Tuesday, 5 December 2017

കല്യാണം മുടക്കി

അഞ്ചടി ഉണ്ടൊ എന്ന് ചോദിച്ചാൽ അഞ്ചടിയുടെ കുറവ് ഉണ്ടെന്ന് നാട്ടുകാർ ഉത്തരം പറഞ്ഞിരുന്നു ഒരുകാലത്ത് നാട്ടുകാർ എന്നെ കുറിച്ച്....

അത്രക്കും മതിപ്പായിരുന്നു നാട്ടുകാർക്ക് .....ആ പെരുമയിൽ ഞാൻ വീണുപോയി...ആ വീഴ്ചയിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ ഞാൻ പെട്ടപാട് ഇന്നും തുടരുന്നു....കുഴിയാന കുഴിയിൽ നിന്നും മേലേ കയറാൻ ശ്രമിക്കുന്നത് പോലെ ......സംഭവം ഒരു കുഴിയാനയുടെ അത്രക്കും ഒള്ളു ഞാൻ എങ്കിലും .....
അബൂദാബിയിൽ നിന്നും ആദ്യമായി ലീവിനുവരുന്ന സമയം...മൂന്നുവർഷം മുപ്പത് വർഷം പോലെ അബൂദാബിയിൽ തള്ളിനീക്കിയതിന്റെ ശിഷ്ടം മൂന്ന് മാസത്തെ ലീവ് എന്നപേരിൽ കിട്ടിയപ്പോൾ ഒരു രസത്തിനു നാട് പിടിക്കാമെന്ന് വച്ച് ഇങ്ങ് പോന്നു....
ലീവ് അടിച്ച് പോളിക്കാമെന്നുള്ള ചിന്തയിൽ നാടുപിച്ചപ്പോൾ ....

ഒരുപാട് പുലിവാലുകൾ ആണു എന്നെ കാത്ത് ദൈവത്തിന്റെ സ്വന്തം നാടായ ഈ മലയാളമണ്ണിൽ വരവേൽക്കാനുണ്ടായിരുന്നത്...

അതിൽ എടുത്ത് പറയാവുന്നത് എന്റെ പെണ്ണുകാണൽ ആയിരുന്നു....

നമുക്ക് ആ വക കാര്യങ്ങൾ ഒന്ന് ചർച്ച ചെയ്താലോ......?

Thursday, 20 July 2017

നാട്ടിൽ എത്തി ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ....ഞാൻ വീട്ടിൽ ഇല്ലാത്ത ഒരു സമയത്ത് ...ഒരു ഫോൺ കോൾ വന്നു വീട്ടിലെ ലാന്റ് ലൈനിലേക്ക്...

എവിടേയോ പോയി ഞാൻ തിരിച്ച് വന്നപ്പോഴാ ഉമ്മിച്ചി പറഞ്ഞത് നിനക്ക് അബൂദാബിയിൽ നിന്നും ഒരു ഫോൺ വന്നിരുന്നു. ബാപ്പിച്ചിയാ ഫോൺ എടുത്തത് ....

Monday, 17 July 2017

ഉമ്മറം മുഴുവൻ സിബ്ബ് ഉള്ള ആ ടീ ഷർട്ട് കണ്ടപ്പോൾ തന്നെ സൈദ് പറഞ്ഞു അവനു അത് തന്നെ മതി എന്ന്....

അത് അത്ര നല്ലതല്ല എന്ന് പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും ....അവന്റെ പിടിവാശിയിൽ അവസാനം ആയുധം വച്ച് കീഴടങ്ങേണ്ടിവന്നു ഈ ഭടന്...രാജ്യത്തിന്റെ സുരക്ഷക്ക് ഒരു കീഴടങ്ങൽ എപ്പോഴും നല്ലതാണെന്ന് വിശ്വസിക്കുന്ന എനിക്ക് , ആ ടീ ഷർട്ട് തന്നെ അവനു വാങ്ങികൊടുക്കേണ്ടി വന്നു...

നോമ്പ് കഴിഞ്ഞുള്ള പെരുന്നാൾ കോടിയായിട്ടാണ് അവൻ അത് സെലക്ട് ചെയ്തത് എന്നാൽ കൂടുതൽ ഉപകാരപ്പെട്ടത് ദാ കഴിഞ്ഞ ഞായറാഴ്ച ...കൊടുങ്ങല്ലുർ എറിയാട് “കോസ്മോ പൊളിറ്റിക് കൺവെൻഷൻ“ സെന്ററിൽ ഒരു കല്യാണത്തിനാണ്...

“വിവാഹദരചടങ്ങുകൾ ഒരു സൈഡിൽ നടക്കുന്നുണ്ടെങ്കിലും...അതൊന്നും നമ്മൾക്ക് ഒരു വിഷയം അല്ലാന്നുള്ള ഒരു തോന്നലാണു സൈദിനും താഴെയുള്ള സിയാദിനും...അതിന്റെ മുന്നോടിയായി കല്യാണ മണ്ഡപത്തിന്റെ സൈഡിലൂടെ ഉള്ള ഡോറ് വഴി അവർ ഭക്ഷണ ഹാളിലേക്ക് കടന്നു...

Friday, 14 July 2017

നസ്റുള്ള ...ഒരു സുന്ദര സുമുഖ കളേബരൻ .... ഒരു പാക്കിസ്ഥനി....

കയ്യിൽ തസ്ബീഹും [ജപമാല]  കണ്ണിൽ ഫിലിപ്പീനി പെണ്ണും അതായിരുന്നു നസ്റുള്ള .....

മ്മ്ടെ ഇന്ത്യക്കാരുടെ ശത്രുരാജ്യത്തിലെ ഇന്ത്യക്കാരോട് അൽപ്പം ഇഷ്ടം ഉള്ള ഒരാൾ..

“അന്ന് ഞങ്ങളുടെ കമ്പനിയിലെ ഡ്രൈവർമാരിൽ ഒരാളായിരുന്നു മേൽപ്പറയപ്പെട്ട നസ്റുള്ള....“ ആരേയും പേടിയില്ലാത്തവൻ...ഈ ലോകത്ത് ആരെയെങ്കിലും പേടിയുണ്ടേൽ അത് “അള്ളാഹു” മാത്രം ആണെന്ന് പറഞ്ഞ് അള്ളാനെ പറ്റിക്കുന്നവൻ....

സ്വതവേ പഠാണികളോട് അൽപ്പം അകലം പാലിക്കുന്നവനായിരുന്നു ഞാൻ..അതിനു കാരണം മറ്റൊന്നുമല്ല...എന്നേക്കാളും മൂന്നിരട്ടി പൊക്കം എങ്കിലും ഉണ്ടാകും ഒരു സാധാരണ പഠാണിക്ക്....അക്കൂട്ടത്തിൽ ഒരാളായിരുന്നു ഈ നസ്റുള്ള......

ഈ നസ്രുള്ളയെ ഞാൻ പരിചയപ്പെടുന്നത് ഒരു അപ്രതീക്ഷിത നിമിഷത്തിൽ ആണ്...എന്റെ അബൂദാബി ജീവിതത്തിൽ എന്റെ രണ്ടാമത്തെ നാട്ടിൽ പോക്ക് ആയിരുന്നു ആ സമയം....

ഓഫീസിൽ നിന്നും പാസ്പോർട്ടും ടികറ്റും വാങ്ങി നാട്ടിലേക്ക് പറക്കാനുള്ള സന്തോഷത്തിൽ ഓഫീസിൽ നിന്നും ഇറങ്ങി ...ശേഷിക്കുന്ന കുറച്ച് പേരോടുകൂടി യാത്ര ചോദിക്കാനായി വലിയ സ്റ്റോറിലേക്ക് വലത് കാൽ എടുത്ത് വച്ചതും...ദാണ്ടെ മുന്നിൽ മാർഗ്ഗതടസം സൃഷ്ടിച്ച് കൊണ്ട് ഒരു പാക്കിസ്ഥാനി....

“ഹായ് സഫീർഭായ്” ആ ഭീമാകാരമായ ശരീരത്തിൽ നിന്നും ഓലപ്പീപ്പി ഊതുന്നപോലുള്ള ഒരു ശബ്ദം പുറത്തേക്ക് വന്നു....

“ഹായ്”...എന്റെ ഉള്ളിൽ നിന്നും ഒരു ശബ്ദം പുറത്തേക്ക് വമിച്ചു”...ഉം ന്താ കാര്യം എന്ന് അറിയാനായി ഞാൻ മേൽപ്പോട്ട് നോക്കി....അതെ എനിക്ക് മേൽപ്പോട്ട് നോക്കണം എന്നാലേ മൂപ്പിലാന്റെ മുഖം കാണാൻ കഴിയൂ....പെട്ടെന്നുള്ള നോട്ടത്തിൽ കഴുത്ത് അൽപ്പം വിലങ്ങിയെങ്കിലും എന്റെ നോട്ടം ലക്ഷ്യത്തിൽ തന്നെ കൊണ്ടു....

“ഒരു സഹായം വേണം” ...മുഖവുരയില്ലാതെ മൂപ്പിത്സ് പറഞ്ഞ് തുടങ്ങി ഇടക്കെപ്പോഴോ സ്വന്തം പേരും വെളിപ്പെടുത്തി...“നസ്റുള്ള” അതായിരുന്നു ആ ചില്ലിതെങ്ങ് പോലുള്ള മനുഷ്യന്റെ പേര്....

എന്ത് സഹായം ....അൽപ്പം ഒന്ന് മടിച്ചിട്ടാണെങ്കിലും ഞാൻ ചോദിച്ചു...

പറയാം ആദ്യം എല്ലാവരോടും യാത്ര പറഞ്ഞിട്ട് വായോ ഞാൻ പുറത്ത് കാത്തിരിക്കാം...

ഒരുവിധം എല്ലാവരോടും പോകുന്ന കാര്യം പറഞ്ഞിട്ട് ഞാൻ സ്റ്റോറിന്റെ പുറത്തിറങ്ങിയപ്പോൾ “ജീവൻ കൊണ്ട്പോകാൻ നിൽക്കുന്ന യമനെ പോലെ” നസ്റുള്ള“ എന്നേം കാത്തിരിക്കുകയാ....

“എന്താ ഭായ് കാര്യം ?”...എന്തിനും ഏതിനും ഒരു അവസാനം വേണമല്ലോ എന്ന് കരുതി ഞാൻ തന്നെ ആദ്യ ശരം തൊടുത്തു വിട്ടു...

എന്തെ ഭായ് പ്രയോഗത്തിൽ അവൻ വീണു....

“എനിക്ക് നീ നാട്ടിൽ നിന്ന് വരുമ്പോൾ കല്ല് വച്ച ഒരു മോതിരം ഉണ്ടാക്കി കൊണ്ട് വരണം”....അതും നല്ല രാശിയുള്ള കല്ല് ആവണം....പൈസ എത്ര വേണേലും ഞാൻ തരാം”.....

“ഹോ ഇതായിരുന്നോ കാര്യം”....

“രാശി നോക്കിയിട്ട് വേണം ട്ടോ കൊണ്ട് വരുവാൻ” ഞാൻ നടന്ന് നീങ്ങിയപ്പോൾ നസ് റുള്ള അൽപ്പം ഭീക്ഷണിയുടെ രൂപത്തിൽ ഒന്നൂടെ പറഞ്ഞത് എന്നിൽ ഒരു ഞെട്ടൽ ഉണ്ടാക്കി...

ഒന്നും പറയാതെ വേഗം സമ്മതിച്ചു....തിരിച്ച് വരുമ്പോൾ മറന്നു എന്ന് പറയാം പിന്നെ അവൻ വേറെ ആരെയെങ്കിലും ഏൽപ്പിച്ചോളും എന്ന് മനസ്സിൽ കരുതി....

എന്നാൽ.....നസ്റുള്ള യുമായുള്ള ആ പരിചയപ്പെടൽ എന്റെ ജീവനുതന്നെ ഭീക്ഷണി ആവും എന്ന് ഞാൻ ചിന്തിച്ച് പോലും ഇല്ല.....



ശേഷം അടുത്ത ദിവസം.....


{എനിക്കും ഉണ്ടായിരുന്നു ഒരു ഗൾഫ് ജീവിതം...ഭാഗം 35}

Thursday, 29 June 2017

ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കുകയും തീരുമാനത്തിൽ ഭാരവാഹിത്വം നിർവ്വഹിക്കുകയും ചെയ്തിട്ടുള്ള ഒരു പ്രസ്താനം ആയിരുന്നു അക്കാലത്ത് പീടികയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ഉപ്പ് പെട്ടി...

