Thursday, 8 February 2018

സുഹൃത്തുക്കളെ....

നമ്മുടെ 82-83 ബാച്ചിന്റെ സ്നേഹകൂട്ടായ്മ ജനുവരി 21 2018 ൽ കൽപ്പറമ്പ് സ്കൂളിൽ വളരെ മനോഹരമായ രീതിയിൽ കൂടുകയുണ്ടായി...അതിന്റെ നടത്തിപ്പ് വകയിലേക്കായി എല്ലാവരും സംഭാവനകൾ നൽകിയിരുന്നു...

എഴുപത്തി ഒന്ന്പേര്  രജിസ്റ്റർ ചെയ്തു സംഭാവനകൾ നൽകി....

മൊത്തം തുക 55600 രൂപ പിരിഞ്ഞു കിട്ടി....അതിൽ നമുക്ക് ചിലവായത്..
1. മൈക്ക് വാടക............                      5000 ക
2.ബാനർ ..3 എണ്ണം.........                      1000 ക
3.ഭക്ഷണം,ചായ..............                     11450 ക
4.സ്റ്റേഷനറി&പ്രിന്റ്......                    1275 ക
5.സ്കൂളിലേക്കുള്ള സംഭാവന.....  5000 ക
6.ക്ലീനിങ്ങ് {പ്യൂൺ}............................500 ക

ആകെ .......................................................24225 ക ..ചിലവ് കഴിച്ച് 

നമ്മുടെ കയ്യിൽ 31375 ക ബാലൻസ് ഉണ്ട്...

ഇനി പ്രധാനപ്പെട്ടകാര്യം നമ്മുടെ കൂടെ പഠിച്ച സുരേഷ് ബാബു (അരീപ്പാലം) സ്റ്റ്രോക്ക് വന്ന് നടക്കുവാ‍ൻ തന്നെ ബുദ്ധിമുട്ടിൽ ആണ്  .. നമ്മുടെ ബാലൻസ് തുകയിൽ നിന്നും “10000”ക അവനു കൊടുക്കാൻ തീരുമാനിക്കുന്നു. (സുരേഷ് ബാബു ബുദ്ധിമുട്ടിയാണെങ്കിലും അവനും നമ്മുടെ പരിപാടിക്ക് വന്നിരുന്നു

രണ്ടാമത് “കൃഷ്ണൻ കുട്ടി കൽപ്പറമ്പ് ആക്സിഡന്റ്റിൽ പെട്ട് ശരീരം തളർന്ന് അബോധാവസ്ഥയിൽ കിടപ്പിൽ ആണ് അവനും നമ്മുടെ സഹായനിധിയിൽ നിന്നും 10000 കൊടുക്കുവാൻ തീരുമാനിക്കുന്നു..

ബാലൻസ് തുക നമുക്ക് വേണ്ടി നമ്മൾ തുടങ്ങുന്ന ചാരിറ്റി പ്രവർത്തനത്തിനുള്ള ബാങ്ക് അക്കൌണ്ടിൽ ഡെപ്പോസിറ്റ് ചെയ്യുന്നു...

11375 ക ബാലസ് ഉണ്ടാകും....

(വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുവാൻ എന്നെ ആണു ഏൽപ്പിച്ചിരുന്നത് എന്റെ സമയക്കുറവ്  കാരണം ആണു നേരം വൈകിയത് ക്ഷമിക്കുക)


Thursday, 1 February 2018

ഒരു സത്യകഥ.....

(പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയില്ലാ എന്നറിയാം...എങ്കിലും ഇക്കാര്യം എഴുതിയാലേ ശരിയാവുകയുള്ളു)

അർക്കൻ ഉദിക്കാൻ ഇനിയും സമയം ബാക്കിയുണ്ട്...വൈകി ഉറങ്ങിയതിനാൽ മൊബൈൽ വിളിച്ചുണർത്താൻ ഒച്ചയിട്ടിട്ടും കണ്ണുകാണാൻ വേണ്ടി കണ്ണടക്ക് താങ്ങായി നിൽക്കുന്ന ചെവി കേട്ടില്ല....

അതിനും നാട്ടാരുടെ മുമ്പെ താലികെട്ടിയ ബീവി തന്നെ വേണ്ടിവന്നു...(എന്താ കണ്ണുചുളിച്ചത് പേടിക്കേണ്ട ആകെ ഒരു ബീവിയേ ഉള്ളു)

രാവിലെ തന്നെ നെടുമ്പാശ്ശേരിക്ക് ഒരു ട്രിപ്പ്....അനുജൻ സൌദിയിൽ നിന്നും വരുന്നുണ്ട്...മലയാളത്തിൽ പറഞ്ഞാൽ അവനെ അവിടെ നിന്നും നുള്ളണം..(പിക്ക് ചെയ്യണം)...

