥാനത്തുള്ള റ്റാരിയാവുമ്പോള്‍ അതിനു മറ്റ് ഒന്നു കൂടും....

ഉമ്മറപ്പടിയില്‍ വലത് കാല്‍ കയറ്റിവച്ച് റ്റാരി തന്റെ ഇടത് കാല്‍ ഉയര്‍ത്തി ഒന്ന് തിരിഞ്ഞു.....
പണ്ട് ദുഷ്യന്തനെ കണ്ടപ്പോള്‍ ശകുന്തള ചെയ്തത് പോലെ........തെറ്റിദ്ധരിക്കേണ്ട ഷൂ ഊരാനുള്ള തത്രപാടായിരുന്നു.....

Saturday, 22 February 2014

ഷുക്കൂറിന്റെ വീട്ടില്‍ ഒരു വിരുന്ന്......2

കൊടകരയാണു ഷുക്കൂറിന്റെ വീട് അവിടേക്ക് പോകാന്‍ ഞാന്‍ തയ്യാറായി...
ഞായറാഴ്ച ഏകദേശം രാവിലെ പത്ത് മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങി....

അന്ന് ഇന്നത്തെ പോലത്തെ ഫോണ്‍ സൌകര്യം ഒന്നും ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്നും പറഞ്ഞു തന്നെ ഇറങ്ങി...
ഇന്ന് വരാന്‍ കഴിയില്ലേല്‍ നാളേ നേരെ കോളേജിലേക്ക് പോയി അവിടെനിന്നേ വരൂ...
എന്റെ മൊഴിയില്‍ കൊടകരാ എന്നുള്ളത് ഏതോ അന്യദേശം ആണെന്ന് വീട്ടുകാര്‍ തെറ്റിദ്ധരിച്ചോ ആവോ...?
വീട്ടില്‍ ഉമ്മാനോട് അനുവാദം ചോദിച്ചാണു പുറപ്പെട്ടത്...വാപ്പാനോട് ചോദിക്കാന്‍ നില്‍ക്കാറില്ല....
കാരണം പറഞ്ഞയക്കില്ല എന്ന് മാത്രമല്ല....തല്ലും കിട്ടും...കോളേജില്‍ ആയെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല....
മുട്ടന്‍ വടിക്കുണ്ടോ...പ്രായ ഭേദവ്യത്യാസം....അതിനു ഒരു മേച്ചില്‍ പുറം കിട്ടണം അത് എന്റെ നടുമ്പുറം ആണേല്‍ താളം അല്പം കൂടും ....
                                                     
                                                             വീട്ടില്‍ നിന്നും ഇരിങ്ങാലകുടക്കും അവിടെ നിന്ന് ചാലക്കുടി ബസ്സില്‍ കയറി കൊടകരക്കും ടികറ്റ് എടുത്തു....ഏകദേശം ഒരു മണികൂര്‍ യാത്ര് ഷുക്കൂറിന്റെ വീട്ടില്‍....
ചെറിയൊരു വീട്...അടുത്തുള്ള പറമ്പുകളില്‍ മണ്ണ്കൊണ്ട് പൊലികള്‍ കൂട്ടിയിരിക്കുന്നു...ചെറിയ ചെറിയ തോടുകള്‍ ..നല്ല ഒരു സ്ഥലം....
                                                                   ഉച്ചക്കുള്ള ഭക്ഷണം എല്ലാം കഴിഞ്ഞ് ഷുക്കൂര്‍ പറഞ്ഞു..“ഡാ...ഷഫീറെ നിനക്ക് നാളെ പോകാം...ഇവിടെ ഒരു ചാത്തന്‍ കോഴിയുണ്ട് നമുക്കതിനെ ഒന്ന് പിടിക്കണം...കൂട്ടിലും കയറാറില്ല...വല്ല കുറുക്കനും കൊണ്ടുപോകുന്നതിലും നല്ലത് പിടിച്ച് പൂശുന്നത് തന്നെയാ...
                                                                 അങ്ങനെ ഞങ്ങള്‍ മൂന്നുമണിയോടെ ഷുക്കൂറിന്റെ ബാപ്പ , ഞാന്‍ , ഷുക്കൂര്‍  എല്ലാവരും കൂടി കോഴിയെ പിടിക്കാന്‍ ഇറങ്ങി....ഒരു മുഴുത്ത ചാത്തന്‍....
                                                      കോഴി എവിടെ പിടിതരാന്‍ ...ഓടടാ ഓട്ടം...ഞങ്ങള്‍ മൂന്ന് കശ്മലന്മാര്‍ കോഴിയുടെ പിന്നാലെ...തോടും വരമ്പും മണ്ണിന്റെ പൊലിയും എല്ലാം ചവിട്ടി മെതിച്ച് ഞങ്ങള്‍ മുന്നേറുകയാണു...അടുത്തുള്ള വീട്ടുകാര്‍ ഈ രംഗം കണ്ട് അന്താളിച്ചത് എന്തിനാണെന്ന് എനിക്ക് ഇന്നും മനസിലാവുന്നില്ല...
                                              ഇനി രക്ഷയില്ലാ എന്നായപ്പോള്‍ കോഴി തന്റെ പരാജയം സമ്മതിച്ച് പിടിതന്നു...ഷുക്കൂര്‍ ഒരു ജേതാവിനെ പോലെ രണ്ട്കയ്യും മേലോട്ട് ഉയര്‍ത്തി അഹന്ത കാണിച്ചു....
                                               “കൊണ്ടുപോയി തിന്ന് ഹമുക്കീങ്ങളേ”എന്ന് കോഴി സ്വയം പറഞ്ഞു....
അന്നുരാത്രി കോഴിക്കറിയും പത്തിരിയും ഹ ഹ ഹ സുഭിഷ്ടമായ ഭക്ഷണം....കോഴിയെ പിടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലെ ക്ഷീണവും പിന്നെ ഭക്ഷണം അധികം ആയതിനാലുള്ള ക്ഷീണവും ഒരുമിച്ചപ്പോള്‍ ഉറക്കം കേമമായി നടന്നു...
                                    നേരം പുലര്‍ന്നു ....“കൊ ക്കൊ ക്കോക്കോ.....നാടന്‍ അലാറം ആഞ്ഞടിച്ചു....
                                   ഷുക്കൂര്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റു....ഇതെവിടുന്നാ ഈ കോഴിശബ്ദം......

“എടാ ഷുക്കൂറെ എണീറ്റേഡാ....നിങ്ങളിന്നലെ ആരടെ കോഴിയെയാ പിടിച്ചോണ്ടുവന്നത്..നമ്മടെ പൂവന്‍ ദാ ദവിടെനിന്ന് കൂവണ്”

പാതിമയക്കത്തില്‍ ഞാനാ അശരീരി കേട്ടു....ന്റെ റബ്ബേ....പുലിവാലായോ....

അന്ന് ഞാന്‍ ഷുക്കൂറിനെ ഒരു നോട്ടം നോക്കി....

പക്ഷേ അവന്‍ കരുതിയത് വേറെ അര്‍ത്ഥത്തിലാണെന്ന് മാത്രം....

“വേണ്ട അടുത്ത ഞായറാഴ്ച നീ വരേണ്ട”....

അപ്പോള്‍ അതായിരുന്നും അവന്‍ ചിന്തിച്ചത്.......പാവം ഞാന്‍...

Friday, 21 February 2014

ഷുക്കൂറിന്റെ  വീട്ടില്‍ ഒരു വിരുന്ന്......

അവന്റെ കുറേനാളുകളായുള്ള ആഗ്രഹങ്ങളില്‍ ഒന്നാണ്....എനിക്ക് വേണ്ടി അവന്റെ വീട്ടില്‍ ഒരു വിരുന്നൊരുക്കുക....

കെ കെ ടി എം കോളേജിലെ ഞങ്ങളുടെ ഗ്യാങ്ങിലെ പ്രധാനിയാണ് ഷുക്കൂര്‍ ...
അവന്റെ വീട് കൊടകര....ചാലക്കുടി അടുത്ത്....

എല്ലാ വിക്കെന്റിലുമവന്‍ പറയും ഷഫീറെ...ജോയീ...[ ഈ ജോയി എന്ന് പറയുന്നവന്‍ മാളയില്‍ ഉള്ളവന്‍ ആകുന്നു....എടാട്ട് ജോയി എന്നാണു അവന്‍ സ്വയം പരിചയപ്പെടുത്താറ് ] നാളെ ഞായറാഴ്ചയല്ലെ എന്റെ വീട്ടിലേക്ക് വരുമോ...

അവസാനം അവന്റെ വീട്ടിലേക്ക് ഞാന്‍ പോകാനുള്ള ഒരു തീരുമാനത്തില്‍ എത്തി...