                                                                    പ്രായഭേദമന്യേ എല്ലാവരുടേയും പാപഭാരം താങ്ങാൻ ആയിരുന്നു അക്കാലത്ത് മേൽപ്പറയപ്പെട്ട
എനിക്കും ഉണ്ടായിരുന്നു ഒരു ഗൾഫ് ജീവിതം...2


രാത്രി ഏകദേശം രണ്ടുമണിയ്യോടെ ഞങ്ങൾ ഫ്ലാറ്റില്‍ എത്തി അനുജന്‍ പോകറ്റില്‍ നിന്നും താക്കൊല്‍ എടുത്ത് ഫ്ലാറ്റ് തുറന്നു . 
ഇപ്പോള്‍ ഞാന്‍ താക്കോല്‍ എന്നു പറയട്ടെ കാരണം ഞാന്‍ ഇപ്പോഴും ആ പഴയ ഷഫീര്‍ തന്നെ യാണു ഇന്നു വന്നിട്ടല്ലെ ആയുള്ളും നാളെമുതല്‍ ഞാന്‍ അല്‍ ഷഫീര്‍ ആകും . 

ഫ്ലാറ്റ് തുറന്ന്  ഒരിടനാഴി രണ്ട് സൈഡും ഓരോ നിലകണ്ണാടി ചുമരില്‍ ഒട്ടിച്ച് വച്ചിട്ടുണ്ട് .... അവിടെ നിന്നും ആദ്യത്തെ റൂം വിട്ട് രണ്ടാമത്തെ റൂം അനുജന്‍ മില്ലെ തുറന്നു...തുറന്നാല്‍ മാത്രം മതി അടക്കല്‍ തന്നെ ആയിക്കോളും..കീര്‍കീര്‍ ങ്ങീരീരീ എന്നൊരു ശബ്ദത്തോടെ വാതില്‍ തുറന്നു .   
                                                                 
ഒരു സെക്കന്റ് ഞാന്‍ ഞെട്ടിപ്പോയി .ത്രിശ്ശുര്‍ രാഗത്തില്‍ ജുറാസിക് പാര്‍ക്ക് പടം കണ്ട ഒരു പ്രതീതി .. അതിനുള്ളില്‍ കിടന്നുറങ്ങുന്ന മൂന്നു അന്തേവാസികളുടേ കൂര്‍ക്കം വലിയാണു ആ പ്രദേശം മുഴുവനും .... എന്തുതരം ശബ്ദം ആണേന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല . 
തല്‍ക്കാലം എനിക്ക് കിടക്കാന്‍ സ്ഥലം ഇല്ല ഞാനും അനിയനും ഒരു കട്ടിലിൽ തന്നെ കിടക്കാം എന്നു വച്ചു.

രാവിലെ എനിക്ക് ഡ്യൂട്ടി 6.30 നു ആണു . 5 മണിക്ക് മാമ കാറുമായി താഴെവരും  രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് റെഡിയാവണം. രാവിലെ തന്നെ എഴുന്നെറ്റു . ആ ശീലം എനിക്ക് നേരത്തെ ഉണ്ട് അതിനാല്‍ അങ്ങ്നൊരു ശീലം പടിക്കേണ്ടിവന്നില്ല .......


എഴുന്നേറ്റു വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഞാന്‍ ഞെട്ടിപോയ്യീ എന്റെ സകല നാഡീഞരമ്പുകളും മരവിക്കുന്ന ഒരു കാഴ്ചയാണു ഞാന്‍ കണ്ടതി ഒരാള്‍ ഒരുമൂലയില്‍ ഇരുന്ന് വായിലേക്ക് എന്തോ തള്ളികയറ്റുന്നു... തെന്താപ്പാ ഇത് എന്നു തോന്നുകയും ചെയ്തു........

പിന്നീടാണു എനിക്ക്മനസ്സിലായത് അവന്റെ പേരു സമീര്‍ എന്നാണെന്നും അവന്‍ കരൂപ്പടന്ന കാരനാണെന്നും അവന്‍ തള്ളികയറ്റികൊണ്ടിരുന്നത് “ സമൂന “ എന്ന് പറയപ്പെടുന്ന ഒരുതരം ബന്ന് ആണേന്നും ... 

ആ ഫ്ലാറ്റില്‍ ആദ്യദിവസം തന്നെ വേറൊന്നുകൂടി എനിക്ക് പഠിക്കാന്‍ കഴിഞു... ആരുടെ പേരുപറഞ്ഞാലും കൂടെ അവസാനം “ ക്ക “ എന്ന് ചേര്‍ത്ത് പറയണം എന്നും എന്നാലെ ഗള്‍ഫികാരനാവത്രേ....

പച്ചക്കറികളുടെ പേരു പറയണതുപോലെ .. കൈപക്ക , പവക്ക. മുരിങ്ങക്ക .....കുഞ്ഞുമുഹമ്മദ്ക്ക . ബാവുക്ക, ഹംസക്ക ഇങ്ങനെ പറയണം അല്ലേല്‍ ഗള്‍ഫ് കാരനാവൂല്ല....


ഫ്ലാറ്റിലുള്ള കുറച്ച് പേരെ പരിചയപ്പെട്ടു . അധികം ഞാന്‍  പറഞ്ഞ “ക്ക” മാരാണു 
കണ്ണൂര്‍ ത്രിശ്ശൂര്‍ കാസര്‍ക്കോഡ്, പാലക്കാട് അങ്ങനെ ഒരുവിധം ജില്ലക്കാരാല്‍ നിബിഡമായ ഒരു ഫ്ലാറ്റ് . ഞങ്ങള്‍ ആണു അബൂദാബിയുണ്ടാക്കിയത് എന്ന ഭാവം ആണ് പ്രായമായ എല്ലാ “ക്ക “ മാരുടേയും മുഖത്ത് നിന്നും വായിക്കാന്‍ കഴിയുന്നത്. അവര്‍ മുപ്പത് മുപ്പത്തഞ്ചു കൊല്ലം മുമ്പ് വന്നതാണെന്നു കരുതി പുതുതായി വന്നവര്‍ എന്ത് പിഴച്ചു...

ഇനി അവരോട് നേരത്തെ വരാന്‍  ആരുപറഞ്ഞു ഞാന്‍ പറഞ്ഞോ അതോ അവിടത്തെ ഷേക്ക് പറഞ്ഞൊ.....കാര്‍ന്നോന്മാരുടെ അനുഭവങ്ങള്‍ കേട്ട് റാന്‍ മൂളാന്‍ ഒരു കൂട്ടര്‍ ഉണ്ടാവും . 

അവര്‍ മിക്കവാറും എനിക്ക് മുമ്പ് വന്നവരാവും അല്ലെങ്കില്‍ മുമ്പിന്‍റെ മുമ്പ് വന്നവരാവും ..

എന്തായാലും അവരെപറഞ്ഞിട്ട് കാര്യമില്ല ഞാന്‍ കൈതമുള്ളേല്‍ പിടിച്ച പോലെയായി എവിടെ പിടിച്ചാലും കയ്യേക്കേറും....

പുതുതായി ആരുവന്നാലും അവന്റെ കട്ടപുകയാണു . ആരുടേയും പേരുപറഞ്ഞ് പ്രതിപാതിക്കുന്നില്ല ഞാന്‍ അല്ലേല്‍ എന്നെ എന്നു തന്നെപറയാം ,

“ അല്ലേല്‍ ചാവക്കാട്ടെ കുഞ്ഞുമ്മുക്കയും ഹംസഹാജിയും എന്റെ കൊരക്കിനു പിടിക്കും “ 

വന്നു കയറുമ്പോള്‍ ഞാന്‍ എവിടെ ചെരിപ്പൂരിയിടുന്നു , എവിടെ തുപ്പുന്നു എന്തിനു പറയുന്നു ആകെ പുല്ലാപ്പ് . എന്‍റെ പച്ചയായ    ജീവിതപകര്‍പ്പാണു ഇത് കേട്ടോ ആരുടെയെങ്കിലും മനസ്സ് വേദനിക്കുന്നുണ്ടെങ്കില്‍ കുറച്ച് അമൃതാഞ്ചന്‍ പുരട്ടിക്കോളൂട്ടോ....


വായിക്കാത്തവർക്കായ് ഒന്നൂടെ പോസ്റ്റുന്നു..

Tuesday, 27 June 2017

...എന്തിനേറേ പറയുന്നു “പച്ച ഈർക്കിലി” വരെ മാരകായുധങ്ങൾ ആക്കിയിരുന്ന മാതാപിതാക്കളുടെ കാലഘട്ടത്തിൽ ആയിരുന്നു...എന്റെ ബാല്യകാലം....

ശീമക്കൊന്നയും വേലിപത്തലും പറമ്പിന്റെ അതിർത്തിയിൽ വച്ച് പിടിപ്പിച്ചിരുന്നു....ആദ്യമൊക്കെ പറമ്പിന്റെ അതിർത്തി തിരിക്കാനാണെന്നാണു കരുതിയത്...ഇപ്പോൾ ആലോചിച്ചപ്പോഴാ അതിന്റെ
സത്യാവസ്ഥ മനസ്സിലാവുന്നത്....അത് മറ്റൊന്നിനും ആയിരുന്നില്ല...

“എന്നെ പോലുള്ള ശത്രുക്കളെ നിലക്ക് നിർത്താൻ ഉള്ള ആയുധശേഖരമായിരുന്നു ആ വേലി”...

ഇന്നുള്ള മഹാന്മാർ അവരുടെ ബാല്യത്തെ പുകഴ്ത്തുമ്പോൾ എനിക്കറിയാം..അവർ പുകഴ്ത്തട്ടെ ...അച്ഛൻ , വാപ്പ,അപ്പൻ എന്നിങ്ങനെയുള്ള പുകൾപെറ്റ രാജാക്കന്മാരിൽ നിന്നും രക്ഷപ്പെടാനായി...
നാടുനീളെ വള്ളി ട്രൌസറും വലിച്ച് കയറ്റി ഓടുന്ന രംഗം ഞാൻ മനസ്സിൽ കാണും....എന്നിട്ട് ഒരു ഡയലോഗ്ഗും....

“എന്റെ ബാല്യം”....

അക്കാലത്ത് ചെന്ന് ചാടുന്നത് മുഴുവനും വിഡ്ഡിത്തത്തിലേക്കും ...അതിനു ഇന്നും വല്യമാറ്റം ഒന്നും വന്നിട്ടില്ല എങ്കിലും....പഴയതിനെ വച്ച് നോക്കിയാൽ അൽപ്പം കൂടിയോ എന്നും സംശയം ഉണ്ട്താനും....

സ്കൂളിൽ ടീച്ചേഴ്സ് ചൂരൽ കാട്ടി പേടിപ്പിക്കുമ്പോൾ കൂടെയുള്ള മറ്റുകുട്ടികളുടെ പേടിച്ചരണ്ട മുഖം കാണുമ്പോൾ എനിക്ക് ചിരിയാണു വരിക...“കൊന്നപത്തലും കൈക്കോട്ട് പിടിയുമൊക്കെ മേഞ്ഞ് നടക്കുന്ന എന്റെ ശരീരത്തിനുണ്ടോ ഈ ചൂരൽ ഏശുക.“

വള്ളിവട്ടം സ്കൂളിൽ നിന്നും ആറാംക്ലാസ്സ് പാസായി കൽപ്പറമ്പ് സ്കൂളിൽ ചേർന്ന് കഴിഞ്ഞപ്പോഴാ ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഒക്കെ വന്ന് തുടങ്ങിയത്....അതായത് കോമാളിത്തരവും വക്രബുദ്ധിയും പിന്നെ പഠിക്കാനുള്ള മടിയും എല്ലാം നല്ല അടുക്കും ചിട്ടയോടും ചെയ്ത് തുടങ്ങിയെന്ന് സാരം...

അന്നൊന്നും ആറാംക്ലാസ്സ് പാസായ എന്റെ ഒരു ഫ്ലക്സ് വക്കാനോ ആശംസിക്കാനോ വീട്ടുകാരോ ഒരു  ക്ലബ്ബ് കാരോ ഉണ്ടായില്ല....ഇന്ന് എൽക്കേജി പാസായാലും ഫ്ലക്സ് വക്കുന്നു....

ഇനിയതൊന്നും പറഞ്ഞിട്ടും കാര്യമില്ല...

സംഭവബഹുലമായ ബാല്യകാ‍ലത്തിലൂടെ നമുക്ക് സഞ്ചരിക്കാം കാത്തിരിക്കുക.....


