Sunday, 4 May 2014

വ്യായാമം...

കാലുകള്‍ വലിച്ച് വച്ച് ഏന്തി ഏന്തിയുള്ള നടപ്പും കൂടാതെ ഓവര്‍ തടിയും കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിലായിരുന്നു കുര്യാക്കോസ് മാപ്ല...

“എന്ത് പറ്റി മാപ്ലേ..?”

ഒന്നും പറയേണ്ട കാലിനൊക്കെ നല്ല വേദന കൂടാതെ വയറ്റിലും ഉണ്ട്..“

ങ്ങേ....? ചോദ്യരൂപേണേ ഒന്ന് നോക്കി..

നീ നോക്കേണ്ട...വയറ്റിലുണ്ടെന്ന് പറഞ്ഞത് ...വയറ്റിലും വേദനയുണ്ടെന്ന അര്‍ത്ഥത്തില്‍ ആണു..ഓ നിന്നോടൊന്നും പറയാനും വയ്യാണ്ടായിരിക്കുണു..

“ആശാനേ രാവിലെ തന്നെ എഴുന്നേറ്റ് കുറച്ച് നേരം ഓടുകയായിരുന്നെങ്കില്‍ ഈ തടിയും കുറയും നല്ലൊരു വ്യായാമവും ആവുകയും ചെയ്യും”

എടാ ഞാനീ വയസ്സാം കാലത്ത് രാവിലെ എഴുന്നേറ്റ് ഓടുക എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ എന്ത് കരുതും....

അതൊന്നും കാര്യമാക്കേണ്ട ...ഒരു കാര്യം ചെയ്യൂ..ആളുകള്‍ എഴുന്നേറ്റുവരുന്നതിനു മുമ്പ് ആയിക്കോളൂ...അപ്പോള്‍ പിന്നെ ആരേലും കാണും എന്നുള്ള ഭയവും വേണ്ട....

അങ്ങനെയാണു കുര്യാക്കോസ് ചേട്ടന്‍ രാവിലെ 4 മണിയായപ്പോള്‍ ഓടാനായിട്ട് എഴുന്നേറ്റത്...കുറച്ച് ദൂരേക്ക് പോകാം അവിടെയാകുമ്പോള്‍ അധികം ആളുകള്‍ തന്നെ അറിയുകയും ഇല്ല...

കൂരാകൂരിരുട്ടത്ത് കുര്യാക്കോസ് ചേട്ടന്റെ ഓട്ടം കണ്ടിട്ട് തെരുവുനായക്കള്‍  ഇളകി...ചേട്ടന്റെ കണിയും നായ്ക്കളുടെ കണിയും തമ്മില്‍ പൊരുത്തപ്പെടാന്‍ അല്പം താമസിച്ചു..
പര്‍വ്വതം കണക്ക് കുര്യാക്കോസ്ചേട്ടന്റെ ഓട്ടം പിന്നാലെ ഇവനെ ഇന്ന് പിടിച്ചിട്ട് തന്നെ കാര്യം എന്നലെവലില്‍ മൂന്നാലുനായക്കള്‍..
ശബ്ദമുഖരിതമായ അന്തരീക്ഷം ഉറങ്ങിക്കിടക്കുന്നവര്‍ എഴുന്നേല്‍ക്കാന്‍ അധികം സമയം ഒന്നും വേണ്ടിവന്നില്ല...
ഓട്ടത്തിനിടയില്‍ അടുത്തുകണ്ട ഒരു പറമ്പിലേ ഒരു മരത്തിലേക്ക് പാഞ്ഞൂകയറി നമ്മുടെ ചേട്ടന്‍...നായ്ക്കളുടെ കുരയും കുര്യാക്കോസ് ചേട്ടന്റെ വെപ്രാളവും ഒക്കെ കാരണം മരത്തിന്റെ മുകളിലെ പിടിവിട്ട് ചേട്ടന്‍ ദാണ്ടെ കിടക്കുന്നു തൊട്ടടുത്തുണ്ടായ വീടിന്റെ മുകളില്‍..വീടിന്റെ ഓട്പൊട്ടി ചേട്ടന്‍ വീടിനകത്തേക്ക് .....

പൊണ്ണത്തടി തറയില്‍ വീണപ്പോള്‍ തൈരും കുടം വീണശബ്ദം ...വീട്ടുകാരെഴുന്നേറ്റു..ബഹളം ആയി...കള്ളന്‍ കള്ളന്‍ കള്ളന്‍...എന്നുള്ള അലര്‍ച്ചമാത്രമേ കുര്യാക്കോസ് ചേട്ടന്‍ കേള്‍ക്കുന്നുള്ളു...ഓര്‍മ്മവരുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ ആയിരുന്നു...

അവസാനം ജാമ്യത്തിലെടുത്ത് കൊണ്ടുവരുന്ന വഴിക്ക് ഞാന്‍ ചോദിച്ചു...

“ചേട്ടന്‍ എന്തിനാ മരത്തില്‍ പൊത്തിപ്പിടിച്ച് കയറിയത്...? ഓടാഞ്ഞിരുന്നില്ലെ..?”

“അതെ ഞാന്‍ ഓടണമായിരുന്നു...നിന്നെ ആദ്യം കണ്ടപ്പോള്‍ തന്നെ ഞാന്‍ ഓടണമായിരുന്നു..“

No comments:

Post a Comment