ഷുക്കൂറിന്റെ കുറിച്ച് ഒരല്പം എഴുതാം...ഈ ഷുക്കൂര്‍ എന്നു പറയുന്നവന്‍ ഏകദേശം ഒന്നൊന്നര ഷുക്കൂറോളം വരും....

ഒരിക്കള്‍ ഫിസിക്സ് ക്ലാസ് നടന്ന് കൊണ്ടിരിക്കുന്ന സമയം ....

ക്ലാസ്രൂമിന്റ്റെ മുകള്‍ ഭാഗം ഇന്നത്തെ പോലെ ടെറസ് അല്ല...ആസ്ബെറ്റോസ് ആണ്...ക്ലാസ് റുമിന്റെ പിന്‍ ഭാഗം മൂത്രപ്പുര...പിന്നെ ചെറിയ കുറ്റികാടുകളും....ക്ലാസ്സ് കട്ട് ചെയ്തിട്ട് അധികം പേരും ഈ കുറ്റികാടുകളില്‍ അഭയം പ്രാപിക്കും..

തൊട്ടടുത്ത് മൂത്രപുരയാണല്ലോ അതിനാല്‍ കാര്യം സാധിക്കാന്‍ മാത്രം ആളുകള്‍ ആ വഴിക്ക് വരികയുള്ളു...
ക്ലാസ് നടന്ന് കൊണ്ടിരിക്കുന്ന സമയം...പെട്ടെന്ന് “ടമാര്‍”   എന്ന ഒരു ശബ്ദം ക്ലാസ്സ് റൂമില്‍ മുഴങ്ങി....

പെട്ടെന്നുള്ള ശബ്ദം കാരണം എന്റെ ഉറക്കത്തിനു ഭംഗം വന്നു....എന്റെ മാത്രമല്ല....കുറേ പേരുടെ ഉറക്കത്തിന്....
ക്ലാസെടുക്കുന്ന സാറും ഒന്ന് ഞെട്ടി....

എന്താ കാരണം......മറ്റൊന്നുമല്ല...ആ കുറ്റികാട്ടില്‍ നിന്നും തീവ്രവാദി സംഘം ആസ്ബറ്റോസിനു മുകളിലേക്ക് കല്ലെടുത്തെറിഞ്ഞതാണ്....
ഫിസിക്സ് ക്ലാസിനു തല്‍ക്കാലം ഒരു മോചനം കിട്ടി....പ്രൊഫസര്‍ എന്നേയും പിന്നെ വേറൊരുത്തനേയും കൂട്ടി പുറത്തേക്ക് ആനയിച്ചു....

എന്നെ കൊണ്ടുപോകുവാന്‍ ഒരു കാരണം ഉണ്ട് ഇങ്ങനെയുള്ള കുരുത്തക്കേടുകള്‍ ആദ്യം ഉത്ഭവിക്കുന്നത് എന്നിലൂടെയാകുന്നു...

ക്ലാസില്‍ ഇത്രയും വലിയൊരു ശബ്ദം ഉണ്ടായപ്പോള്‍ തന്നെ സാര്‍ ആദ്യം നോക്കിയത് എന്റെ സീറ്റിലേക്ക് തന്നെയാണ്...

തത്സ്ഥാനത്ത് ഞാന്‍ ഉപവിഷ്ടനായിരിക്കുന്നത് കണ്ടപ്പോള്‍ സാറില്‍ നിന്നും ഒരു നിശ്വാസം ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തു..

അങ്ങനെ ഞങ്ങള്‍ മൂവര്‍ സംഘം ആ കുറ്റികാട്ടിലേക്ക് വച്ചടിച്ചു...ഓലക്കുടിലുകളില്‍ നിന്നും പുക ഉയരുന്നത് പോലെ കുറ്റിക്കാടിന്റെ മുകളിലേക്ക് പുക ഉയരുന്നു...

പ്രീ ഡിഗ്രിക്കാര്‍ മുതല്‍ ഡിഗ്രിക്കാര്‍ വരേയും പുകവലി പഠിക്കുന്ന സ്ഥലം ആണു ഈ കുറ്റിക്കാട്....ആ കാട്ടില്‍ നിന്നും ഞങ്ങള്‍ ആറു ജവാന്മാരെ കയ്യോടെ പിടിക്കൂടി....കൂട്ടത്തില്‍ ഷുക്കൂറും....
എല്ലാവരേയും തെളിയിച്ച് കൊണ്ട് ഞങ്ങള്‍ ക്ലാസ് റൂമില്‍ എത്തി...കൂട്ടത്തില്‍ ഷുക്കൂര്‍ മാത്രം പ്രീ ഡിഗ്രി ബാക്കിയുള്ളവര്‍ ഡിഗ്രി....

പിന്നീട് ക്ലാസ് റൂമില്‍ നടന്നത് എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവം ആകുന്നു...

പ്രൊഫസര്‍ എല്ലാവരോടും [പിടിക്കപ്പെട്ട] ക്ലാസിന്റെ പ്ലാറ്റ് ഫോമില്‍ കയറിനിന്ന് സ്വയം പരിചയപ്പെടുത്തി  മാപ്പ് പറയാന്‍ പറഞ്ഞു...

അങ്ങനെ ഓരോരുത്തരും ധീരതയോടെ ആ ചടങ്ങ് ഏറ്റെടുത്തു...അവസാനം ഷുക്കൂറിന്റെ ഊഴം എത്തി.....ഷുക്കൂര്‍ പറഞ്ഞ് തുടങ്ങി...

ഞാന്‍ ഷുക്കൂര്‍ ..എന്റെ വീട് കൊടകര...രാവിലെ ഭാരതി ബസ്സില്‍ 25 പൈസ കൊടുത്ത് വരുന്നു...ഇത് കൂടാതെ ഞാന്‍ ഈ ക്ലാസ്സിലെ തന്നെ ഒരു വിദ്യാര്‍ത്ഥിയാണ്...എല്ലാവരും കല്ലെറിഞ്ഞപ്പോള്‍ ഞാനും എറിഞ്ഞു...പക്ഷേ എന്റെ കല്ല് ലക്ഷ്യത്തില്‍ എത്തിയില്ല....ക്ലാസില്‍ എല്ലാവരും എന്നോട് ക്ഷമിക്കണം....

ക്ഷമാപണം കഴിഞ്ഞ് ഷുക്കൂര്‍ വിരമിക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ പ്രൊഫസര്‍ ഷുക്കൂറിനോട്...

മോനെ ഷുക്കൂറേ....പ്രീഡിഗ്രിക്ക് പഠിക്കുന്ന നീ ഇത്രയും വലിയ ആസ്ബറ്റോസിലേക്ക് കല്ലെറിഞ്ഞിട്ട് അത് ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ പിന്നെ എന്തിനാ മോനേ നീ കോളേജിലാന്നും പറഞ്ഞ് നടക്കുന്നത്.....നാണമില്ലെ നിനക്ക്.....
പിന്നെ അവിടെ ഒരു കൂട്ട ചിരിയായിരുന്നു....

വിരുന്നും മറ്റുള്ള കാര്യങ്ങളും മറ്റൊരു ദിവസം.......ഷഫീര്‍

Monday, 17 February 2014

“കയ്യില്‍ വാച്ചുണ്ടായിട്ടെന്തിനാ സമയം അറിയണേല്‍ മേലാട്ടു നോക്കണം”

എവിടെയോ കേട്ടുമറന്ന ഈ ഡയലോഗ്ഗ് എന്നെ ഈയിടെയായി ഓര്‍മ്മപ്പെടുത്തിയ വ്യക്തിയാണീ ഇരിക്കുന്നത്

Naveen Sukumar   മിനിയാന്ന് അതായത് ഞായറാഴ്ച ഞാന്‍ ടീ വ്യക്തിയുട് നാട്ടില്‍ ഉണ്ടായിരുന്നു....സമയം വൈകുന്നേരം 6.30 .....
അവിടെവച്ച് എന്റെ മൊബൈല്‍ ഫോണില്‍ എന്റെ വിരലുകള്‍  ഇദ്ദേഹത്തിന്റെ നമ്പര്‍ തിരഞ്ഞ് കണ്ടുപിടിച്ചു...

നമ്പര്‍ കിട്ടിയപ്പോള്‍ വലതുകയ്യുടെ തള്ളവിരല്‍ വെറുതെ ഇരിന്നില്ല കോളിങ്ങ് ബട്ടണ്‍ പതുക്കെ അമര്‍ത്തികൊടുത്തു....

വലതുകൈ മുഴുവനായും ഫോണിനെ സഹായിക്കാനായി മുന്നോട്ട് വന്നു.  ഫോണിനെ പൊക്കിയെടുത്ത് എന്റെ ചെവിക്കരികിലേക്ക് കൊണ്ട് പോയി....