Monday, 29 May 2017

ആന വണ്ടി...അഥവാ ട്രാന്‍സ്പോര്‍ട്ട്
പുവത്തും കടവില്‍ നിന്നും കോണത്ത് കുന്ന് വഴി ഇരിങ്ങാലക്കുടക്ക് പണ്ട് കാലത്ത് ഒരു ആന വണ്ടിയോടിയിരുന്നു....ട്രാന്‍സ്പോര്‍ട്ട് ബസ്സ്...
ഇരിങ്ങാലക്കുടയില്‍ നിന്നും അതെവിടേക്കാണു പോകുന്നതെന്ന് അതിന്റെ ഡ്രൈവര്‍ക്ക് പോലും വല്യ നിശ്ചയം ഉണ്ടായിരുന്നില്ല...
ഒരു ബെല്ലടിക്കുമ്പോള്‍ നില്‍ക്കുകയും രണ്ട് ബെല്ലടിക്കുമ്പോള്‍ ഓടുകയും ചെയ്യുന്ന ആനവണ്ടിയില്‍ കയറാന്‍ പേടിയാണ്.ഈ ബസ്സ് മറിയുമോ എന്നാണു പേടി...അങ്ങനെ മറിയുകയാണേല്‍ സീറ്റിലെ സ്പോഞ്ച് എടുക്കണം എന്ന ചിന്തയും...
കാലങ്ങള്‍ ഒരു പാട് കഴിഞ്ഞപ്പോഴാണറിയുന്നത് സീറ്റിനടിയില്‍ സ്പോഞ്ചൊന്നും ഇല്ല വെറും ചകിരി കുത്തി നിറച്ചിരിക്കുകയാണെന്ന്...
ബസ്സിലിരിക്കുമ്പോള്‍ സൈഡിലേക്ക് നോക്കിയിരിക്കും മുന്നോട്ട് പോകുന്ന ബസ്സാണെങ്കിലും പിന്നോട്ട് പോകുന്ന മരങ്ങളും വീടുകളും കാണുമ്പോള്‍ എന്റെ വീടും കൂട്ടത്തില്‍ പോകുന്നുണ്ടോ എന്ന് നോക്കാനാണ്...
മുഷിഞ്ഞ ഒരു ബാഗും കാക്കിപാന്റും കാക്കിഷര്‍ട്ടും പിന്നെ കയ്യില്‍ ടിക്കറ്റ് സൂക്ഷിക്കുന്ന ഒരു പ്രത്യേകതരം പലകയും അതില്‍ പലനിറത്തിലുള്ള ടിക്കറ്റും എല്ലാം വളരെ കൌതുകത്തോടെ നോക്കി ഇരിക്കും...വലുതാവുമ്പോള്‍ ഒരു കണ്ടക്ടര്‍ ആകണമെന്ന് വരെ ആഗ്രഹിച്ചിട്ടുണ്ട്
അന്ന് അഞ്ച് വയസ്സിനു മുകളിലുള്ളവര്‍ ടികറ്റ് എടുക്കണം എന്ന് ബസ്സില്‍ എഴുതി വക്കാറുണ്ടായിരുന്നു...
അങ്ങനെയിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ എനിക്കന്ന് ഒമ്പത് വയസ്സാണേന്നാണേന്റെ ഓര്‍മ്മ...ഞാനും എന്റെ ബാപ്പിച്ചിയും [വാപ്പ] എവിടേക്കോ പോവുകയാണ്...
കണ്ടക്ടര്‍ മുന്നില്‍ നിന്നും ഒരു പ്രത്യേക താളത്തില്‍ കിലുങ്ങുന്ന ബാഗും പിന്നെ കക്ഷത്തില്‍ ടിക്കറ്റ് പലകയും വച്ച് ഞങ്ങളുടെ അടുത്ത് വന്നു..
ബാപ്പിച്ചി ഒരാള്‍ക്കൊള്ള ടികറ്റ് എടുത്തുള്ളു...എന്നെ കാണിച്ചിട്ട് അഞ്ച് വയസ്സ് തികഞ്ഞിട്ടില്ലാ എന്ന് പറഞ്ഞു..കണ്ടക്ടര്‍ എന്ന് സൂക്ഷിച്ചൊന്ന് നോക്കി..എന്നിട്ട് പറഞ്ഞു ഇവന്‍ അഞ്ച് വയസ്സിനു മൂത്തതാണല്ലൊ..
“ഏയ് അല്ല” ബാപ്പിച്ചി ഉറപ്പിച്ച് തന്നെ പറഞ്ഞു..
അവസാനം കണ്ടക്ടര്‍ എന്നോട് ചോദിച്ചു...
“മോനെ മോനെത്ര വയസ്സായി?”
അഞ്ചാവുന്നേ ഉള്ളൂ...എനിക്ക് നേരത്തെ ട്രൈനിങ്ങ് കിട്ടിയ കാര്യം ഉണ്ടോ കണ്ടക്ടര്‍ അറിയുന്നു..?
കണ്ടക്ടര്‍ വിടാനുള്ള ഭാവം ഇല്ല .....“മോനെപ്പോഴാ അഞ്ച് വയസ്സ് കഴിയുന്നത്..?
“ഈ ബസ്സില്‍ നിന്ന് ഇറങ്ങി കഴിഞ്ഞിട്ട്”.....
അന്ന് ബസ്സില്‍ മുഴങ്ങിക്കേട്ട പൊട്ടിച്ചിരി എന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല..

Friday, 19 May 2017

പ്രീ ഡിഗ്രി തോറ്റിട്ടും വീട്ടിൽ വലിയ പ്രകമ്പനം ഒന്നും ഉണ്ടായില്ലെങ്കിലും തറവാട്ടിൽ ആദ്യമായി പാകം ചെയ്ത താറാവ് കറികഴിക്കാൻ ഭാഗ്യം ഉണ്ടാവാതെ പോയതിൽ ആയിരുന്നു എനിക്ക് വിഷമം...

റീ വല്വോഷനു കൊടുക്കാൻ എല്ലാവരും പറഞ്ഞപ്പോൾ ..... ആദ്യം എതിർത്തെങ്കിലും ..  എന്തിനാ പറമ്പിൽ കിടക്കുന്ന കമണൻ മടലുകൾക്ക് വെറുതെ എന്റെ നടുമ്പുറം തീറെഴുതികൊടുക്കുന്നത് എന്ന് ആലോചിച്ചു....

റീ വാല്വേഷനു മാര്‍ക്ക് ലിസ്റ്റ് കൊടുക്കാമെന്നുള്ള ഒരു തീരുമാനത്തില്‍ അവസാനം ഞാന്‍ എത്തി.....
അങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ എനിക്ക് ഒരു പാട് ആലോചിക്കേണ്ടി വന്നൊന്നും ഇല്ല...

അത് വീട്ടുകാരുടെ തീരുമാനം ആയിരുന്നു...ഇല്ലേല്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കൊള്ളാന്‍ സ്നേഹത്തോടെ പറഞ്ഞു...

                                                              അവരുടെ ആ തീരുമാനത്തില്‍ ഞാനും പങ്കുകൊള്ളുന്നു എന്നറിയിക്കേണ്ടി വന്നു......

എനിക്ക് വലുത് എന്റെ വയറും രാത്രി കിടന്നുറങ്ങാനുള്ള ഒരു സ്ഥലവും ആണ്....ഇവിടെ വാശിപിടിക്കേണ്ട സമയം അല്ല....

                                                                            വേലീല്‍ കിടക്കുന്ന പാമ്പിനെ എടുത്ത് പറയാന്‍ കൊള്ളൂല്ലാത്തോടത്ത് വച്ചിട്ട് കടിച്ച് എന്ന് വിലപിച്ചിട്ട് എന്ത് കാര്യം.......
മാര്‍ക്ക് ലിസ്റ്റ് കാലികറ്റ് യൂണിവേഴ്സിറ്റിക്ക് അയച്ചു കൊടുത്തു....അങ്ങിനെ കുറച്ചുനാള്‍ സമാധാനം ആയി കഴിയാലോ....

“ഈ പണ്ടാറം കയ്യീന്ന് പോയീം കിട്ടും...എന്ന് ആശ്വസിച്ചു....“

ഇനി എന്ത് ചെയ്യും എന്നുള്ള ചിന്തയായി....പ്രീഡിഗ്രി എന്തായാലും തോറ്റു .....ഭാവിയെ കുറിച്ച് ആകെ ആവലാതിയായി...ഹ ഹ ഹ ഹ ...എന്താ നോക്കണത് ...എനിക്കല്ല ഞാനെന്തിനു ഭാവിയെ കുറിച്ച് ചിന്തിക്കണം എനിക്കതിനുള്ള പ്രായം ആയിട്ടില്ല....എന്റെ വാപ്പാക്കും ഉമ്മാക്കും ആണു എന്റെ ഭാവിയെ കുറിച്ച് ആവലാതി......
                                                                എനിക്കെന്ത് ആവലാതി “ഞാന്‍ അലവലാതി”
ഇത്തിരിപ്പോന്ന ഞാന്‍ കുടുമ്പത്ത് നിന്ന് പുരനിറയോ എന്നൊരു ഭയം വീട്ടുകാര്‍ക്ക്....പിന്നെ എനിക്ക് തിന്നാനും തരണ്ടേ....?

കടുക് വലുതായാലും എന്തോരം വലുതാവും എന്ന് ചിന്തിക്കാനുള്ള വിവേകം ദൈവം അവര്‍ക്ക് കൊടുക്കാന്‍ മറന്നതോ അതോ വേണ്ടെന്ന് വച്ചതോ....

                                                                          ദിവസങ്ങള്‍ കടന്നു പോയികൊണ്ടിരുന്നു..
മാര്‍ക്ക് ലിസ്റ്റ് ഇത് വരേയും തിരിച്ച് വന്നില്ല...ദിവസങ്ങള്‍ ആഴ്ചകളായി ആഴ്ചകള്‍ മാസങ്ങള്‍....,...ഞാന്‍ അക്കാര്യം മനസില്‍നിന്നുംതന്നെഎടുത്തുകളഞ്ഞു...

എന്നാല്‍ വാപ്പ എടുത്ത് കളഞ്ഞീല്ല...

“പോയി അന്വോഷിക്കടാ.....എന്നൊരു അലർച്ച മാത്രമേ കേട്ടതോർമ്മയുള്ളു.

അങ്ങനെ നേരെ വിട്ടു കാലികറ്റ് യൂണീവേഴ്സിറ്റിക്ക്.....മലപ്പുറം ജില്ലയിലും അല്ല കോഴിക്കോടും അല്ലാത്തൊരു സ്ഥലം ....തേഞ്ഞിപ്പാലം ...പിന്നെങ്ങനെയാ ഞാന്‍ ജയിക്ക്യാ...അവിടെ തന്നെ മിസ്റ്റേക്ക്.

തേഞ്ഞിപ്പാലം .....

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം......എന്റെ പടച്ചോനെ എന്തിനാണു ഞാന്‍ ഇപ്പോ ഇങ്ങോട്ട് വന്നത്....തീരെ പരിചയം ഇല്ലാത്ത സ്ഥലം ...ആരോടാ ഒന്ന് ചോദിക്ക്യാ.....
തമ്മില്‍ തമ്മില്‍ ബന്ധമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍.....
നേരെ യൂണിവേഴ്സിറ്റി കെട്ടിടത്തിലേക്ക് ചെന്നു ...
ആദ്യം കണ്ട ഒരു ചെറുപ്പക്കാരനോട് ഞാന്‍ വന്നതെന്തിനാണെന്നും അതിനെ കുറിച്ച് എവിടെ അന്വേഷിച്ചാല്‍ അറിയാന്‍ കഴിയും എന്ന് ചോദിച്ചു...

എന്റെ ചോദ്യം കേട്ട് അയാളൊന്ന് നെടുവീര്‍പ്പിട്ടു.........
കാര്യം മറ്റൊന്നുമല്ല.....അവനില്‍ ഞാന്‍ എന്നെ തന്നെ കണ്ടു......നാണമില്ലാത്തവന്‍ .....പരീക്ഷക്ക് തോറ്റവന്‍.....അനുസരണയില്ലാത്തവന്‍....എന്നെ എന്റെ വീട്ടില്‍ എന്തൊക്കെ പറയാറുണ്ടോ അതൊക്കെ അവനെ ഞാന്‍ മനസുകൊണ്ടു പറഞ്ഞു....

ആരും അറിയാത്ത നാട്ടില്‍ എനിക്കും ഒരു തുണയായി...42 സെന്റീമീറ്റര്‍ ബെല്‍ബോട്ടന്‍ പാന്‍സും വലിച്ച് കയറ്റി അതും ഒരു കറുപ്പും വെളുപ്പും കലര്‍ന്ന കളറില്‍ പട്ടിയുടെ നാക്ക് പോലുള്ള കോളറും ഉള്ള തൂവെള്ള ഷര്‍ട്ടും ഇട്ട ഒരു തുണക്കാരന്‍....ഗിരീഷ്....അതാണവന്റെ പേര്....കുറച്ചുകൂടി നന്നായി പറഞ്ഞാല്‍ നാമധേയം.....