ദിനചര്യകളെല്ലാം കഴിഞ്ഞ് തലേ ദിവസത്തെ പാലിൽ തീർത്ത് ചായ മോന്തിക്കുടിക്കുമ്പോൾ .....രാവിലെ തന്നെ നെടുമ്പാശ്ശേരിയിൽ എത്താൻ ഉള്ള പാടിനെകുറിച്ച് മാത്രം ആയിരുന്നു ചിന്ത...

പെട്ടെന്നുതന്നെ റെഡിയായി എന്നേയും വഹിച്ച് കൊണ്ട് എന്നാൽ നിയന്ത്രിക്കുന്ന ആ നാലുചക്രവാഹനം മുന്നോട്ട് കുതിച്ചു...

ഉറക്കചടവ് കൺപോളകളെ മുഴുവനായ് വിട്ടകന്നില്ലെങ്കിലും ജീവിക്കാനുള്ള കൊതികൊണ്ട് വളരെ സൂക്ഷിച്ചാണു വണ്ടി ഓടിച്ചിരുന്നത്...നേരം പരപരാവെളുക്കുമ്പോഴേക്കും നെടുമ്പാശ്ശേരിയിൽ എത്തി...ജനസൌകര്യത്തിനുവേണ്ടിയും നാടിന്റെ ഖജനാവിന്റെ വയർ വീർപ്പിക്കാനായ് വലിയ മാറ്റം വരുത്തിയിരിക്കുന്നു ഇപ്പോഴത്തെ നെടുമ്പാശ്ശേരി....

ഹംബ് ചാടി ഗേറ്റ്പാസ്സ് എടുക്കുമ്പോൾ മലയാളിയാണോ ബംഗാളിയാണോ എന്ന് തോന്നിക്കുന്ന ഒരു “മംഗാളി” എന്നെ ഒന്ന് നോക്കി
 ഇളിച്ചുകാണിച്ചു...അവന്റെ മിഷ്യനിൽ നിന്നും ടൂത്ത്പേസ്റ്റ് കണക്കെ പുറത്തേക്ക് തുറിച്ച് വന്ന പേപ്പർ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വലിച്ച് കീറി എന്റെ നേരെ നീട്ടുമ്പോൾ അവന്റെ മുഖത്ത് നെടുമ്പാശ്ശേരി അവന്റെ ആണെന്നുള്ള ഒരു ഭാവം ഞാൻ വായിച്ചറിഞ്ഞു...

എന്നാൽ ഗേറ്റ്പാസ്സ് എടുക്കുന്നതിനുമുമ്പുള്ള ഹംബ് ചാട്ടത്തിൽ.....തലേദിവസത്തെ പാലിലുണ്ടാക്കിയ ചായ വയറിൽ കിടന്ന് ഒന്ന് തിരിഞ്ഞോ  എന്നൊരു സംശയം....സംശയം സത്യമാകാൻ അധികം നേരം വേണ്ടിവന്നില്ല....പേ പാർക്കിൽ പേ പിടിച്ചവനെപ്പോലെ ഞാൻ പാഞ്ഞു...കിട്ടിയ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ....

“ഹലോ ഇത് സ്റ്റാഫിനുള്ള പാർക്കിങ്ങ് ആണ്...ദോണ്ടെ അവിടെ പാർക്ക് ചെയ്യു“  എന്ന് ഒരു യൂണിഫോം ധാരി...ചൂണ്ടി കാണിച്ചു...

അനുസരണ എന്റെ കൂടപ്പിറപ്പാണല്ലൊ അത് തെറ്റിക്കേണ്ട എന്ന് കരുതി വീണ്ടും വണ്ടിയിൽ കയറി ഇന്ത്യൻ പൌരനുള്ള പാർക്കിങ്ങിൽ കൊണ്ടുപോയി ഇട്ടു..അല്ലാതെ പോലീസുകാരനെ പേടിച്ചിട്ടൊന്നും അല്ലാട്ടോ...

 ഫ്ലൈറ്റിൽ നിന്നും വരുന്നവരെ കാത്തിരിക്കാനായി ഇട്ടിരിക്കുന്ന സ്റ്റീൽ കസേരയിൽ ഇരിക്കാനായി  തുനിഞ്ഞപ്പോൾ വീണ്ടും നമ്മുടെ വില്ലൻ ആയ ചായ ഒന്ന് ഇളകി...