ട്രിങ്ങ്...ട്രിങ്ങ്......ട്രിങ്ങ്...നിര്‍ത്താതെ യുള്ള റിങ്ങിങ്ങ് മറുതലക്കല്‍ കേട്ടെങ്കിലും പ്രത്യുത്തരം കിട്ടിയില്ല.....അവസാനം മറുതലക്കല്‍ നിന്നും ഒരു പൈങ്കിളി നാദം ...“നിങ്ങള്‍ ഡയല്‍ ചെയ്ത് ഈ വ്യക്തി ഇപ്പോള്‍ കോളുകള്‍ ഒന്നും സ്വീകരിക്കുന്നില്ല”....അത്രയും സമയം ഫോണടിച്ചിട്ടും എടുക്കാതായപ്പോള്‍ എനിക്ക് മനസിലായിരുന്നു......ഈ കാര്യം...എന്നാലും ശ്രവണസുന്ദരമായ ആ പെണ്‍കൊടിയുടെ ശബ്ദം എന്റെ കാതു തുറപ്പിച്ചു....

എന്റെ തിരിച്ചുള്ള യാത്രയില്‍ ഫോണ്‍ തുടരെ തുടരെ ബെല്ലടിക്കുന്നത് കേട്ട് നോക്കിയപ്പോള്‍....ടിയാന്‍...നമ്മടെ...Naveen Sukumar ....കുശലാന്വേഷണത്തിനൊടുവില്‍ ഞാന്‍ ചോദിച്ച് എവിടെയായിരുന്നു...? ഞാ കുറച്ച് മുമ്പ് വിളിച്ചിരിന്നല്ലോ.....

“മാളോരെ കേക്കണോ പൂരം”....മൂപ്പിലാന്റെ മറുപടിക്കേട്ട് ഞാന്‍ സത്യത്തില്‍ ഞെട്ടി....ഇവിടെ ഇപ്പോള്‍ വൈകുന്നേരം 6.30 ആയാല്‍ ഒരു വിധം രാത്രിയായി എന്ന് തന്നെ പറയാം....“

“ആ സമയത്ത് ഈ കക്ഷി കുരുമുളകുണക്കാന്‍ പോയിരിക്കുകയാണെന്ന്”

പകലു നട്ടാറുവെയിലത്ത് ഉണങ്ങാത്ത കുരുമുളകെങ്ങനാ രാത്രിയില്‍ ഉണങ്ങുന്നതെന്ന് ഇനി കാണുമ്പോള്‍ ചോദിക്കണം എന്ന് കരുതി ഇരിക്കുകയാ ഞാന്‍....

പാഠം ഒന്ന് പശു...........3

                                                                               കപ്പലണ്ടി പിണ്ണാക്ക് വാങ്ങുവാനായി ഞാനും അനുജനും പുറപ്പെടുകയായി....
വള്ളിട്രൌസറിന്റെ പോക്കറ്റില്‍ പുളിങ്കുരു വറുത്തതും  നിറച്ച് സായം സന്ധ്യയില്‍ ഞങ്ങളുടെ യാത്ര തുടരുകയായി.....

നടന്നാണു പോകേണ്ടത്....അരീപ്പാലം എന്ന സ്ഥലം വീട്ടില്‍ നിന്നും സുമാര്‍ മൂന്ന് കിലോമീറ്ററോളം വരും ....അതിലും കൂടിയാലേ ഉള്ളു കുറവില്ല...

വീട്ടില്‍ നിന്നും പുറപ്പെടുന്നതിനു മുമ്പ് വാപ്പ പറഞ്ഞിരുന്ന ഒരുവാക്ക് ഞങ്ങളുടെ മനസില്‍ കെടന്ന് ഇടക്കിടക്ക് തികട്ടി വന്നുകൊണ്ടിരുന്നു....

“എടാ പീട്യേന്ന് ബില്ലും കൊണ്ടേ വരാവൂ”.....

അത് വെറും പറച്ചില്‍ മാത്രമല്ല....ഒരു മുന്നറിയിപ്പുകൂടിയാണ്.....

കാരണം അന്ന് വീട്ടില്‍ നിന്നും പൈസ അടിച്ച് മാറ്റുന്നത് കള്ളകണക്ക് കാണിച്ചിട്ടാണ്......
ഒരിക്കല്‍ അത് പിടിക്കപ്പെട്ടു....പിടിക്കപ്പെട്ട ദിവസം മുതല്‍ ഏകദേശം മൂന്ന് മാസത്തേക്ക് എനിക്ക് ചെറിയൊരു മുടന്ത് കാണപ്പെട്ടിരുന്നു......
മുടന്ത എപ്പോഴും ഇല്ലാ ട്ടൊ...നടക്കുമ്പോള്‍ മാത്രം...
അന്ന് ഒരു കാര്യം എനിക്ക് മനസിലായിരുന്നു.....കള്ളക്കണക്ക്

ഉണ്ടാക്കണമെങ്കില്‍ ചുരുങ്ങിയത് പത്താം ക്ലാസ് വരേയെങ്കിലും പഠിക്കണം എന്ന്....
കാരണം മൂത്ത ജേഷ്ടന്‍ ഈ വക കരവിരുതില്‍ നിപുണന്‍ ആകുന്നു....

കടയില്‍ നിന്നും സിഗരിറ്റിന്റെ പാകറ്റ് പൊളിച്ച് നിവര്‍ത്തി അതിലാണു ബില്ല് തയ്യാറാക്കി തരുന്നത്...
റോട്ടില്‍ നിന്നും സിഗരിറ്റിന്റെ പാകറ്റ് പറക്കിയെടുത്ത് കൊടുത്താല്‍ ജേഷ്ഠന്മാര്‍ അന്ന് അഞ്ചു പൈസ തരുമായിരുന്നു....

അതിന്റെ രഹസ്യം മനസിലാക്കാന്‍ എനിക്ക് പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്...
അങ്ങനെ രാത്രി കപ്പലണ്ടിപിണ്ണാക്കും തലയിലേറ്റി...ഞങ്ങള്‍ നടന്ന് വരുകയാണു ...തലയില്‍ കപ്പലണ്ടിപിണ്ണാക്കിന്റെ സഞ്ചി ഒരു കയ്യോണ്ട് പിടിച്ചിരിക്കുന്നു....വായില്‍ പുളിങ്കുരു വറുത്തത്....വലത് കയ്യില്‍ നാടന്‍ ടോര്‍ച്ച്.....

അന്ന് ഇന്നത്തെ പോലെ അല്ല ഏത് വീട്ടില്‍ നിന്നും ചോദിച്ചാല്‍ നാടന്‍ ടോര്‍ച്ച് കിട്ടും ....ചൂട്ട് കറ്റ ചെറുതായി കെട്ടിയിട്ട് തീ കത്തിച്ച് വീശി വിശി കത്തിച്ച് ആണു വരവ്...ഈ ചൂട്ടു കറ്റക്കാണു നാടന്‍ ടോര്‍ച്ച് എന്ന് പറയുന്നത്....

രാത്രി എട്ടുമണിയാവുമ്പോഴേക്കും വിട്ടില്‍ എത്തും പിന്നെ പഠനം ആണു....
പഠിപ്പും കൂടുതല്‍ വിവരങ്ങളും എന്നെങ്കിലും എഴുതാം....

പശുവിന്റെ പാഠം ഇവിടെ പൂര്‍ണ്ണമാകുന്നു.....

Thursday, 13 February 2014

പാഠം ഒന്ന് പശു.....2

എന്റെ ജോലി അവിടെ അവസാനിക്കുന്നില്ല......
പശുക്കള്‍ക്ക് വെള്ളം കൊടുക്കുന്ന ഒരു ചടങ്ങുകൂടെ അക്കൂട്ടത്തില്‍ പെടും...
തലേദിവസത്തെ കഞ്ഞിവെള്ളവും അരികഴുകിയ വെള്ളവും എല്ലാം ബക്കറ്റുകളി നിറച്ച് അതില്‍ കപ്പലണ്ടി പിണ്ണാക്കും ചോളതവിടും ഇട്ട് കുതിര്‍ത്തി വേണം കൊടുക്കാന്‍....
                                                  പശു വെള്ളം കുടിക്കുന്നതിനനുസരിച്ച് വെള്ളം ഇളക്കികൊണ്ടിരിക്കണം....നിറണിരിക്കുന്ന ബക്കറ്റിലേക്ക് മുഖം മുഴുക്കനേയും പശു മുക്കും ഏകദേശം കണ്ണ് വരേയും താഴ്ന്ന് കഴിഞ്ഞാല്‍ മൂക്കിലൂടെ അല്പം ശക്തിയില്‍ ചീറ്റും അപ്പോള്‍ വെള്ളം മുഴുവനും കുമിളുകളായി വന്ന് എന്റെ മേലേക്ക് തന്നെ തെറിക്കും...
പശുവിനു പുല്ലുപറിക്കുകയെന്ന ഒരു പദവിയാണു എന്റെ അനുജനു ലഭിച്ചിരുന്നത്....
വൈകുന്നേരം കുട്ട നിറയെ പുല്ലുമായി വരുന്ന അവനെ നോക്കി പശുവും പിന്നെ വാപ്പയും നിര്‍വൃതിയടയുന്നത് ഞാന്‍ വാതിലിന്റെ മറയില്‍ നിന്നും നോക്കി കാണാറുണ്ട്...
രണ്ടു കുട്ട നിറയെ പുല്ലുമായി വന്നില്ലെങ്കില്‍ പിന്നെ അവനു അന്നത്തെ ദിവസം പുറം ഉഴിയാനേ നേരം കാണുകയുള്ളൂ....
അന്നൊരിക്കല്‍ ആ മഹാസംഭവം ...ദിവസവും കുട്ടനിറയെ പുല്ലുമായി വരുന്ന അനിയന്റെ തലയില്‍ നിന്നും കുട്ട താഴെ വീണു.....
“രണ്ട് കൊയിഞ്ഞലും പിന്നെ കുറച്ച് പുല്ലും മാത്രം”...കൊയിഞ്ഞല്‍ എന്നാല്‍ മനസിലായൊ....തേങ്ങാ കുലയിലെ തേങ്ങ മാറ്റിക്കഴിഞ്ഞാല്‍ കിട്ടുന്ന കുല മാത്രം.
ഇത്രയും നാള്‍ അവന്‍ ഒരു സമൂഹത്തെ മുഴുവനും പറ്റിക്കുകയായിരുന്നു....