ഞങ്ങള്‍ രണ്ടാളും യൂണിവേഴ്സിറ്റിയില്‍ എല്ലാ റൂമുകളിലും കയറിയിറങ്ങി...ഞാന്‍ അയച്ച രജിസ്റ്റര്‍ അവിടെ ഇതുവരേയും എത്തിയിട്ടില്ല....ആരും കൈപറ്റിയിട്ടില്ല....ലെറ്റര്‍ വരാറുള്ള സ്ഥലത്തും ഞങ്ങള്‍ ചെന്ന് പരതി....ഫലം തഥൈവ:......
ഇനി എന്ത് ചെയ്യും വീട്ടില്‍ പോയി എന്ത് പറയും ......ഞാന്‍ അയച്ചട്ടില്ലാന്നേയ് വീട്ടില്‍ പറയൂ...എന്നെ അവര്‍ക്ക് അത്രക്ക് വിശ്വാസം ആണു.......

“അന്നാദ്യമായി പ്രീ ഡി ഗ്രീ തോറ്റതില്‍ എനിക്ക് ദു:ഖം തോന്നി”
ഇനി .......വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി തിരിച്ചുവീട്ടിലേക്ക് 

എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാൻ കഴിയാത്ത കാര്യങ്ങൾ..........................               

Thursday, 18 May 2017

“എനിക്കും ഉണ്ടായിരുന്നു ഒരു ഗൾഫ് ജീവിതം”


അന്നൊരുവ്യാഴാഴ്ചയായിരുന്നു...വീട്ടിൽനിന്നുംരാവിലെഎട്ടുമണിയായപ്പൾ യാത്രതിരിച്ചു...ഒരു അക്രമ യാത്ര എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണു ഈ യാത്രയെ.... 

                         അതെ ജീവിതത്തിന്റെ  അങ്ങെയറ്റം വരെ എത്തിപ്പിടിക്കുന്നതിനു വേണ്ടിയുള്ള യാത്ര....അബൂദാബിയിലേക്ക്.....

അബൂദാബിയിലേക്ക് വിസ കിട്ടുമ്പോൾ ഞാൻ ആ സമയം അഹമ്മദാബാദിൽ ആയിരുന്നു..അബൂദാബിയിലേക്ക് വിസ വന്നകാര്യം രജിസ്ടേഡ് കത്ത് മുഖേനെ എന്നെ അറിയിക്കുമ്പോൾ ഒരു മരണവാർത്ത കേൾക്കുന്നത് പോലെയേ എനിക്ക് തോന്നിയുള്ളു...

കൂട്ടുകാരുടെ നിർബന്ധം കൂടിയായപ്പോൾ പോകാം എന്നുള്ള തീരുമനത്തിൽ എത്തുകയും ചെയ്തു.അങ്ങനെയാണു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറബിപൊന്ന് വിളയിക്കാൻ അരിവാളും തോർത്ത് മുണ്ടുമായി ഞാനും ഇറങ്ങിതിരിച്ചു....

അബൂദാബിയിൽ ഇറങ്ങിയപ്പോൾ എയർപ്പോർട്ടിൽ എന്നെ ആയയിക്കാനായി എന്റെ മാമയും അനുജനും എത്തിയിരുന്നു...മറ്റുള്ളവർ പറയുന്നത് പോലെ ഒരുപാട് സമ്പാദിക്കാനൊന്നും അല്ല ഞാൻ അബൂദാബിയിലേക്ക് പോയത്....പിന്നെ പറയുമ്പോൾ പറയണമല്ലോ എന്ന് കരുതി എഴുതിയെന്ന് മാത്രം.

സത്യം പറഞ്ഞാൽ എന്നെ നാട് കടത്തുകയായിരുന്നു വീട്ടുകാരുടെ ഏകലക്ഷ്യം...ഗുജ് റാത്തിൽ ആർക്കും ബുദ്ധിമുട്ട് കൂടാതെ വിരാജിച്ചിരുന്ന എനിക്ക് വീട്ടുകാരുടെ ഈ ഏർപ്പാടിനോട് അത്രക്കങ്ങ് യോജിക്കാൻ കഴിഞ്ഞില്ല.എന്നെ കാണാതിരിക്കുകയാണു അവർക്ക് വേണ്ടതെങ്കിൽ ഈ ഗുജ്റാത്ത് തന്നെ ധാരാളം ...അപ്പോൾ ഒരു കാര്യം സ്പഷ്ടം ആണ് എന്നെ ഇന്ത്യയിൽ നിന്ന് തുരത്തുകയാണ് അവരുടെ ലക്ഷ്യം....

ഇടക്ക് ഗുജ്റാത്തിൽ നിന്ന് ലീവിനു നാ‍ട്ടിൽ പോകുമ്പോൾ വീട്ടുകാർ എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടിരുന്നു..അത് അന്ന് എന്താണെന്ന് വ്യക്തമായിരുന്നില്ല...ഇപ്പോൾ എല്ലാം വ്യക്തമായി ..

“ക്വിറ്റ് ഇന്ത്യ..ക്വിറ്റ് ഇന്ത്യാ”...എന്ന് തന്നെ ആവും അവർ പറഞ്ഞത്...

ഇന്ത്യയിൽ നിന്നും എന്നെ ക്വിറ്റിക്കാൻ ശ്രമിച്ച അവരുടെ ശ്രമം പൂർണ്ണമായും വിജയിച്ചു എന്ന് തന്നെ പറയാം...രാത്രി പന്ത്രണ്ട് മണിയോട് കൂടി അബൂദാബിയിൽ ഞാൻ ഫ്ലൈറ്റ് ഇറങ്ങി അവിടെ നിന്ന് ആരംഭിക്കുകയായി ...എന്റെ ഗൾഫ് ജീവിതം..

മാമായുടെ കാറിൽ തന്നെ എന്നെ കയറ്റി നേരെ അനിയൻ താമസിക്കുന്ന അബൂദാബിയിലെ “ദല്ലാസ് ഹോട്ടൽ” ന്റെ മുന്നിൽ കൊണ്ട് പോയി ഇറ്റിച്ചു...അതെ അബൂദാബിയിൽ എത്തിയിട്ടുള്ളു...അതിനാൽ ഇറ്റിച്ചു എന്ന് പറയുന്നത് ...ഒരു ശമ്പളം എടുത്ത് കഴിഞ്ഞ് ചെറിയൊരു അബൂദാബിക്കാരനായതിനു ശേഷം “ഡ്രോപ്പ്” എന്ന് പറയാം....

പാതിരാത്രി അനിയന്റെ കൂടെ ദല്ലാസ് ഹോട്ടലിന്റെ മുകളിലേക്ക് ....അഞ്ചാം നിലയിൽ 502 ആം നമ്പർ ഫ്ലാറ്റ്...പോകറ്റിൽ നിന്നും താക്കോലെടുത്ത് ഫ്ലാറ്റിന്റെ ഡോറ് തുറന്നപ്പോൾ ശബ്ദം താഴ്ത്തി അനിയൻ എന്നോട് പറഞ്ഞു ...പതുക്കെ കയറു തോളിലുള്ള ബാഗ് ഡോറിൽ മുട്ടി ശബ്ദം ഉണ്ടാക്കാതെ നോക്കണം ....

ഫ്ലാറ്റിലേക്ക് വലത് കാൽ എടുത്ത് വച്ചപ്പോൾ തന്നെ ഒരു മിലിറ്ററി ക്യാമ്പിലേക്ക് എത്തിപ്പെട്ടത് പോലെ തോന്നി...എങ്കിലും നിവൃത്തിയില്ലല്ലോ...

രാവിലെ തന്നെ കുളിച്ചൊരുങ്ങി ബിൽഡിങ്ങിന്റെ താഴേ എത്തണം എന്ന് പറഞ്ഞാണു മാമ പോയത്...അത് പ്രകാരം രാവിലെ തന്നെ റെഡിയായി താഴെ വന്നപ്പോഴേക്കും മാമ എന്നെ എടുക്കാൻ കാറുമായി എത്തിയിരുന്നു.

ജോലി സ്ഥലം അബൂദാബി മീനയിൽ “അബൂദാബീ നാഷണൽ ഫുഡ് സ്റ്റഫ്ഫ്” എന്ന കമ്പനിയിൽ...അവിടെ ജോയിൻ ചെയ്ത് ഡ്യൂട്ടിക്ക് കയറിയപ്പോൾ തന്നെ ഒരു കാര്യം എനിക്ക് മനസ്സിലായി ...വറചട്ടിയിൽ നിന്നും എരിത്തീയിലേക്കാണ് ഞാൻ വീണിരിക്കുന്നത് എന്ന്...

എനിക്കും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ...അറബികളുടെ കാറിൽ ചാരി നിന്ന് ഫോട്ടോ എടുക്കുവാനും കുലച്ച് നിൽക്കുന്ന ഈത്തപ്പഴക്കുലയിൽ പിടിച്ച് നിൽക്കുന്ന ഫോട്ടോ എടുക്കാനും , പാക്കിസ്ഥാനികൽ തുപ്പി നശിപ്പിച്ചിട്ടിരിക്കുന്ന പുൽതകിടിൽ ആർക്കും വേണ്ടാത്ത ഭാവത്തിൽ ഇരുന്ന് ഫോട്ടോ എടുക്കാൻ , എന്നിങ്ങനെയുള്ള ആഗ്രഹങ്ങൾ...എന്നാൽ എന്റെ ആഗ്രങ്ങൾക്ക് ഞാൻ തന്നെ കടിഞ്ഞാൺ ഇട്ടു...

കാരണം ഇതെല്ലാം എടുത്തിട്ട് ആരെ കാണിക്കാനാണ്...വീട്ടുകാരെ..? നാട്ടുകാരെ..? നോ നോ...അല്ലെങ്കിൽ തന്നെ എന്നെ കാണുമ്പോൾ ബിൻലാദനെ കണ്ട ബുഷിന്റെ മുഖം പോലെയാ എല്ലാവർക്കും...പിന്നെ ഫോട്ടോ കണ്ടാൽ പറയണോ..?

“ പിന്നെ അന്നത്തെ ദിവസം അടുപ്പ് കത്തിക്കുന്നത് എന്റെ ഫോട്ടോ കത്തിച്ചിട്ടാവും”..

“അത് മാഫീ മുസ്കിൽ.....................................................................ബാക്കി പിന്നെ..


{ഒരിക്കൽ പോസ്റ്റിയതാ ഒന്നൂടേ ഫ്രഷ് ആക്കി രണ്ടാമതും പോസ്റ്റുന്നു }

Tuesday, 16 May 2017

ഇന്ന് രാവിലെ ഉണ്ടായ പിൻ കഴുത്ത് വേദനക്കും വീട്ടിലുള്ള ചിരവക്കും തമ്മിൽ യാതൊരു ബന്ധവും ഇല്ലാ ട്ടോ...

മൂന്നാഴ്ചമുമ്പ് ഒരു മുന്നറിയിപ്പും ഇല്ലാതെ അടുക്കളയുടെ വർക്ക് ഏരിയയിൽ ഭൂമി പരിശോധിക്കാനെന്ന വ്യേജേനെ തണ്ടലും തലയും ഇടിച്ച് ഒന്ന് വീണിരുന്നു....അതിന്റെ പരിണിതഫലം ആണോ അതോ പ്രഷർ കൂടിയതാണൊ എന്ന് വ്യക്തമല്ല...

ചെവിയുടെ പിറകിലുള്ള ഞരമ്പ് നന്നായി വേദനിക്കുന്നുണ്ടായിരുന്നു...

അടുക്കള കോലായുടെ കട്ടിളപ്പടിയിൽ നിന്ന് കൊണ്ട് നല്ലപാതിയെ വിളിച്ചു...

“എട്യേയ്”.....?

ഏറുമാടത്തിൽ നിന്ന് വിളികേൾക്കുന്നത് പോലേ “എന്തോ” എന്നൊരു ചെറിയ ശബ്ദം അടുക്കളയിൽ നിന്നും കേട്ടു....ബാറ്ററി തീർന്ന റേഡിയോയിൽ നിന്നും വരുന്ന ശബ്ദം പോലെ ആദ്യം തോന്നിയുള്ളു...

“അവിൽ നനച്ച് കൊണ്ടിരിക്കുന്ന കയ്യുമായി ഓൾ അടുത്ത് വന്നപ്പോഴാ...അത് റേഡിയോ അല്ല എഡിയോ ആയിരുന്നു എന്ന് മനസ്സിലായത്....“

“കഴുത്തിനു പിന്നിൽ ഒരു വേദന നീ ഒന്ന് ഉഴിഞ്ഞ് തന്നേ...“ചെവിയുടെ പിന്നിൽ നിന്നും താഴേക്ക് ഉഴിയണം ട്ടോ എന്ന് ഒരു ചെറിയ ക്ലാസ്സും കൊടുത്ത് ഞാൻ റെഡിയായി കട്ടിളപടിയിൽ നിന്നും താഴേ ഉള്ള പടിയിലേക്ക് ഇറങ്ങി നിന്നു....