അനുജന്റെ ഫ്ലൈറ്റ് വരാൻ ഇനിയും ഇരുപത് മിനിറ്റ്കൂടിയുണ്ട്...അത്കൂടി ആലോചിച്ചപ്പോൾ ഞാൻ ആകെ പരവേശനായി....അപ്പോഴേക്കും എന്റെ വയറിൽ നിന്നും മൊത്തത്തിൽ പ്രശ്നങ്ങൾ ഉരുത്തിരിയാ‍ൻ തുടങ്ങിയിരുന്നു...ചെറിയൊരു ആശ്വാസത്തിനു സ്റ്റീൽ കസേരയിൽ അമർന്നുള്ള ഇരുപ്പും കസേരയിൽ നിന്നും ഉൽഭവിക്കുന്ന തണുപ്പും മാത്രം...

ക്ഷമക്കും ഒരു അതിരുണ്ടല്ലോ....പെട്ടെന്നെഴുന്നേറ്റ് സെക്ക്യൂരിറ്റി ഗാർഡിനോട് ലാറ്റ്രിൻ എവിടെയാണെന്ന് തിരക്കി....അയാൾ പറഞ്ഞ് മുഴുവിപ്പിക്കും മുമ്പേ ഞാൻ ലാറ്റ്രിന്റെ മുന്നിൽ എത്തിയിരുന്നു.....

ലാറ്റ്രിന്റെ മുന്നിലെ ക്യൂ കണ്ട് ഞാൻ ഞെട്ടി...

“ഇന്ന് എയർപോർട്ടിൽ വന്നവരൊക്കെ തലേ ദിവസത്തെ പാലിൽ ഉണ്ടാക്കിയ ചായകുടിച്ചവരാണോ ദൈവമേ.....“

അറിയാതെ മേലോട്ട് നോക്കിപ്പോയി....എന്ത് ചെയ്യും ഇരുപത് മിനിറ്റ് കഴിഞ്ഞാൽ അനുജന്റെ ഫ്ലൈറ്റ് വരും എന്നാൽ ഒരു സേക്കന്റ് പോലും ക്ഷമയില്ലാതെ എന്റെ പൃഷ്ടം...എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞെന്ന് വരാം എന്നാൽ എന്റെ.....പറ്റുമോ ആവോ....

ആകെ നാലു ലാറ്റ്രിൻ മുന്നിൽ കാണുന്നുണ്ട് പുറത്താണെൽ ഏകദേശം പതിനഞ്ചോളം ആളുകൾ.....പതുക്കെ ഒന്ന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു “ചേട്ടാ ക്യൂ” ആണു ട്ടോ...

“എന്താ ചെയ്യാ എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല”....

അവസാനം അവിടെ കൂടിനിന്നവരോട് എല്ലാവരോടും ആയി ഞാൻ എന്റെ അപ്പോഴത്തെ അവസ്ഥ പറഞ്ഞു...എന്നിട്ട് എന്റേതായ രീതിയിൽ ഇങ്ങനെ പറഞ്ഞു...

“ഇപ്പോൾ നിങ്ങൾ ഒന്ന് ക്ഷമിക്കുകയാണെൽ ഒരു വൻ പ്രോബ്ലത്തിൽ നിന്നും ഞാനും നിങ്ങളും രക്ഷപ്പെടും ...എനിക്ക് ക്ഷമിക്കാൻ എന്തായാലും കഴിയില്ല”

ഇത് പറഞ്ഞപ്പോഴേക്കും ഒരു “ദൈവദൂതൻ” അവന്റെ ആവശ്യം കഴിഞ്ഞ് ലാറ്റ്രിനിൽ നിന്നും പുറത്തേക്ക് ഇറങ്ങിവന്നു....

ഒരു പ്രതീക്ഷയും ഇല്ലാത്ത എന്ന് നോക്കി അവിടെ കൂടിയിരുന്നവർ എല്ലാവരും ഒരേ ശബ്ദത്തിൽ ഉറക്കെ പറഞ്ഞു....

“ചേട്ടൻ കയറിയാട്ടെ”......

“ഞാൻ കയറിയോ അതോ ചാടിയോ എന്നൊന്നും ഓർമ്മയില്ല”

“എല്ലാം കഴിഞ്ഞ് മനസമാധാനത്തോടെ ഇറങ്ങിവരുമ്പോൾ നന്ദിയോടെ ഞാൻ എല്ലാവരോടുമായി പറഞ്ഞു....

.“ലോകത്ത് ജാതിയും മതവും വലുപ്പചെറുപ്പവും ഇല്ലാത്ത ഒരേഒരു സ്ഥലം ചിലപ്പോൾ നെടുമ്പാശ്ശേരി എയർപോർട്ടിലെ ബാത്ത് റൂം ആവുമോ ആവോ”

ഇവിടെ എന്തിനാണു വന്നതെന്നകാര്യം മറന്ന് എല്ലാവരും ഒരുപോലെ ചിരിച്ചു......