ഒന്നുമില്ലാത്ത കുട്ടയില്‍ രണ്ട് കൊയിഞ്ഞലുവച്ച് അതിനുമുകളില്‍ പുല്ലിട്ടാല്‍ ആരാ നിര്‍വൃതിയടയാത്തത്....
ഭാഗ്യത്തിനു ആ അത്യാഹിതം ഞാനും പശുവും മാത്രമേ കണ്ടുള്ളൂ....എനിക്ക് അവന്‍ അന്ന് കൈകൂലി തന്നത് 25 കശുവണ്ടിയായിരുന്നു....
പാവം പശു താന്‍ ഇത്രയും നാള്‍ എന്തിനാ ഇവന്‍ കൊണ്ടുവരുന്ന പുല്ലുകണ്ട് നിര്‍വൃതിയടഞ്ഞത് എന്ന് കരുതി കണ്ണില്‍ നിന്നും വെള്ളം ഒലിപ്പിച്ച് തന്റെ വ്യസനം അറിയിച്ചു....
എന്നിട്ട് രണ്ട്കുന്തി ചാണകവും അതിനുമുകളിലൂടെ മൂത്രസേവയും നടത്തി തന്റെ പ്രതികരണം അവനെ അറിയിച്ചു....
വാപ്പ എന്നും വൈകുന്നേരം ആറുമണി കഴിഞ്ഞാണു ജോലി കഴിഞ്ഞ് വീട്ടില്‍ എത്തുക.....വന്നു കഴിഞ്ഞതിനു ശേഷം ആകും പറയുക ....

“ എടാ കൊച്ചുമോനേ നിങ്ങള്‍ അരീപാലത്ത് അന്തോണികുട്ടിയുടെ കടയില്‍ പോയി കപ്പലണ്ടി പിണ്ണാക്ക് വാങ്ങി വായോ”....

ഏകദേശം 3 കിലോമീറ്റര്‍ ഉണ്ട് അരീപാലത്തേക്ക്...നടന്ന് വേണം പോകാന്‍...25 കിലോ കപ്പലണ്ടിപിണ്ണാക്ക് രണ്ട് സഞ്ചിയിലായി രണ്ടാളും പിടിക്കണം അതിനു കൂലിയായി 50 പൈസ കിട്ടും .......
പാഠം ഒന്ന് പശു.....

പശു ഒരു കാളയാകുന്നു....

എന്റെ കുട്ടികാലത്തില്‍ പശു ഒരു അവിഭാജ്യ ഘടകം ആയിരുന്നു......

പശു അക്കാലത്ത് എന്റെ വീട്ടില്‍ രണ്ടുണ്ടായിരുന്നു...

വാപ്പ [ബാപ്പിച്ചി] മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ആയിരുന്നു......അതുകൊണ്ടുതന്നെ എന്റെ വീട്ടില്‍ ഒരു പശു കമ്പത്സറി ആയിരുന്നു....
എനിക്ക് രണ്ട് ചേട്ടന്മാരും ഒരനിയനും ഇക്കൂട്ടരുടെ കൂടെ കിടന്ന് ചതഞ്ഞരയാന്‍ ഇടയില്‍ ഞാനും....
“ചില്ലറ പെടപ്പാടൊന്നുമല്ല ഞാന്‍ അനുഭവിച്ചിരിക്കുന്നത്”

ദിവസം ഓരോരുത്തര്‍ക്കും ഓരൊ ജോലി ഏല്‍പ്പിച്ചിരിക്കുന്നു....ഇന്നും ഞാന്‍ ചിന്തിക്കാറുണ്ട് ബാലവേല കണ്ടുപിടിച്ചത് എന്റെ ബാപ്പയാണോ എന്ന്.

അന്ന് ഇതെനെതിരെ പ്രതികരിക്കാന്‍ ഒരു രാഷ്ട്രിയക്കാരും മുന്നോട്ട് വന്നില്ല എന്ന് മാത്രമല്ല...നാട്ടിലുള്ള പൊതുജനങ്ങള്‍ ബാപ്പാക്ക് ഓശാന പാടുന്നവരും..

നരാധമന്മാര്‍...എന്ത് കാര്യം   ഞങ്ങള്‍ നാട്ടുകാരോട് വെറുപ്പ് പ്രകടിപ്പിച്ചാലും കാര്യമില്ല ...
അതിന്റെ ശിഷ്ടാനുഭവം ഞങ്ങള്‍ ചന്തികൊണ്ടും നടുമ്പുറം കൊണ്ടും ധീരമായി നേരിടേണ്ടിവരും...
ഞങ്ങള്‍ക്ക് കിട്ടുന്ന തല്ലുകള്‍ക്കും ചീത്തകള്‍ക്കും ഒന്നാമത്തെ കാരണക്കാരന്‍ മറ്റാരുമല്ല...                                “വീട്ടിലെ പശുതന്നെ“.......

മൂത്ത് ജേഷ്ടന്‍ രാവിലെ എഴുന്നേറ്റ് പശുവിനെ കുളിപ്പിച്ച് തൊഴുത്ത് കഴുകി റെഡിയാക്കി വക്കണം.....അങ്ങനെ ചെയ്യണമെങ്കില്‍ വെറുതെ കഴിയില്ല...മിനിമം നാലരക്ക് എഴുന്നേല്‍ക്കണം....
കക്ഷത്തില്‍ ചൂലും ഒരു ബക്കറ്റ് വെള്ളം ആയി ആളുടെ പോക്ക് രസം തന്നെയാണ്.....പാതിമയക്കത്തില്‍ ആടിയാടിയുള്ള പോക്ക് ഇന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു.....
ബേ.....മ്പേ....പശു ജേഷ്ടനു സലാം പറഞ്ഞതാ.....
തൊഴുത്ത് കഴുകി കഴിഞ്ഞ് തത്സ്ഥാനത്ത് നിന്നും ഗര്‍വ്വോടെ ഇറങ്ങി പോകുന്ന ജേഷ്ഠനെ നോക്കി രണ്ട് മഹാപ്രാക്കുകള്‍  തൊഴുത്തിന്റെ ചുറ്റുവട്ടത്ത് കൂനിക്കുടി ഇരിക്കുന്നുണ്ടാകും..

എന്റെ രണ്ടാംത്തെ ജേഷ്ഠനും പിന്നെ അരപ്രാണനായ ഞാനും..

പൊങ്കാലയിടാന്‍ പോകുന്ന ആളുകളുടെ പോലെ ഒരു കലവും ഒരു സ്റ്റീല്‍ കപ്പിനാല്‍ അലങ്കൃതമായി രണ്ടാമത്തെ ജേഷ്ഠന്‍ മുന്നോട്ട് പ്രയാണം ചെയ്യുമ്പോള്‍ അകമ്പടിസേവിച്ച് കൊണ്ട് ഞാന്‍ പിന്നാലേ.....

പശുവിനകിടിനരികില്‍ ജേഷ്ഠന്‍ ഇരിക്കുന്നു.....ഇനിയാണു എന്റെ ജോലിയില്‍ ഞാന്‍ വ്യാപൃതനാകേണ്ട സമയം......

പശുവിന്റെ രണ്ടുകാലും പിന്നെ വാലും പിടിച്ച് നില്‍ക്കലാണു എന്റ്റെ ജോലി........“തച്ചോളി അമ്പു എന്ന സിനിമയില്‍ നസീര്‍ കാണിക്കുന്ന വാള്‍ പയറ്റ് പഠിച്ച പോലെ പശു മൂത്രത്താലും ചാണകത്താലും നിബിഡമായ തന്റെ വാല് ചുഴറ്റി അടിക്കും......ആ ഒരു ആക്രമണത്തെ നിരൂപാധികം തടുക്കാന്‍ ഒരു ചുരിക പോലെ ഞാന്‍ നില്‍ക്കണം....