“പണ്ട് സിനിമകളിൽ പാദസേവ ചെയ്യുന്ന രാജപത്നികളേ കണ്ടിട്ടുണ്ട് നിനക്ക് പാദസേവ അല്ലെങ്കിലും ഒരു പിൻ കഴുത്ത് സേവക്കുള്ള വക ഞാൻ ഉണ്ടാക്കിയല്ലോ എന്ന് സമാധാനിച്ച് കൊണ്ട് തുടങ്ങിക്കോ”...

ഉഴിച്ചിലിന്റെ ആ ഒരു ഹാങോവറിൽ പെട്ടെന്ന് കെ കെ ടി എം കോളേജിലെ പഠനത്തിനെ കുറിച്ച് ഓർമ്മ കടന്ന് വന്നത്  തികച്ചും നിർഭാഗ്യം...

എടീ നിനക്കറിയോ എനിക്ക് അന്ന് ഫോർത്ത് ഗ്രൂപ്പ് എടുക്കാനായിരുന്നു താല്പര്യം...ബാപ്പിച്ചിയുടെ ഒരു പിടിവാശിക്കാരണം സെക്കൻറ്റ് ഗ്രൂപ്പ് എടുക്കേണ്ടി വന്നു...

അറുക്കാൻ കൊണ്ട് പോകുന്ന ആടിനെ പോലെ ആണു അന്ന് കോളേജിൽ ചേരാൻ പോയത്.....സെക്കന്റ് ഗ്രൂപ്പിനു ചേർത്തിക്കഴിഞ്ഞപ്പോൾ എന്നിലെ ഡോക്ടറെ അവർ മനസ്സാൽ കണ്ട് കഴിഞ്ഞിരുന്നു....എന്നാൽ എന്നിലെ അഡ്വക്കേറ്റിനെ അവർ നിഷ്കരുണം കൊന്ന് വലിച്ചെറിഞ്ഞു..

അങ്ങനെ അന്ന് ഞാൻ ഫോർത്ത് ഗ്രൂപ്പ് എടുത്ത് പഠിക്കുകയായിരുന്നെങ്കിൽ നിനക്കറിയോ “ഞാൻ ഇന്ന് പേരുകേട്ട ഒരു അഡ്വേക്കേറ്റ് ആയേനെ”...

“നമ്മുടെ ഗേറ്റിൽ “അഡ്വേക്കേറ്റ് ഷഫീർ പുവത്തും കടവിൽ” എന്ന ഒരു ബോർഡും വന്നേനെ”....

അതെന്തായാലും നന്നായി...പ്രിയപത്നിയിൽ നിന്നും ഒരു മറുപടി വന്നു..

അതെന്തേ നീ അങ്ങനെ പറഞ്ഞത്..? അല്ലെങ്കിലും പെണ്ണുങ്ങൾക്ക് അസൂയ തന്നെ ആണ്...

അസൂയ ഒന്നും അല്ല ....നിങ്ങ പഠിച്ച് അഡ്വെക്കേറ്റ് ആവുകയാണെൽ എന്നെ കെട്ടുമായിരുന്നോ...? വേറെ കെട്ടുമായിരുന്നില്ലെ...?

“ഏയ് അങ്ങനെ ഒന്നും ഇല്ലെഡീ...ഇനി അഡ്വേക്കറ്റല്ല ഡോക്ടർ ആയാൽ പോലും ഞാൻ നിന്നെ തന്നെ കെട്ടുകയുള്ളു...“

“അത് പറഞ്ഞപ്പോൾ കഴുത്തിലെ ഉഴിയലിനു അൽപ്പം മയം വന്നതിൽ അത്ഭുതപ്പെടാനില്ല..“

അതെന്താ ....എന്നെ അത്രക്ക് ഇഷ്ടമാണോ..?

ഇഷ്ടത്തിന്റെ അല്ലെ എന്റെ പൊന്നെ...

പിന്നെ...?

“തലേവര മായ്ക്കാനുള്ള റബ്ബർ ഒരു കമ്പനിക്കാരും ഇത് വരേയും കണ്ട്പിടിച്ചിട്ടില്ല”...

മുഴുവനാക്കും മുമ്പ് അവൾ കഴുത്ത് വിട്ട് പോയി .....ഇപ്പോൾ കഴുത്ത് തീരെ അനക്കാൻ പറ്റാതായി”...




Monday, 15 May 2017

 രാവിലെ ഞാൻ ആക്ടീവയിൽ കയറി ഇരുന്ന് താക്കോലിട്ട് തിരിച്ചാൽ പിന്നെ എന്റെ ആവശ്യം ഇല്ലാ എന്ന് തോന്നുന്നു ...കാരണം വീട്ടിൽ നിന്ന് പുറപ്പെട്ടാൽ നേരെ ഷോപ്പിന്റെ മുന്നിൽ തന്നെ വന്ന് വണ്ടി നിൽക്കുന്നു..

“നോക്കട്ടെ ഒരു ദിവസം ഞാൻ എന്നേയും നാട്ടുകാരേയും ഞെട്ടിച്ച് കൊണ്ട് ഈ പരീക്ഷണത്തിനു മുതിരും”..

എന്റെ കയ്യ് ഹാന്റിലിൽ ഉണ്ട് എന്നല്ലാതെ വളവുകളും മറ്റും എന്നോട് ചോദിക്കാതെ തന്നെ വളച്ച് മുന്നോട്ട് പോകുന്ന ആക്ടീവ “ദെന്തൂട്ട് പണ്ടാറം ആണെന്ന് ഞാൻ തന്നെ ചിന്തിക്കാറുണ്ട്”...

സ്ഥിരം യാത്ര ചെയ്യുന്ന വഴിയിലൂടെ ഒരു പരിചയക്കാർന്റെ തന്മയത്വത്തോടെ മുന്നോട്ട് പായുന്ന ആക്ക്ടീവക്ക് ഒരു കുഴപ്പം ഉണ്ട്...അത് മറ്റൊന്നുമല്ല...മുകളിലിരിക്കുന്ന ഈ പുവത്തുംകടവനെ..രക്ഷിക്കാൻ മാത്രം അതിനു വല്യ വശം ഇല്ല...അത് എനിക്ക് കുറേ പ്രാവശ്യം മനസ്സിലാക്കാൻ കഴിഞ്ഞത് ഇടക്ക് ഞാൻ കാനയിൽ നിന്ന് എഴുന്നേറ്റ് വരുന്ന സമയങ്ങളിൽ ആണ്...
അത് മനസ്സിലായതിൽ പിന്നെയാണു മുന്നിലൂടെ ലോറിയും മറ്റുവാഹനങ്ങളും ചീറിപാഞ്ഞുവരുമ്പോൾ ഞാൻ ബ്രേക്ക് പിടിക്കാൻ തുടങ്ങിയത്...അങ്ങനെ മിക്കവാറും ചെറിയ വീഴ്ചകളിലൂടെ ഞാൻ സ്വയം രക്ഷിക്കാൻ പഠിച്ചു....

എന്നാലും ഇന്ന് വെളുപ്പിനുള്ള യാത്രയിൽ എന്നെ തെറികേൾപ്പിക്കാൻ മാത്രം എന്റെ ആക്ടീവ വളർന്നു എന്നുള്ളതാണു എന്നിൽ അതിശയം ജനിപ്പിച്ചത്....പൊതുവേ നാട്ട് വഴിയെന്ന് അറിയപ്പെടുന്ന ഞങ്ങളൂടെ ദേശത്തെ റോഡുകൾ ...മധ്യഭാഗം ഭൂമിനിരപ്പിൽ നിന്ന് അൽപ്പം പൊന്തി നിൽക്കുന്നു....അതിനാൽ എന്തെങ്കിലും അപകടം മണത്താൽ വണ്ടി നിർത്തി കാൽ റോഡിൽ കുത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഭഗീരഥപ്രയത്നം തന്നെ ആണ്.

തുലാസിന്റെ സൂചിപോലെ  ആക്ടീവ കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും രണ്ടുമൂന്ന് പ്രാവശ്യം ആടിനിന്നിട്ട് ഏതെങ്കിലും ഒരു സൈഡിലേക്ക് വണ്ടി ചെരിയുകയാണു പതിവ് ....ആ പതിവ് ഇന്നും മുറപോലെ നടക്കുന്നുണ്ടേങ്കിലും ആരുടേയൊക്കെ ജന്മാന്തരം കൊണ്ട് വീഴാതേയും മറ്റും രക്ഷപ്പെട്ട് പോകുന്നു....

രാവിലെയുള്ള യാത്രയിൽ സ്ഥിരം കാണുന്ന മുഖങ്ങളും ആളുകളും ഇടക്കെപ്പോഴോ അപരിചിതരെ കാണും എന്നല്ലാതെ മിക്കവാറും പരിചിതമുഖങ്ങൾ മാത്രം....എങ്കിലും ഹെൽമറ്റ് വച്ചുള്ള യാത്രക്കാരുടെ കണ്ണും മൂക്കും പിന്നെ കഴുത്തിനു കിഴ്പ്പോട്ടുള്ള ഭാഗങ്ങളും കാണാം..

“എന്നാൽ എനിക്ക് വേണ്ടി ഇത് വരേയും ഒരു കമ്പനിയും ഹെൽമറ്റ് കണ്ട് പിടിച്ചിട്ടില്ല ...അത് തലയിൽ വച്ച് കഴിഞ്ഞാൽ പിന്നെ മുന്നിലുള്ള ഒന്നും എനിക്ക് കാണാൻ കഴിയില്ല ...കണ്ണുകാണാത്ത് വിധത്തിൽ ഹെൽമറ്റ് താഴേക്ക് ഇറങ്ങിവരും...മുൻഭാഗം അൽപ്പം പൊക്കിവച്ച് ഹെൽമറ്റ് ഒരു വിധം ഉറപ്പിച്ച് ഒരു ഞാണിന്മേൽ കളിപോലെ വണ്ടിയിൽ മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോൾ എതിരെ വരുന്ന പരിചയക്കാർക്ക് തലകൊണ്ട് അൽപ്പം ചെരിച്ച് ഒരു ആക്ഷൻ കാണിച്ച് ബഹുമാനിക്കാറുണ്ട്...

കൈ പൊക്കി വിഷ് ചെയ്യാം എന്ന് വച്ചാൽ പിന്നെ ജീവിതകാലം മുഴുവനും കൈപൊക്കിപിടിച്ചോണ്ട് ചിലപ്പോൾ ആശുപത്രിയിൽ കിടക്കേണ്ടി വരും ...അതിനാൽ തല സൈഡിലേക്ക് അൽപ്പം വെട്ടിച്ച് വിഷ് ചെയ്യും....

“അങ്ങനെ യാത്ര ചെയ്യുമ്പോഴാ ദാണ്ടെ മുന്നിലൂടെ ഒരു ചുള്ളൻ മോഹൻലാൽ സ്റ്റൈലിൽ കഴുത്ത് സൈഡിലേക്ക് ചെരിച്ച് പിടിച്ച് ഹെൽമറ്റ് ഒന്നും ഇല്ലാതെ എൻഫീൽഡിൽ കയറ്റം കയറിവരുന്നു.

എതിരെ വരുന്നവൻ അവന്റെ വലത് കൈ ഒന്ന് പൊക്കിക്കാണിച്ച് എന്നെ അഭിവാദ്യം ചെയ്തു....ഞാൻ തല സൈഡിലേക്ക് ചെരിച്ച് എന്റെ കൊന്ത്രാമ്പല്ല് പുറത്ത് കാണിച്ച് വെളുക്കെ ഒന്ന് ചിരിച്ച് കാണിച്ചു...ആ ചിരി അവനു ഇഷ്ടപ്പെട്ടു അപ്പോൾ അവൻ അവന്റെ ഇഷ്ടം കഴുത്ത് വെട്ടിച്ച് കാണിച്ചു....

“ആ കാഴ്ചമാത്രം ഞാൻ കണ്ടുള്ളു...എൻഫീൽഡ് അവനേയും കൊണ്ട് കുറ്റിക്കാട്ടിലേക്ക് കയറി....വണ്ടിയിൽ നിന്നും ഇറങ്ങി വന്നവൻ എന്നെ പ്രാകികൊണ്ട് റോഡിൽ നിന്നും അവന്റെ ഐഫോണിന്റെ പാർട്ട്സുകൾ പെറുക്കിയെടുക്കുന്നതാണ്  പിന്നെ കാണുന്നത്...