പശുവിനെ കറന്നുകഴിഞ്ഞാല്‍ രണ്ടാലും തൊഴുത്തില്‍ നിന്നും ഇറങ്ങും....വിജയശ്രീലാളിതനായ ജേഷ്ഠന്റെ കൂടെ പിന്നാലെ...ഞാന്‍...

പശുവിന്റെ പാഠം ഇവിടെ അവസാനിക്കുന്നില്ല........

Tuesday, 11 February 2014

പുറത്ത് "X"രൂപത്തിലുള്ള ട്രൌസറും ഇട്ട് ഇസ്തിരിയിടാത്താ ചുളുങ്ങിയ ഷര്‍ട്ടും അണിഞ്ഞ് സ്കൂളില്‍ പോകുന്ന ഒരു കാലം ഉണ്ടായിരുന്നു....

ഷര്‍ട്ടില്‍ ഒന്നോ രണ്ടൊ ബട്ടണ്‍ ഉണ്ടാവുകയില്ല അവിടെ സേഫ്റ്റിപിന്ന് ഉള്ളില്‍ നിന്നും കുത്തി ഗ്യാപ്പ് നികത്തും ....
ട്രൌസറും ഷര്‍ട്ടില്‍ നിന്നും തീരെ മോശമല്ലാത്ത രീതിയില്‍ തന്റെ നിലവാരം നിലനിര്‍ത്താറുണ്ട്...,മിക്കവാറും ട്രൌസറിന്റെ വള്ളി തോളില്‍ നിന്നും
താഴോട്ട് കൈകളിലൂടെ ഇറങ്ങിവരും....ഓട്ടയുള്ള പോക്കറ്റും ...പോക്കറ്റിലെ ഓട്ടയുള്ള ഭാഗം കൂട്ടിപിടിച്ച് ചാക്ക് ചരട് ഇട്ട് കെട്ടും...

കാലില്‍ ചെരുപ്പില്ല....മിക്ക ദിവസവും രണ്ടുകാലിന്റേയും തള്ളവിരലില്‍ ഒരു തുണികെട്ടുണ്ടാകും....
നടക്കുന്ന വഴിയിലെ കല്ലുകള്‍ നമുക്ക് വഴിമാറി തരില്ലല്ലോ...അപ്പോള്‍ നമ്മള്‍ അറിയാതെ അവ തട്ടിതെറിപ്പിക്കും അപ്പോഴുണ്ടാകുന്ന ശിഷ്ടം ആണു ആ തുണികെട്ടുകള്‍...
സിമന്റ്റ് വന്നിരുന്ന പേപ്പര്‍ വൃത്തിയാക്കി പുസ്തകങ്ങളെ നല്ലപോലെ പൊതിഞ്ഞ് കറുത്ത ഒരു റബ്ബര്‍ പുസ്തകങ്ങള്‍ക്ക് മുകളിലൂടെ ഇട്ട്  ...പിടിയുള്ള ഒരു ചോറുപാത്രവും ഒക്കെ ആയി സ്കൂളിലേക്കുള്ള യാത്ര.....

കാളവണ്ടിക്കാരന്‍ സുബ്രുചേട്ടന്റെ വണ്ടിയുടെ പിറകില്‍ കൂടി നടക്കും ആസമയം പുസ്തകങ്ങള്‍ കാളവണ്ടിയില്‍ വക്കും ...സുബ്രുചേട്ടന്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കുമ്പോള്‍ ആള്‍ അറിയാതെ കാളവണ്ടിയില്‍ തൂങ്ങും...
                                                       മഴക്കാലമായാല്‍ സ്ഥിരം പോകാറുള്ള വഴിയില്‍ വെള്ളം നിറയും അവിടെ ഒരു ചെറിയ തോടുണ്ട്....അതിനുമുകളില്‍ ഒരു ചെറിയ തേങ്ങുമുട്ടിപ്പാലം ഉണ്ട്....വെള്ളം നിറയുമ്പോള്‍ ഈ തെങ്ങ്മുട്ടി വെള്ളത്തില്‍ പൊന്തും...പിന്നീടുള്ള യാത്ര ദുര്‍ഘടം ആയിരിക്കും....
                                                        വെള്ളം പൊന്തുന്ന നേരം ആ തോട്ടിലെ വെള്ളം ഞാന്‍ കുടിക്കാത്ത ദിവസങ്ങള്‍ ഇല്ല...കാരണം തെങ്ങുമുട്ടിപാലത്തില്‍ കയറിയാല്‍ പാലം ഉരുളും ..അപ്പോള്‍ ഞാന്‍ വിരളും....ക്ലൈമാക്സില്‍ നനഞ്ഞൊലിച്ച ഡ്രസ്സും പുസ്തകങ്ങളും ആയി നടന്ന് വരുന്ന എന്നെ കാണാന്‍ കഴിയും........................

“ചലോ എക്ക് ബാര്‍ ഫിര്‍സേ.....
      അജ്നബീ ബന്‍ ജായേ ഹം ദോനോം”....

ഒരിക്കല്‍ കൂടി നമുക്ക് തമ്മില്‍ അറിയാത്തവരില്‍ നിന്നും തുടങ്ങാം...

എത്ര അര്‍ത്ഥവത്തായ വരികള്‍.....

സ്നേഹിക്കുന്ന മനസുകള്‍ എപ്പോഴെങ്കിലും ഇങ്ങനെ ഒന്ന് ചിന്തിച്ചിട്ടില്ലെ.....?

Friday, 7 February 2014

കെ കെ ടി എം കോളേജ്.......

എന്റെ പ്രീ ഡിഗ്രി സെക്കന്റ്റിയര്‍......

അറ്റന്റ്റര്‍ തൂക്കിപിടിച്ച ഒരു ബക്കറ്റും ആയി വരുന്നു.....ബക്കറ്റിനുമുകളില്‍ ഒരു പ്ലാസ്റ്റിക്ക് കവര്‍ ഇട്ടു മൂടിയിരിക്കുന്നു.....

കോളേജ് വരാന്തയിലൂടെ അറ്റന്റ്റ റുടെ ആ വരവ് കാണാന്‍ നല്ല രസം ആണു...
പരിചയം ഇല്ലാത്തവര്‍ കണ്ടാല്‍ കക്കൂസിനു പോകുന്നതാണേന്നേ കരുതൂ...

ഇങ്ങനെയുള്ള ഈ പോക്ക് ക്ലാസില്‍ ഇരിക്കുമ്പോള്‍ ഇടക്ക് ഇടക്ക് കാണാം....

ആ ബക്കറ്റ് മുഴുവനും തവളകള്‍ ആണ്....ബയോളജിക്ക് കീറിമുറിച്ച് പഠിക്കാന്‍....

എനിക്കാണെങ്കില്‍ ബയോളജി ലാബും,കെമിസ്ട്രീ ലാബും കണ്ണെടുത്താല്‍ കണ്ടുകൂടാ....കോളേജും കണ്ടുകൂടാ ട്ടൊ....

പിന്നൊരു കാര്യം ഉണ്ട് പരീക്ഷണവിധേയരായ തവളകള്‍ പരീക്ഷണാര്‍ഥം ഇഹലോകവാസം വെടിയുകയാണ്....
ആരും പിന്നീട് ജീവിച്ചിരുന്നതായി ഇത് വരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.....

അന്ന് ഈ ബയോളജി ലാബു കൊണ്ട് വന്‍ ലാഭങ്ങള്‍ കൊയ്ത് കൊണ്ടിരുന്നത് ഞാനും പിന്നെ കുറച്ച് മിസ്റ്റര്‍ കോളേജുകാരുമായിരുന്നു....

കാരണമെന്തെന്നോ...മൃതിയടഞ്ഞ തവളകളുടെ ശവശരീരങ്ങള്‍ ഏറ്റെടുക്കാന്‍ അവകാശികള്‍ ഇല്ലാത്തതിനാല്‍ ...അവരുടെ ആത്മാവുകള്‍ കോളേജ് പരിസരത്ത് ഗതികിട്ടാതെ നടക്കുന്ന കാലഘട്ടം....
ചില പ്രൊഫസര്‍മാരേയും പിന്നെ ഞങ്ങളെപോലുള്ള കുറെ വിദ്യാര്‍ത്ഥികളേയും കണ്ടാല്‍ തവളകളുടെ പ്രേതം കയറിക്കൂടിയിട്ടുണ്ടൊ എന്ന് എനിക്ക് പലപ്പോഴും സംശയം ജനിപ്പിക്കുമായിരുന്നു...

എന്തെന്നാല്‍ മേല്പറയപ്പെട്ട ഞങ്ങളുടെ നടത്തത്തില്‍ ഇടക്കിടക്ക് ചെറിയ ചെറിയ ചാട്ടം ഉള്ളതായി പലരും പറഞ്ഞു കേട്ടിരിക്കുന്നു....

ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ....ഇതിനൊരു തീരുമാനം വേണമല്ലോ....അങ്ങിനെയാണു ഞാനും മുമ്പ് പറഞ്ഞ മിസ്റ്റര്‍ കോളേജന്മാരും കൂടി ഒരു ധാരണയില്‍ എത്തിയത്....
കോളേജ് വിദ്യാര്‍ത്ഥികളാലും വിദ്യാര്‍ത്ഥിനികളാലും പിന്നെ പൊഫസര്‍മാരാലും പീഡിതരായ അനാഥ പ്രേതങ്ങളെ ഏറ്റെടുക്കുക....

എന്നിട്ട്.......എന്നിട്ട്.....തൊട്ടടുത്ത് കോഴിക്കട കള്ളുഷാപ്പില്‍ വിറ്റ് കാശാക്കുക...ആ കാശിനു അവിടെ നിന്ന് തന്നെ കപ്പയും കറിയും കഴിക്കുക...
[കള്ളുഷാപ്പിലെ കറികള്‍ക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ്]

ഷാപ്പിലെ ചേട്ടനുമായിട്ട് കരാറില്‍ ഒപ്പുവെച്ചു....അത് പ്രകാരം ഞങ്ങളുടെ ശരീരം പുഷ്ടിപെട്ടു തുടങ്ങി....അങ്ങിനെ ആ പരിപാടി നിര്‍ബാധം തുടരുന്ന സമയം.......
ഞാനും എന്റെ ക്ലാസിലുള്ളവരും ബയോളജിലാബില്‍ പുതിയ പരീക്ഷണങ്ങള്‍ക്കയി കാത്ത് നില്‍ക്കുന്നു....ഞാന്‍ കുറേശ്ശേ ബയോളജി ലാബിനെ ഇഷ്ടപ്പെട്ടുതുടങ്ങി...അതില്‍ നിന്നുണ്ടാകുന്ന ലാഭം ഓര്‍ത്താണുട്ടോ...

അറ്റന്റ്റര്‍ ഞങ്ങള്‍ക്കുള്ള തവളയുമായി വന്നു.....എല്ലാവരും റെഡിയായി ഇരിക്കുകയാണു...ബക്കറ്റില്‍ ക്ലോറോഫോം ഒഴിച്ച് തവളകളെ ബോധം കെടുത്തി.....പലകയില്‍ തവളയെ പലകയില്‍ മലര്‍ത്തികിടത്തി...കൈകാലുകള്‍ നിവര്‍ത്തി ഓരോ കാലുകളിലും കയ്യുകളിലും മൊട്ടുസൂചി അടിച്ച് കയറ്റി.

എനിക്ക് കിട്ടിയ തവള ഏകദേശം ഒരു റാത്തല്‍ വരും സല്‍മാന്‍ ഖാന്റെ മസിലിനെ വെല്ലുന്ന  മസിലുമായി ലവന്‍ നീണ്ടുനിവര്‍ന്ന് അങ്ങനെ കിടക്കുകയാണ്......
തവളയുടെ ശ്വാസൊശ്ചാസം കാരണം അതിന്റെ നെഞ്ച് ഉയര്‍ന്ന് താണു ചലിക്കുന്നു....ഞാന്‍ ഡിസക്ഷന്‍ ബോക്സ് തുറന്ന് കത്രികയെടുത്തു..തവളയുടെ അടിഭാഗം മുതല്‍ ഏകദേശം കഴുത്ത് വരേയും തുണിമുറിക്കുന്ന ലാഘവത്തോടെ മുറിച്ചു....അത് കഴിഞ്ഞ് വയറിനെ പതുക്കെ സൈഡിലേക്ക് നീക്കി പലകയില്‍ മൊട്ടുസൂചികയറ്റി.......

ചെറുകുടല്‍ വന്‍ കുടല്‍ അമാശയം എന്നിങ്ങനെ മാറി മാറി അകത്തിവച്ച് പരീക്ഷിച്ച് കൊണ്ടിരിക്കുന്ന നേരം ....
ഒന്ന് കണ്ണുചിമ്മിതുറക്കുന്ന നേരം പലകയില്‍ നിന്നും ലവന്‍ പൂര്‍വ്വാധികം ശക്തിയോടെ മേല്പോട്ട് ചാടി.........
മുഖമാകേ തവളരക്തം തേറിച്ചു.......പിന്നെ കേട്ടത് ഒരു നിലവിളി....ആരൊക്കെയോ ഇരിക്കുന്ന സ്റ്റൂളില്‍ നിന്നും ഉരുണ്ട് വീഴുന്ന ഒച്ചയും കേട്ടു.....

കുടല്‍മാല പുറത്തായ തവള ചാടി ..ചെന്നിരുന്നത് മുന്നിലിരുന്ന പെണ്‍കുട്ടിയുടെ തലയില്‍.....
പീഡിപ്പിക്കാന്‍ വരുന്ന ആണിന്റെ മുന്നില്‍ നിന്ന് കൊടുത്താലും  . ഒരു പാറ്റയുടെ മുന്നിലോ എട്ടുകാലിയുടെ മുന്നിലോ നിന്ന് കൊടുക്കാത്തതാണു പെണ്‍ചരിത്രം . അപോള്‍ പിന്നെ തവള ചാടി തലയില്‍ ഇരുന്നാലത്തെ കഥ പറയണോ....

ആ പെണ്‍കുട്ടി അലമുറയിട്ട് തവളയെ തട്ടിമാറ്റി ...തവള അടുത്താള്‍ടെ മേലെ വീണു.....അങ്ങനെ ഏകദേശം രണ്ട്മിനിറ്റ് ലാബ് ശബ്ദമുഖരിതമായി....

എല്ലാവരും എന്നെ സൂക്ഷിച്ചൊന്നു നോക്കി ...ഞാന്‍ ഞങ്ങളുടെ പ്രൊഫസറേയും....അന്ന് ബയോളജി ലാബിനോട് എനിക്ക് വെറുപ്പ് തോന്നി.....

“അറ്റന്റ്റര്‍ ക്ലോറോഫോം ഒഴിച്ചെങ്കിലും എന്റെ തവളക്ക് ബോധം പോയിരുന്നില്ല......പാവം ഞാന്‍.....

ഷഫീര്‍ പുവത്തും കടവില്‍

Thursday, 6 February 2014

കെ കെ ടി എം കോളേജിന്റെ അങ്കണം.....
ഞാന്‍ പഠിക്കുന്ന കാലത്ത് മെയിന്‍ റോഡില്‍ നിന്നും ഒരു അഞ്ചുമിനിറ്റ് നടക്കണം കോളേജില്‍ എത്താന്‍....
ബസ്സിറങ്ങിയാല്‍ വലത് വശത്ത് ഒരു ചെറിയ കോമ്പ്ലക്സ് അതില്‍ ഒരു ചായക്കട, ഒരു ബുക്ക്സ്റ്റാള്‍..പിന്നെ വേറെ എന്തോ രണ്ട് കടകൂടി ഉണ്ടായിരുന്നു...ഓര്‍മ്മയില്‍ വരുന്നില്ല...

ഈ ചെറിയ ശരീരത്തിലെ ചെറിയ തലയില്‍ ആകെ കുറച്ച് തലച്ചോറേ ഉള്ളൂ അതില്‍ ഈ വക കാര്യങ്ങളൊന്നും ഫീഡ് ചെയ്ത് വെക്കാന്‍ കൊള്ളില്ല...
പെട്ടെന്ന് ഡിലൈറ്റ് ആയി പോകും..
പ്രീ ഡിഗ്രി സെക്കന്റ് ഇയറിനു പഠിക്കുന്ന സമയം...
അന്ന് മിക്സഡ് ആണ്...ഒരു സൈഡില്‍ ആണ്‍കുട്ടിള്‍ എന്ന ചാത്തന്മാരും...
മറുസൈഡില്‍ പണ്‍കൊടികള്‍ ആയ പിടകളും.....

ഒരു വലിയ ബ്ലാക്ക് ബോഡും അതിനോട് ചേര്‍ന്ന് ഒരു മരപ്പലകയില്‍ തിര്‍ത്ത പ്ലാറ്റ് ഫോമും ആണു ക്ലാസ് റൂം അലങ്കരിക്കുന്നത്.....