“അവനു അവന്റെ കഴുത്ത് വെട്ടിച്ച് അഭിവാദ്യം അർപ്പിക്കാൻ ആ സാഹചര്യത്തിൽ നിയമം അനുവദിക്കുന്നതായിരുന്നില്ല....മൂപ്പിത്സ് ദൂരെ നിന്ന് തന്നെ കഴുത്തിൽ ഐഫോൺ വച്ച് വലത് കവിൾ കൊണ്ട് അമർത്തിപിടിച്ച് ഫോണിലൂടെ സംസാരിച്ച് വരികയായിരുന്നു...സമയം സന്ദർഭം എല്ലാം മറന്ന് എന്നെ കണ്ടപ്പോൾ കഴുത്ത് വെട്ടിച്ചത് നേരെ എതിർവശത്തേക്കും....“

“അവനെ കുറ്റം പറയാൻ കഴിയില്ല.....അവനല്ല അവന്റെ അപ്പനായാലും എന്നെ തെറിപറയും”....

“പാവം ഞാൻ ഇന്നത്തെ കോട്ട തികഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിക്കാതെ നേരെ ഷോപ്പിലേക്ക്”....
ബാഹുബലിയിൽ പ്രഭാസ് വടം വലിച്ച് കൊണ്ട് വരുന്നത് പോലെ ഒന്നരമീറ്റർ നീളമുള്ള ഗാർഡൻ ഓസ്സിന്റെ ഒരു കഷ്ണവുമായി മകൻ സൈദ് വരുന്നത് കണ്ടപ്പോൾ അവന്റെ തോളിൽ തട്ടി അഭിനന്ദിക്കാൻ തോന്നാഞ്ഞതിനു കാരണം മറ്റൊന്നുമല്ല....
പെട്രോൾ ഊറ്റിയെടുക്കുക എന്ന ലക്ഷ്യവുമായാണ് അവന്റെ വരവ്....അടുക്കള എന്ന ഭരണസാമ്രാജ്യത്തിൽ നിന്ന് പുതുതായ് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ആണ് അവന്റെ വരവ്....
അടുക്കളയിൽ നിന്നും റാണി സായിബായുടെ പുതിയ ഉത്തരവ് മറ്റൊന്നും ആയിരുന്നില്ല ബാപ്പിച്ചിയുടെ ആക്ടീവയിൽ നിന്നും പെട്രോൾ ഊറ്റി റാണിയുടെ പ്ലഷറിൽ ഒഴിക്കുക....
പ്ലഷർ പണിമുടക്കാൻ ഇനി അധികം താമസം ഇല്ലപോലും പെട്രോൾ എന്തോരം ഉണ്ടെന്ന് കാണിക്കുന്ന കറുത്ത സൂചി ചുമപ്പ് കടന്ന് സൈഡിൽ മുട്ടിനിൽക്കുന്നു...തടഞ്ഞ് നിൽക്കുന്നത് കൊണ്ടോ എന്തോ ഭാഗ്യത്തിനു സൂചി പുറത്തേക്ക് വന്നില്ല...
ഇന്നലെ പെട്രോൾ പമ്പ് എന്തോ പണിമുടക്കിയത് കാരണം വാങ്ങാനും കഴിഞ്ഞില്ല...പിന്നെ ഉള്ള ഏക പോംവഴി ...എന്റെ വണ്ടിയിൽ നിന്ന് ഊറ്റുക....
ഈ ഒരു പെട്രോൾ കണ്ട്പിടിച്ചില്ലായിരുന്നെങ്കിൽ ഇവളുമാരൊക്കെ എന്ത് ചെയ്തേനെ എന്ന് മനസ്സിൽ പറഞ്ഞെങ്കിലും ...ഉച്ചക്കുള്ള ഭക്ഷണവും പിന്നെ മനസ്സമാധാനവും ഒക്കെ മനസ്സിൽ വന്നത് കൊണ്ട് മറ്റുള്ള ചോദ്യങ്ങളോന്നും പുറത്തേക്ക് വരാഞ്ഞത് എന്തോ എന്റെ ഭാഗ്യമായി കരുതാനേ നിവൃത്തിയുള്ളു...
അരയിലൊതുങ്ങാത്ത ബർമുടയുടെ പോകറ്റിൽ നിന്നും വണ്ടിയുടെ താക്കോൽ എടുത്ത് എന്റെ നേർക്ക് സൈദ് നീട്ടുമ്പോൾ അങ്കം ജയിച്ച ചേകവനേ പോലെ അവന്റെ ധാർഷ്ട്യം ഇഷ്ടപ്പെട്ടില്ലെങ്കിലും,തൽക്കാലം തോൽവി സമ്മതിച്ച് കൊണ്ട് അവന്റെ കയ്യിൽ നിന്നും താക്കോൽ വാങ്ങി...
“ഈ പണ്ടാറം ഒഴിച്ചാൽ തന്നെ വണ്ടി ഓടുകയുള്ളു എന്നൊരു തോന്നലും മനസ്സിൽ ഉണ്ടായി”....എന്നാലും എങ്ങിനെ ഇതൊഴിച്ച് വണ്ടികൾ മുമ്പോട്ട് പായുന്നു എന്ന ഒരു തോന്നൽ മനസ്സിൽ ബുദ്ധിയുദിച്ച നാളുകളിലേ തോന്നിയിട്ടുള്ളതാണ്...
അന്ന് എന്റെ ബുദ്ധിയെ അംഗീകരിക്കാൻ ആളുകൾ മുന്നോട്ട് വരാതെ അത് കരിക്കാൻ ആയിരുന്നു ദേശവാസികളുടെ ത്വര...
അവരുടെ ആ ചിന്താഗതികൊണ്ട് എന്തുണ്ടായി എന്നറിയോ സ്വന്തം നാടിനു ഒരു നല്ല ശാസ്ത്രജ്ഞനെ നഷ്ടമായി...പഠിക്കട്ടെ എന്നാലേ ഈ ജനത അനുഭവിക്കൂ എന്ന് ഞാനും ചിന്തിച്ചു...അങ്ങനെ വിട്ടാൽ പറ്റോ...
ആക്ടീവയുടെ സീറ്റ് താക്കോലിട്ട് തുറന്നതും സല്പുത്രൻ പെട്രോ ടാങ്കിന്റെ ഡക്കൻ ഊരി ഗാർഡൻ ഓസ് ടാങ്കിലേക്ക് തിരുകി കയറ്റി...എന്നിട്ട് ഒരു നോട്ടം...അത് എന്നോടുള്ള കൽപ്പനയാണു...
ഹോസിന്റെ മറ്റെ തലഞാൻ വായിൽ വച്ച് മേൽപ്പോട്ട് വലിക്കണം...ആ കർമ്മത്തിലേക്ക് ഞാൻ കടക്കുമ്പോഴേക്കും മകൻ ഒരു വാട്ടർ ബോട്ടിലുമായി താഴേ ഇരുപ്പായി...പശുവിനെ കറക്കാൻ പാത്രവുമായി ഇരിക്കുന്നത് പോലെ...
പിന്നെ സൈദ് നോക്കുമ്പോൾ എന്നെ കാണാനില്ല....ഞാൻ പറമ്പായ പറമ്പ് മുഴുവനും ഓടുന്നതാണു അവൻ കാണുന്നത് ...എന്താണെന്ന് അവനു മനസ്സിലായില്ലെങ്കിലും പൈപ്പിലൂടെ പുറത്തേക്ക് വരുന്ന പെട്രോൾ അവൻ കുപ്പിയിൽ നിറച്ചതിനു ശേഷം എന്റെ പിന്നാലേ വന്നു...
“അപ്പോഴേക്കും എന്റെ ഓട്ടം ഏകദേശം കഴിഞ്ഞ് ഞാൻ ശർദ്ദിക്കാൻ ആരംഭിച്ചിരുന്നു”...
കഥ മറ്റൊന്നുമല്ല....വലിച്ച് കയറ്റിയ പെട്രോൾ പരമാവധി ശക്തിയിൽ എന്റെ അണ്ണാകിലേക്കാണു ആദ്യം കയറിയത്....മൊത്തത്തിൽ ഒരു മരവിപ്പും പിന്നെ ഒരു വിഭ്രാന്തിയും....
“ഒരു കവിൾ പെട്രോൾ അകത്ത് ചെന്നപ്പോഴുണ്ടായ ആ വെപ്രാ‍ളത്തിലും ഒരു കാര്യം എനിക്ക് മനസ്സിലായി വെറുതെ അല്ല വണ്ടികൾ പെട്രോളിൽ ഇങ്ങനെ പായുന്നത് എന്നു...“
ഇപ്പോഴും അതായത് രാവിലെ ഏഴുമണിമുതൽ ദേ ഈ പോസ്റ്റ് എഴുതികഴിയുന്നത് വരേക്കും ഏമ്പക്കം വിടുമ്പോൾ പെട്രോളിന്റെ ഗ്യാസ് ആണു വായിലൂടെ വരുന്നത്...
“സത്യം പറഞ്ഞാൽ മൂത്രം ഒഴിക്കാൻ വരെ പേടെയാവുന്നു....അടുത്തെങ്ങനും “തീ“ അംശം ഉണ്ടേൽ അയ്യോ ആലോചിക്കാൻ തന്നെ വയ്യ”......

Friday, 28 April 2017

                                              ഫേസ്ബുക്ക് വഴിയുള്ള സൌഹൃദയങ്ങൾക്ക് കൂടുതൽ ധൃഡമായത് റ്റാരിയുടെ വിവാഹത്തോടെ ആയിരുന്നു...ഇടക്കിടക്ക് ആരോടെങ്കിലും ഫോണിലൂടെ സംസാരിക്കും എന്നല്ലാതെ ...

ഫേസ്ബുക്ക് ഫ്രണ്ട്സ് എങ്ങനെ ഇരിക്കും എന്നൊന്നും ഒരു ധാരണയും ഉണ്ടായിരുന്നില്ല...

എന്നാൽ നേരിൽ കണ്ടപ്പോഴല്ലെ മനസ്സിലാവുന്നത് എല്ലാവർക്കും വയർ അൽപ്പം ചാടിയിട്ടുണ്ടെന്ന് ഒഴിച്ചാൽ ബാക്കി എല്ലാം സാധാരണ ജനങ്ങൾ തന്നെ...

റ്റാരിയുടെ കല്യാണത്തിനു പോകുമ്പോഴാണ് ഒരശനിപാദം പോലെ അങ്ങനെ ഒരു തോന്നല്‍ എന്റെ മനസ്സില്‍ കടന്നുകയറിയത്....
എനിക്കും ഫോര്‍വീലര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കണം..
തോന്നലുകളെ കടിഞ്ഞാണിടാന്‍ വല്യപാടാണ്...

റ്റാരിയുടെ കല്യാണത്തിനു റെന്റ്റിനു കാറെടുത്ത് കൂലിക്ക് ഡ്രൈവറേയും വച്ച് വയനാട് ചുരം കയറിയപ്പോഴാണു എന്റെ മനസ്സിനെ പിടിച്ച് കുലുക്കികൊണ്ട് ആ ഒരു തോന്നല്‍ ഹൃദയത്തിന്റെ വാല്‍വ് തുരന്ന് കൊണ്ട് മെഡുല ഒബ്ലാംഗേറ്റവഴി മസ്തിഷ്കത്തിന്റെ അഗാധതയിലേക്ക് ആണ്ടിറങ്ങിയത്...
അതിന്റെ മുന്നോടിയായി ആദ്യമായി ചെയ്തത് ഒരു പഴയകാര്‍ സ്വന്തമാക്കി...മാരുതി 800 2001 മോഡല്‍....
അതു കഴിഞ്ഞ് തൊട്ടടുത്തുള്ള ഡ്രൈവിങ്ങ് സ്കൂളില്‍ ചേര്‍ന്നു...ഇരയെ കണ്ട പൂച്ചയുടെ ഭാവം ആയിരുന്നു ഡ്രൈവിങ്ങ് സ്കൂള്‍ നടത്തിപ്പുകാരന്...

രാവിലെ പത്ത് മണിക്ക് ഡ്രൈവിങ്ങ് സ്ക്കൂളിലും രാത്രി പത്ത് കഴിഞ്ഞ് എന്റെ സ്വന്തം വണ്ടിയില്‍ ഞങ്ങളുടെ പ്രാന്തപ്രദേശത്തും എന്റെ പഠനം നിരുപാതികം തുടര്‍ന്നു...

25/3/2014 എന്റെ ആദ്യ ടെസ്റ്റ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍...ഒരു വലിയ പുരുഷാരത്തിനു നടുവില്‍ ഞാന്‍ തോല്‍വി സമ്മതിച്ച് പിന്മാറി...

ഡ്രൈവിങ്ങ് പഠിപ്പിച്ച മാഷ് എന്നെ ആഞ്ഞൊന്ന് നോക്കി...ആ നോട്ടത്തിൽ ഞാൻ ഉരുകിയൊലിച്ചൊന്നും ഇല്ലാ....അതിനാൽ നോക്കിയ ആൾ തന്നെ ഉരുകി ഒലിക്കേണ്ടി വന്നു...ഞാൻ ഭയപ്പെട്ടൊന്നും ഇല്ല ഭയപ്പെട്ടത് അവിടെയുള്ള പോലീസ് കാരുതന്നെയാ....ഇവനെങ്ങാനും ലൈസൻസ് കിട്ടിയാലുള്ള അവസ്ഥ ഓർത്താവും....