Tuesday, 4 February 2014

രാത്രിയുടെ രണ്ടാം യാമത്തില്‍ ഫോണ്‍ബെല്‍ നിര്‍ത്താത് മുഴങ്ങുന്നു....
ദാരാണപ്പോ ഈ നേരത്ത്.....
മൊബൈലും എടുത്ത് പതുക്കെ പുറത്തേക്ക് കടന്നു...
വീടിന്നുള്ളില്‍ സിഗ്നല്‍ കിട്ടില്ല.......
പുറത്തും കിട്ടില്ല ട്ടൊ....
ലോകത്തിന്റെ ഒരറ്റത്താണല്ലോ ഞാന്‍ താമസിക്കുന്നത്....

“ഇവിടെ ഈ പൈങ്ങോട് ഭാഗത്ത്....വള്ളിവട്ടം വില്ലേജിന്റെ ഒരു സൈഡിലുള്ള സ്ഥലം ആണു പൈങ്ങോട്....
ഒരിക്കല്‍ ....ഒരിക്കല്‍ എന്ന് പറഞ്ഞാല്‍ ദേ ഈ അടുത്ത കാലത്ത്..ഒരു മൊബൈല്‍ ടവര്‍ വരാനുള്ള പരിപാടിയൊക്കെ ഉണ്ടായിരുന്നു...
അന്ന് അതിനെ നഖശിഖാന്തം എതിര്‍ത്ത കൂട്ടത്തില്‍ മുമ്പന്തിയില്‍ ഞാനും ഉണ്ടായിരുന്നു....
ഇന്ന് സിഗ്നല്‍ കിട്ടാതായപ്പോള്‍ ബി എസ് എന്‍ എല്‍ ക്കാരെ പ്രാകീട്ട് എന്ത് കാര്യം...
ഭാവിയില്‍ ഉണ്ടാകുന്ന ഭവിഷത്തിനെ കുറിച്ചാണത്രേ....എല്ലാവര്‍ക്കും ഭയം...
വര്‍ത്തമാനത്തില്‍ ഉള്ള...ഭീകരതയില്‍ ആര്‍ക്കും ഉല്‍കണ്ഠ ഇല്ല....
എന്നാല്‍ വിരോധാഭാസം കേള്‍ക്കണോ...ഈ പറയുന്ന എന്റെ നാട്ടില്‍ ചുരുങ്ങിയത് രണ്ടുമൊബൈലെങ്കിലും ഇല്ലാത്ത വീട് ഇല്ല....
                                                                                             എല്ലാവരും കൂടി ഒരു സമരത്തിനിറങ്ങുമ്പോള്‍ കൂട്ടത്തില്‍ നിന്നില്ലേല്‍ അതും പുലിവാലാ...

അന്ന് ആ സമര പന്തലില്‍ സമ്മേളിച്ചവരുടേ പോകറ്റുകളിലും മൊബൈല്‍ ഫോണുകളുണ്ടായിരുന്നു....
ഇന്നലെ രാത്രിയിലെ ഫോണ്‍ വന്ന കാര്യം എഴുതാനാണു ഇന്ന് കീ ബോഡിന്റെ മുകളില്‍ കൈവിരലുകള്‍ നൃത്തം ചവിട്ടി തുടങ്ങിയത്...അതെഴുതാനുള്ള വഴിത്തിരിവില്‍ കഥ മാറിയത് യാദൃശ്ചികം മാത്രം...
ആ കഥ ഇനി പിന്നെ എഴുതാം....
ഇന്നലെ കോളേജില്‍ നാടകം കളിച്ച വിവരം എങ്ങിനെയോ അറിഞ്ഞ് അതില്‍ ഗാന്ധിജി ആയ് അഭിനയിച്ച ഷുക്കൂര്‍ ആണു രാത്രി ഫോണില്‍ വിളിച്ചത്....
നമ്മുടെ എല്ലാ കഥകളും എഴുതാന്‍ പറഞ്ഞു....അവനുമായി ഉണ്ടായ സംഭാഷണം പിന്നെ എഴുതാം...

https://www.facebook.com/pmshafeerpm/posts/228385107344682?notif_t=like
കോളേജ് ഡേ നടക്കുന്നസമയം

സംഭവം നടക്കുന്നത് അങ്ങ് ജാമ്പോവാന്റെ കാലത്തൊന്നും അല്ല...
ഈയുള്ളവന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയം....
സോറി പഠിക്കുന്നത് എന്ന് പറയേണ്ട...പോകുന്ന സമയം എന്നാക്കാം...പഠിക്കുന്നു എന്ന് പറഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ പഠിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടായി തോന്നും
രണ്ട് ദിവസത്തെ പരിപാടിയായിരുന്നു...
ആദ്യദിവസം എന്റെ മോണോ ആക്ടും മിമിക്രിയും ഉണ്ടായിരുന്നു.....
മോണോ ആക്റ്റില്‍ സെക്കന്റും മിമിക്രിയില്‍ അന്നെനിക്ക ഫസ്റ്റും ആണു കിട്ടിയത്....
സ്വകാര്യം....മിമിക്രിക്ക് ഞാന്‍ മാത്രം ഉണ്ടായിരുന്നുള്ളൂ.....

അതു പോട്ടെ കഥ ഇതൊന്നുമല്ല ....രണ്ടാം ദിവസം നാടകം , കവിത.., സൌന്ദര്യമത്സരം എന്നിങ്ങനെയുള്ള പരിപാടികള്‍ ആണ്....

ഞങ്ങള്‍ സെക്കന്റിയര്‍ വിദ്യാര്‍ത്ഥികള്‍ ...പുത്തന്‍ ചിറയില്‍ നിന്നും വരുന്ന ശിവപ്രകാശന്‍, കൊടകരയിലുള്ള ശുക്കൂര്‍,പൊയ്യ പൂപ്പത്തിയില്‍ നിന്നും വരുന്ന സന്തോഷ്,പിന്നെ ഞാന്‍ , വേറേയും രണ്ടുമൂന്നാളുകള്‍ ഉണ്ട് പേരു ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല....

“ഓപ്പറേഷന്‍ ഡേമോക്രസി“  ഇതാണു നാടകത്തിന്റെ പേര്....

മരണശേഷം അങ്ങ് പരലോകത്തില്‍ ആത്മാക്കളുടേ സംഗമം ആണു കഥയിലെ ഉള്ളടക്കം...

അവിടെ ഗാന്ധിജി,നെഹ്രു,ഒരു ഇംഗ്ലീഷുകാരന്‍,ഒരു നമ്പൂതിരി,പിന്നെ യമധര്‍മ്മന്‍,പിന്നെ ആരൊക്കെയോ ഉണ്ട്....

രംഗം പരലോകം ആണ്...അവിടെക്ക് ഒരു പുതിയതായി മരിച്ച ഒരു വ്യക്തിയെ കൊണ്ടുവരുന്ന ഒരു രംഗത്താണു എനിക്ക് സീനുള്ളത്...

ഏകദേശം ഒരു മാസം മുന്നേ റിവേഴ്സല്‍ തുടങ്ങി ശിവപ്രകാശന്‍ നമ്പൂതിരിയായിട്ടാണു അഭിനയിക്കുന്നത്,ശുക്കൂര്‍ ഗാന്ധിജിയും...
ഗാന്ധിജിക്ക് ഇത്രയും കറുപ്പ് ഉണ്ടായിരുന്നോന്ന് എനിക്ക് ഇപ്പോഴും സംശയം ആണ്...

അത്രക്കും കറുത്തവനാണു ഷുക്കൂര്‍...അവനൊ ഗാന്ധിജിയും..ഇംഗ്ലീഷുകാരനും മോശമല്ല....അമേരിക്കക്കാരനു വെടിക്കെട്ടുകാരന്റെ മകളില്‍ ജന്മം കൊണ്ടത് പോലെയുള്ള ഒരു ഇംഗ്ലീഷുകാരന്‍....

റിവേഴസല്‍ ഒക്കെ ഗംഭീരമായി നടന്നു എനിക്ക് ഡയലോഗ്ഗ് ഒന്നും ഇല്ല ..ഞാന്‍ ശവം ആണ്. നാടകം തുടങ്ങി ഏകദേശം മൂന്ന് മിനിറ്റു കഴിഞ്ഞാല്‍ യമന്‍ എന്നെ പൊക്കി എടുത്ത് കൊണ്ട് വന്ന് സ്റ്റേജില്‍ ഇടുന്നത് മുതല്‍ ഞാന്‍ ശവമായി അവിടെ കിടക്കണം ...
സ്റ്റേജില്‍ എന്നെ കൊണ്ടുവന്നിടാനുള്ള സ്ഥലത്ത് ഒരു ചെറിയ പഞ്ഞിമെത്ത റെഡിയാക്കി വച്ചിരുന്നു...ശവം കൊണ്ടുവന്ന് സ്റ്റേജില്‍ എറിഞ്ഞിടണം...


നാടകം തട്ടേല്‍ കയറാനുള്ള സമയം ആയി..... കര്‍ട്ടന്‍ പൊന്തി ,നാടകം തുടങ്ങി രംഗം കൊഴുക്കുകയാണു...
“എവിടെ യമന്‍...?
ആ ഏഭ്യന്‍ താഴെഭൂമിയില്‍ നിന്നും ഒരു ആത്മാവിനെ കൊണ്ട്വരാന്‍ പോയിരിക്ക്ണു”

അപ്പോള്‍ ഷുക്കുര്‍ എന്ന കാലന്‍ എന്നെ പൊക്കിയെടുത്ത് സ്റ്റേജില്‍ കോണ്ട്വന്നു...ഒരു ഗാന്ധിസ്റ്റായിലില്‍ ഉള്ള ഒരു കോണകം ആണു എന്റെ വേഷം,
കാലന്‍ എന്നെ കൊണ്ടുവന്ന് താഴേ വിരിച്ചിട്ടിരിക്കുന്ന കിടക്കയിലേക്ക് ഒറ്റ ഏറ്....ഉമ്മാ...എന്നൊരുവിളി ആ ശവത്തില്‍ നിന്നും ഉത്ഭവിച്ച് മൈക്കിലൂടെ പുറത്തേക്ക് പോയി...

കോളേജ് പരിസരം ആകെ ചിരിയുടെ ബഹളം എന്റെ മോണോ ആക്ടിനു പോലും ഇത്രയും ചിരി ഞാന്‍ കേട്ടില്ല....നാടകം തീരുന്നത് വരേയും ഞാന്‍ കണ്ണുമടച്ചോണ്ട് അവിടെ തന്നെ കിടന്നു....

മുന്നില്‍ വച്ചിരുന്ന ആമ്പ്ലിഫയറില്‍ നിന്നും ഒരു പൊട്ടലും കേട്ടു അപ്പോള്‍ തന്നെ കറണ്ടുമ്പോയി.......

സത്യത്തില്‍ നടന്നത് എന്തെന്നോ...കാലന്‍ എന്നെ എറിയുമ്പോള്‍ ഞാന്‍ കാലന്റെ കയ്യില്‍ നിന്നും പിടിവിട്ടുപോയി കിടക്കയില്‍ വീണില്ല...പകരം കിടക്കക്ക് പുറത്തുള്ള പലകയില്‍ ആയിരുന്നു...അതില്‍ ഒരു ആണി പൊന്തിനില്‍ക്കുന്നുണ്ടായിരുന്നു...
അത് ചന്തിക്ക് കൊണ്ടപ്പോഴാണു ഞാന്‍ ഉമ്മാനെ വിളിച്ചത്....കൂടാതെ അറിയാതെ മൂത്രവിസര്‍ജനവും നടന്നു...അതാണു ആമ്പ്ലിഫയര്‍ പൊട്ടിത്തെറിക്കാന്‍ കാരണമായത്.........

Monday, 3 February 2014

എനിക്കും ഉണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം 

ഭാഗം .....പതിനാറ്

അബൂദാബിയിലുള്ള എന്റെ ജീവിതരീതി ഒരുവിധം മലയാളികള്‍ക്ക് അനുകൂലമായി തുടങ്ങിയെന്ന് പറയാം...

കാരണം ഇവിടെ അറബികള്‍ക്ക് തൃപ്തിയായില്ലേലും മലയാളികള്‍ക്ക് തൃപ്തിയാവണം...
1998 ഏപ്രില്‍ ഒന്ന്....
അന്നാണു ഞാന്‍ ആദ്യമായി ഗള്‍ഫിലെ ശമ്പളം കൈപറ്റുന്നത്...ആദ്യത്തെ ശമ്പളം 18 ദിവസത്തെ എന്തെ വേതനം
ഈ വേതനത്തിനു ഞാന്‍ ഒരു പാടു വേദന അനുഭവിച്ചു എന്നുള്ളതാണു സത്യം...

ആദ്യമായി ഞാന്‍ കൈപറ്റിയ ആ തുക 600 ദിര്‍ഹം....എന്റെ ശമ്പളം 1000 ദിര്‍ഹം
അങ്ങനെ പ്രഥമ തനഹയുമായി ഞാന്‍ അന്ന് വൈകിയിട്ട് ഫോറ്റില്‍ എത്തി....

അവിടെ അപ്പോള്‍ എന്നേയും കാത്ത് ഒരു ലിസ്റ്റ് ഇരിപ്പുണ്ടായിരുന്നു....
അതിന്റെ ഉള്ളടക്കം ഇങ്ങനെ....

സഫീര്‍......മാര്‍ച്ഛ്
റൂം റെന്റ്..........290
മെസ്സ്.....................188.50
ഇല:..................25 
മെസ്സ് അഡ്വാ:...250
ആകെ മൊത്തം....753.50

ന്റെ പടച്ചോനെ ആകെ 600 ഉള്ളൂലോ...എന്താ ചെയ്കാ..കിട്ടിയ 600 ദിര്‍ഹവും അനിയനെ ഏല്‍പ്പിച്ചു...ബാക്കി കൂട്ടി അവന്‍ കൊടുത്തു....

ആ ഒരു കാര്യം എനിക്ക് വളരെ ബോധിച്ചു...കിട്ടിയ കാശ്മുഴുവനും അവിടെ ചെലവായാല്‍ ടെന്‍ഷന്‍ ഇല്ല..ബാക്കി പൈസ എന്ത് ചെയ്യണം എന്ന് ഒരു ചിന്തയും വേണ്ട....
കണ്ണുരുള്ള സാലാം ഹാജിയും ചാവക്കാട്ടെ കുഞ്ഞുമുഹമ്മദിക്കയും ചേര്‍ന്നാണു റൂമും മെസ്സും നടത്തുന്നത്...ആളൊന്നുക്ക് ഒരു നിശ്ചിത തുകയാണു...
മത്തിയും തക്കാളിയും ഉള്ളിയും ചിക്കനും മട്ടനും...[സ്വകാര്യം...വല്ലപ്പോഴും]ബീഫും [ പിന്നേം സ്വകാര്യം...അതും വല്ലപ്പോഴും]...ആയി ജീവിതം സസുഖം വാണരുളുന്നകാലം....
ആ സമയം കമ്പനിയിലേക്ക് പുതിയ ഒരു മാനേജറ് വരുന്നു...ഒരു സിറിയക്കാരന്‍....എഞ്ചിനിയര്‍.....നല്ല ചുള്ളന്‍...കാണാനും സിമ്പ്ലന്‍......
ഇതൊക്കെ പൊറമോഡിമാത്രമേയുള്ളൂ ട്ടോ....ആള്‍ ഒരു മൊരടന്‍...മൂശേട്ടാ...

അബൂദാബിയില്‍ ഒരു കാര്യം ഉണ്ട്...ഈജിപ്തില്‍ നിന്നും വരുന്നവര്‍ ദൊത്തൂറും[ഡോക്ടര്‍] സിറിയയില്‍ നിന്ന് വരുന്നവര്‍ എഞ്ചിനിയറും...അങ്ങിനെ നിയമം ഉണ്ടെന്ന് തോന്നും അവരുടെ കാട്ടികൂട്ടല്‍ കണ്ടാല്‍..
എന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ എന്ത് പഠിച്ച് വന്നിട്ടും കാര്യമില്ല...നമ്മളെന്നും ഇന്തികള്‍.....മലയാളിയാണേല്‍ അവര്‍ക്ക് വേറെ പേരാണു....മലബാറികള്‍...

എന്തായാലും പുതിയമാനേജരെ ഓരോരുത്തരായി പരിചയപ്പെട്ടു....കെട്ടിപിടിച്ചു...കവിളില്‍ മുത്തം വച്ചു...എല്ലാവരും അവരാരുടെ പേരുപറഞ്ഞു....പുഞ്ചിരിച്ചു.....അവസാനം എന്റെ ഊഴം എത്തി ഞാനും എന്നെ പരിചയപ്പെടുത്തി.....ഞാനും പുഞ്ചിരിച്ചു.....

“എന്നാല്‍ എന്റെ ആ പുഞ്ചിരിയില്‍ എനിക്ക് എത്രത്തോളം വിജയിക്കാന്‍ കഴിഞ്ഞു എന്ന് എനിക്ക് പറയാന്‍ കഴിയില്ല.....തലേന്ന് കിട്ടിയ ശമ്പളവും അതുമുഴുവന്‍ വാങ്ങിയ റൂമിലുള്ളവരും എനിക്ക് ഒരു ചോദ്യചിഹ്നമായിരിക്കുകയാണല്ലോ...

എന്റെ കഥയില്‍ ഞാന്‍ ആദ്യഭാഗത്തില്‍ എഴുതിയത് പോലെ “എരിത്തീയില്‍ നിന്നും വറചട്ടിയിലേക്ക് തന്നെയാ ഞാന്‍ വീണിരിക്കുന്നത് “എന്ന് ഉറപ്പിക്കാനുള്ള ഒരു പഴുത് എനിക്ക് കിട്ടി......
................................................................................................അവസാനിക്കുന്നില്ല...