ഡ്രൈവർ സീറ്റിൽ ഇരുന്നുകഴിഞ്ഞാൽ ആകാശത്തേക്ക് നോക്കി വണ്ടി ഓടിക്കുന്ന ലോകത്തിലെ ആദ്യത്തേയും അവസാനത്തേയും ആൾ ഞാൻ തന്നെ ആണെന്ന് ഞാനെന്നല്ല ആരും പറയും....

എച്ച് “H" കമ്പികള്‍ തോന്നിയത് പോലെ കുത്തിവച്ചിട്ട് അതിനിടയിലൂടെ എടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്...ഞാനാണേല്‍ കാറിനുള്ളില്‍ കയറിയിരുന്നുകഴിഞ്ഞാല്‍ അതിനുള്ളില്‍ ആളുണ്ടെന്ന് തന്നെ പറയാന്‍ കഴിയില്ല...അത്രക്കും ഉയരമല്ലെ എനിക്കുള്ളത്....

പിന്നെ എനിക്കാണേല്‍ തട്ടിയിടാന്‍ ഈ കുത്തിയിരിക്കുന്ന കമ്പിയൊന്നും തികയുന്നില്ല....മൊത്തം 16 കമ്പിയില്‍ 13 എണ്ണവും തട്ടിയിട്ടപ്പോള്‍ പോലീസുകാരന്‍ എന്നോട് ചോദിച്ചു എന്തിനാ ബാക്കി മൂന്നെണ്ണം അവിടെ നിര്‍ത്തിയിരിക്കുന്നത് അതും കൂടി തട്ടിയിട്ടിട്ട് വായോ എന്ന്...

ആദ്യ ടെസ്റ്റില്‍ തോറ്റഞാന്‍ ഒരു ജേതാവിനെ പോലെ കാറില്‍ നിന്നും മാന്യമായി ഇറങ്ങിപ്പോയി.....

എന്തോ ഒരു അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ മൈദാനത്തിന്റെ സൈഡിൽ നിന്നും ആളുകൾ എന്നെ നോക്കുന്നത് കണ്ടപ്പോൾ ...ഞാൻ മനസാൽ പറഞ്ഞു....നിങ്ങളും തോൽക്കും അപ്പോൾ ഞാനും നോക്കും ഇത് പോലെ...

 പിന്നെ ദേ...ഇന്ന് 8/4/2014 വീണ്ടും ആ കടമ്പ കടക്കാന്‍ ഞാന്‍ ഇതാ മുനിസിപ്പല്‍ മൈദാനിയില്‍ എത്തുകയുണ്ടായി..

എന്നാല്‍ എല്ലപ്രതീക്ഷകളും തകിടം മറിച്ച് കൊണ്ട് ഞാന്‍ പാസായി എന്ന് പറഞ്ഞാല്‍ .....എനിക്ക് എന്നെ തന്നെ വിശ്വസിക്കാന്‍ പ്രയാസപ്പെടേണ്ടിവന്നു...

ഞാന്‍ ജയിച്ചു....                         
                                                                ഓരോരുത്തർക്കും ഓരോരോ സ്റ്റൈൽ ആണ്...അത് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...
എന്നാൽ സ്റ്റൈലിനുവേണ്ടി സ്റ്റൈൽ ആക്കുന്നവരുമുണ്ട്....ആദ്യം അവരിൽ ചിലരെ നമുക്ക് പരിചയപ്പെടാം.....

നിങ്ങൾ അറിയാതെ ഞാൻ ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്നാൽ ഞാൻ അറിയാതെ നിങ്ങൾ എന്നേയും ശ്രദ്ധിക്കുക...ചിരിക്കാനും ചിന്തിക്കാനും നമ്മിൽ നിന്ന് തന്നെ കിട്ടും...

ഇത് ഇന്ന് എഴുതാൻ ഒരു കാരണം ഉണ്ട്...ഇന്ന് രാവിലെ സംഭവിച്ച ഒരു കാര്യം...

രാവിലെ എന്നത്തേയും പോലെ ഇന്നും എഴുന്നേറ്റു...ഭക്ഷണം റെഡിയാക്കി

Thursday, 27 April 2017

                                                                       സ്വന്തമായി ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവൻ ആയിരുന്നു ഞാൻ...അത് ഞാൻ ഇന്നും നിലനിർത്തുന്നുമുണ്ട്.
                                                                   
                                                                       പ്രീഡിഗ്രി തോറ്റതിനു ശേഷം എന്ത് ചെയ്യണം എന്നറിയാതെ അൽപ്പം കുഴഞ്ഞിട്ടുണ്ട്...അതിനു കാരണം മറ്റൊന്നുമല്ല...

                             പഠിക്കുന്ന കാര്യത്തിൽ വീട്ടിൽ എല്ലാവരും അൽപ്പം മുൻപന്തിയിൽ ആയിരുന്നു...എന്നാൽ എന്തെങ്കിലും കൂലിപ്പണിക്ക് പോകാനുള്ള ശരീരം ഒട്ടും എനിക്കില്ലതാനും....

അക്കാലത്ത് പള്ളിയിൽ മദ്രസിൽ പോയിരുന്നപ്പോൾ അവിടെ ഉസ്താദ് മാർ പഠിപ്പിച്ചിരുന്നു...ദൈവം [അള്ളാഹു ] മനുഷ്യനെ മണ്ണ് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന്...അപ്പോൾ ഞാൻ കരുതിയിരുന്നത് എല്ലാവരേയും ഉണ്ടാക്കി കഴിഞ്ഞപ്പോൾ ബാക്കി വന്ന മണ്ണ് കൊണ്ടാവും എന്നെ ഉണ്ടാക്കിയത് എന്ന്...

അങ്ങനെ പ്രീഡിഗ്രിയിൽ തോറ്റ ഡിഗ്രിയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന നേരത്താണ്..കോണത്ത് കുന്ന് എന്ന സ്ഥലത്ത് “ദീപ്തി ഡയമണ്ട്” എന്ന സ്ഥാപനം വരുന്നത്... വൈരക്കല്ല് പോളീഷ് ചെയ്യുന്ന കമ്പനി...

ഒന്നാം ക്ലാസ്സിൽ ചേർക്കാൻ  കൊണ്ട്   പോകുന്ന ലാഘവത്തോടെ   ബാപ്പിച്ചി എന്റെ കയ്യും പിടിച്ച് അവിടേക്ക് വച്ചടിച്ചു...അവിടെ നിന്നും ആ പണിയും പഠിച്ച് ഗുജ്റത്തിലേക്ക് വണ്ടികയറുന്നു......

പ്രവാസജീവിതത്തിന്റെ ആരംഭം അവിടെ നിന്നാണ്.....എല്ലാവരിൽ നിന്നും ഒരു രക്ഷപ്പെടൽ....കൊച്ചിൻ രാജ്ക്കോട്ട് എക്സ്പ്രസ്സിൽ...തൃശൂർ നിന്നും അഹമ്മദാബാദിലേക്ക്....ആദ്യ ട്രൈൻ യാത്ര...ഓടിക്കൊണ്ടിരിക്കുന്ന ട്രൈനിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള നടത്തം....ഓടുന്ന ട്രൈനിലെ മലമൂത്രവിസർജ്ജനം...എല്ലാം പുതിയ അനുഭവം...

അന്ന് കൂടെ ഉണ്ടായിരുന്ന വത്സൻ എന്ന കൂട്ടുകാരന്റെ അളിയൻ മോഹനേട്ടൻ അഹമ്മദാബാദിൽ ക്രൌൺ ടിവിയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു...ഞങ്ങൾ അവിടേക്കാണു പോകുന്നത്...അവിടെ നിന്ന് വേണം പുതിയ ജീവിതം തുടങ്ങാൻ...

ഒരുപാട് അനുഭവങ്ങളും മറ്റും അവിടെ നിന്ന് ലഭിച്ചു...പിന്നീടാണ് ഗൾഫിലേക്ക് വിസ ശരിയാവുന്നത്....

“അബൂദാബി നാഷണൽ ഫുഡ്സ്റ്റഫ്ഫ്” എന്നകമ്പനിയിലേക്ക് ...എന്റെ യാത്ര ആരംഭിക്കുകയാണ്...സ്വന്തം മാമ (അമ്മാവൻ ) റെഡിയാക്കി തന്ന വിസ...

“തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും രാത്രി 8.30 നു യാത്ര....വീട്ടിൽ നിന്നും രാവിലെ തന്നെ ടാക്സിയിൽ പുറപ്പെട്ടു....

“അന്നാണേൽ തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല നടക്കുന്നു...എവിടേയും റോഡ് ബ്ലോക്ക്...ആ പൊങ്കാല ദിവസം തന്നെ എന്റെ യാത്ര ...

മിടിക്കുന്ന മനസ്സോടെ തിരുവനന്തപുരം എയർപോർട്ടിലേക്ക് ....അവിടെ നിന്നും അബുദാബിയിലേക്ക്....അബൂദാബി സമയം സുമാർ വെളുപ്പിനു രണ്ടേകാലിനു ഞാൻ അവിടെ ലാന്റ് ചെയ്യുന്നു.....

“ഇവിടെ നിന്നാനു എന്റെ ഗൾഫ് ജീവിതം ആരംഭിക്കുന്നത്....

                                             അതെ ...

“എനിക്കും ഉണ്ടായിരുന്നു ഒരു ഗൾഫ് ജീവിതം”....

Thursday, 20 April 2017

കൽപ്പറമ്പ്    സ്കൂള്‍.......

ഗോതമ്പ് മാവ് പച്ചവെള്ളത്തില്‍ നന്നായി കുറുക്കിയെടുത്ത്  ഇരുമ്പിന്റെ ചട്ടിയില്‍ ചുട്ടെടുക്കുന്ന ദോശക്ക് ചെറിയ ചെറിയ കുഴികള്‍ കാണാം...അല്പം കരിഞ്ഞ് തവിട്ട് നിറത്തില്‍ ചുട്ടെടുക്കുന്ന ദോശകാണുമ്പോള്‍

 “ഡ്രില്ല് പഠിപ്പിച്ചിരുന്ന ജോബ് മാഷേയാണു ഓര്‍മ്മവരിക”

മുഖം നിറയെ ചെറിയ ചെറിയ കുഴികള്‍ നിറഞ്ഞും പ്രത്യേകിച്ച് ഒരു രൂപവും എടുത്ത് പറയാന്‍ പറ്റാത്ത മൂക്കും മൂക്കിനുതാഴെ നിബിഡമായ മീശയും കൈകളില്‍ നിറയെ രോമവും ഉള്ള ഒരുമാഷ്.

ഡ്രില്ല് എന്ന് പറയുമ്പോൾ കളി ആണെന്ന് തെറ്റിദ്ധരിച്ചിരുന്ന എനിക്ക് ഡ്രില്ല് എന്ന് കേൾക്കുമ്പോൾ ഇപ്പോഴും രക്തം ഉറക്കും...അതിനു കാരണക്കാരൻ നേരത്തെ പറഞ്ഞ ജോബ് മാഷ് ആണ്....

വരിവരിക്ക് നിര്‍ത്തി “ബായിയേ മൂഡ് ,പീച്ചേ മൂഡ്.എന്നിങ്ങനെ താളക്രമത്തില്‍ ഒച്ചയിട്ട് പഠിപ്പിക്കുന്ന മാഷ് എപ്പോഴും മുഷ്ടി ചുരുട്ടി പിടിച്ച് നില്‍ക്കുന്നുണ്ടാകും..

ചൂണ്ട് വിരലിനും മധ്യവിരലിനും ഇടയിലൂടെ തള്ളവിരല്‍ പുറത്തേക്ക് കാണത്തക്കവണ്ണം കൈചുരുട്ടിപ്പിടിച്ചുള്ള നില്‍പ്പ്കണ്ടാല്‍ തന്നെ മനുഷ്യന്റെ ഉള്ള ജീവനും പോകും .
ഇടത്തോട്ട് തിരിയാന്‍ പറഞ്ഞാല്‍ വലത്തോട്ടും വലത്തോട്ട് തിരിയാന്‍ പറഞ്ഞാല്‍ ഇടത്തോട്ടും തിരിയുന്ന അനുസരണയുള്ള വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങള്‍..
ജോബ് മാഷുടെ ചുരുട്ടിപ്പിടിച്ച മുഷ്ടി ചെവിക്ക് പിറകിലായി മെഡുലാഒബ്ലാംഗേറ്റക്ക് സൈഡിലായി ഒരു പ്രത്യേക സ്പീഡില്‍ കളം വരക്കുമ്പോല്‍ ചെവിയിലൂടെ ഒരു പ്രത്യേക മൂളല്‍ ഒഴുകിപ്പോകും...

അങ്ങനെയിരിക്കെയാണു സ്കൌട്ടിലേക്ക് ആളെ സെലക്ട് ചെയ്തത്...പൊക്കക്കുറവും സ്വയം നില്‍ക്കാന്‍ ത്രാണിയില്ലാത്തവനുമായ എന്നെ ആദ്യ റൌണ്ടില്‍ തന്നെ പുറത്താക്കി ...

നിരാശയോടെ പള്ളി മതിലിന്റെ മൂലയിൽ ഉള്ള  സര്‍വ്വേകല്ലില്‍ വിഷണ്ണയായി ഇരിക്കുമ്പോള്‍ ജോബ്ബ് മാഷ് എല്ലാവരേയും തിരഞ്ഞെടുത്തു...
സ്കൌട്ടിന്റെ പരേഡ് തകൃതിയായി നടക്കുന്ന ഒരു ദിവസം എല്ലാവരും വിശന്ന് പ്രാണന്‍ കത്തി സ്കൂള്‍ ഗ്രൌണ്ടില്‍ ലെഫ്റ്റ് റൈറ്റ് പാടി മുന്നോട്ട് പോകുന്നു....അതുകഴിഞ്ഞാല്‍ കാപ്പി സല്‍ക്കാരം ഉണ്ട്...എല്ലാവരും വിയര്‍ത്ത് നാശമായി എന്തെങ്കിലും പറയാന്‍ കഴിയുമോ ജോബ് മാഷ്ടെ മുഷ്ടിപ്രയോഗം എല്ലാ വിശപ്പിനേയും തടഞ്ഞുനിര്‍ത്തി...

മാര്‍ച്ച് ഫാസ്റ്റ് ...മാഷ്ടെ ഗര്‍ജനം എല്ലാരിലും ഞെട്ടലുളവാക്കിയെങ്കിലും ആര്‍ക്കും മുന്നോട്ട് ഗമിക്കാന്‍ ഒരു പ്രയാസം...

ഇനി കാപ്പികുടിച്ചിട്ട് ചെയ്യാം മാഷേ കൂട്ടത്തില്‍ നിന്നും ആരോ വിളിച്ച് പറഞ്ഞത് സഖാക്കള്‍ ഏറ്റുപാടി....

കാപ്പികുടിച്ചിട്ട് അടുത്ത ക്ലാസ്സ് മതിയെന്നുള്ളവര്‍ അഞ്ച് സ്റ്റെപ്പ് മുന്നോട്ട് മാര്‍ച്ച് ചെയ്യുക...ജോബ് മാഷില്‍ നിന്നും ഇത്രക്കും മധുരമായ ശബ്ദം കേൾക്കുന്നതാദ്യമാ    യിട്ടായിരുന്നെങ്കിലും എല്ലാവരും ഒന്ന് വിറച്ചു...എന്നിട്ട് എല്ലാവരും അഞ്ച് സ്റ്റെപ്പ് മുന്നൊട്ട് മാര്‍ച്ച് ചെയ്തു....

ഒരാളൊഴികെ...(  പള്ളിയുടെ തെക്കേ സൈഡില്‍ താമസിക്കുന്ന ഒരുവൻ പേർ ഓർമ്മവരുന്നില്ല..........)

ഒരാളെങ്കിലും പഠിക്കാന്‍ താത്പര്യമുള്ള ആളുണ്ടായല്ലോ എന്ന വിചാരം വന്നതോട് ജോബ്മാഷ്ടെ മേലാസകലം ഉള്ള രോമങ്ങള്‍ ഒരു സെക്കന്റ്റ് എഴുന്നേറ്റുനിന്നു...

ടം ഡം ഡും ടും ടെയ് പടേയ് എന്നിങ്ങനെയുള്ള ശബ്ദങ്ങള്‍ കുറച്ച് നേരം സ്കൂള്‍ ഗ്രൌണ്ടില്‍ മുഴങ്ങിക്കേട്ടു....മറ്റൊന്നുമല്ല മാഷ്ടെ മുഷ്ടിപ്രയോഗം വിവിധ തലകളില്‍ നടത്തുന്ന ക്രയവിക്രയങ്ങളുടെ മാറ്റൊലിയായിരുന്നു ആ ശബ്ദം..

മാഷ് മെല്ലെ മാർച്ച് ചെയ്യാത്തവന്റെ  അരികിലേക്ക് നടന്നടുത്തിട്ട് സ്നേഹപുരസരം തന്റെ അരുമ ശിഷ്യനെ നോക്കി പറഞ്ഞു ഒരാളെങ്കിലും ഉണ്ടായല്ലോ പഠിക്കാന്‍ താത്പര്യമുള്ളവന്‍...എനിക്കഭിമാനം ഉണ്ട് നിന്നെ ഓര്‍ത്ത്

എന്നാൽ അവനിൽ  നിന്നും കേട്ട മറുപടികേട്ട് ജോബ്മാഷ കുറച്ച് നേരം ആ ഗ്രൌണ്ടില്‍ തന്നെ ചമ്മണം പടിയിട്ട് ഇരുന്നുപോയി..

“മാഷേ കാപ്പികുടിക്കാതെ എനിക്ക് ഒരടിപോലും മുന്നോട്ട് നടക്കാന്‍ കഴിയില്ല അല്ലേല്‍ ഞാനും അവര്‍ക്കൊപ്പം അഞ്ച് സ്റ്റെപ്പ് മുന്നോട്ട് നടന്നേനെ”

Monday, 17 April 2017

സരസ്വതീ ക്ഷേത്രം..........2

കല്ല്യാണി ടീച്ചറുടെ ക്ലാസ്സില്‍ ആണ് ആദ്യം എന്നെ കൊണ്ടിരുത്തിയത്..

ക്ലാസ്സ് റൂമിന്റെ പിന്നിലായി കാലൊടിഞ്ഞ ബഞ്ചും ഡസ്കുകളും കൂട്ടിയിട്ടിരിക്കുന്നു..ഒറ്റനോട്ടത്തില്‍ മരക്കമ്പനിയില്‍ എത്തിപ്പെട്ടതെന്ന് തോന്നിക്കുമെങ്കിലും മരങ്ങള്‍ക്കിടയിലൂടേ ഓടുന്ന എലി പെരുച്ചാഴി പാറ്റ വണ്ടുകള്‍ എന്നിങ്ങനെയുള്ള ജീവികളെ കാണുമ്പോള്‍ വന്യമൃഗങ്ങള്‍ വസിക്കുന്ന വനാന്തരങ്ങളില്‍ പെട്ടത് പോലേയും തോന്നും
                                             പുതിയതായി വന്ന എല്ലാകുട്ടിയകളും കാറിക്കരയുകയാണ്...ഞാനും കരഞ്ഞു...എനിക്ക് കരയാന്‍ പ്രത്യേകിച്ച് വലിയ കാരണങ്ങള്‍ ഒന്നും വേണമെന്നില്ല...സ്കൂളിലേക്ക് പുറപ്പെടാന്‍ നേരത്ത് തന്നെ വലിയവായില്‍ കരഞ്ഞുകൊണ്ടാണു ഞാന്‍ പുറപ്പെട്ടത്...
                                              ദര്‍മ്മാശുപത്രിയില്‍ എത്തിയത് പോലെ ആകെ കരച്ചിലും ബഹളവും..ഇടക്കിടക്ക് പെരുച്ചാഴിയുടെ ഓട്ടവും എല്ലാം കൂടി ഒത്ത് വന്നപ്പോള്‍ ആകെ ലഹളമയം....അവിടേക്കാണു കല്യാണി ടീച്ചര്‍ കടന്ന് വരുന്നത്...കരയുന്നവരെ സമാധാനിപ്പിക്കുകയും പാട്ട് പാടുകയും കഥകള്‍ പറയുകയും ചെയ്യുന്ന ഒരു നല്ല ടീച്ചര്‍...
                                                               പക്ഷേ ആ ക്ലാസ്സില്‍ എനിക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല...ക്ലാസ്സില്‍ കുട്ടികള്‍ അധികമായതിനാല്‍ എന്നെ പ്രേമാവതി ടീച്ചറിന്റെ ക്ലാസ്സിലേക്ക് മാറ്റി..അറുക്കാന്‍ കൊണ്ടുപോകുന്ന ആടിന്റെ പോലെ ഞാന്‍ എന്റെ അലുമിനിയം പെട്ടിയും കയ്യിലെടുത്ത് പ്രേമാവതി ടീച്ചറിന്റെ ക്ലാസ്സിലേക്ക് നടന്നു...

പ്രേമാവതി ടീച്ചറിന്റെ ക്ലാസ്സില്‍ ആണ്‍കുട്ടികളുടെ സൈഡില്‍ ഫസ്റ്റ് ബഞ്ചില്‍ എനിക്ക് സീറ്റ് തരമായി...എന്റെ പെട്ടി ഞാന്‍ ബഞ്ചിന്റെ അടിയില്‍ വച്ച് ബഞ്ചില്‍ ഉപവിഷ്ടനായി...
സ്റ്റാന്റ് അപ്പ്..സിറ്റ് ഡൌണ്‍ എന്നിങ്ങനെയുള്ള കാലാപരിപാടികള്‍ക്ക് ശേഷം എല്ലാവരും അച്ചടക്കത്തോടെ..[ കരച്ചില്‍ നിര്‍ത്തിയെന്നര്‍ത്ഥം ] ബഞ്ചില്‍ ഇരുന്നു...

“പെട്ടെന്ന് സ്കൂളിനെ ഞെട്ടിക്കുമാറ് എന്റെ വായില്‍ നിന്നും ഒരു ആര്‍ത്തനാദം ഉയര്‍ന്നു...ങീ ങീ.....കരച്ചിലില്‍ ബിരുദാനന്തര ബിരുദം എടുത്ത എനിക്ക് ആര്‍ത്തനാദം പുറപ്പെടുവിക്കാന്‍ അധികം സമയം ഒന്നും വേണ്ടിവന്നില്ല...
                        
                                     കാരണം തിരക്കാന്‍ ടീച്ചര്‍ അടുത്തെത്തിയപ്പോള്‍ വള്ളിവട്ടം തറയില്‍ നിന്നും വരുന്ന അല്‍ത്താഫ് എന്ന് പറയുന്ന പഹയന്‍ വാവിട്ടൊരു നിലവിളി...ആദ്യം ഞാന്‍ കരുതി എന്റെ കരച്ചിലിനു അവന്‍ കോറസ്സ് പാടുകയാണെന്നാണു പിന്നെയാണു മനസ്സിലായത്...എന്റെ കരച്ചിലിനുള്ള ഹേതു അവനാണൊ എന്ന് ടീച്ചര്‍ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് അവന്‍ കാരണമൊന്നും ഇല്ലാതെ കരഞ്ഞത്...
                                                               എന്തിനാ കരഞ്ഞത് എന്ന് ടീച്ചര്‍ എന്റെ അരികില്‍ വന്ന് സ്നേഹരൂപേണേ ചോദിച്ചപ്പോള്‍ എന്റെ സങ്കടം കൂടിവന്നുള്ളു....കരഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു...

“ബഞ്ചിലിരുന്നപ്പോള്‍ “കൊതം ഇറുങ്ങി”....

ആടുന്ന ബഞ്ചില്‍ ഇരുന്നപ്പോള്‍ ബഞ്ചില്‍ ഇരുന്നപ്പോള്‍ ബ്ഞ്ചിന്റെ കാലും ഇരിക്കുന്ന പലകയും തമ്മിലുള്ള വിടവില്‍ ചന്തി ഉടക്കി അമങ്ങിപ്പോയി ഇതാണു നടന്നതെങ്കിലും ...അന്ന് ചന്തി കാല് തുട എന്നൊന്നും പറയാന്‍ അറിയില്ല........................................ഇനി അടുത്തതില്‍ തുടര്‍ന്ന് വായിക്കാം...

Sunday, 16 April 2017

കെ കെ ടി എം കോളേജ്.......

പഠിക്കുന്നവർക്കും പഠിക്കാത്തവർക്കും എന്നും വസന്തകാലം തന്നെ ആയിരുന്നു..ഇവിടെ....

ആ കാലഘട്ടത്തിൽ  പ്രീഡിഗ്രിക്കാർക്ക് ആസ്ബറ്റോസ് മേഞ്ഞ ഒരു കെട്ടിടം ആയിരുന്നു...ആ ക്ലാസ്സിൽ ഇരുന്നാൽ ഏകദേശം 20 ഏക്കറോളം വരുന്ന കോളേജ് ഗ്രൌണ്ട് നമ്മെ മാടി വിളിക്കുന്നത് പോലെ തോന്നും...ഒരാൾ വിളിക്കുന്നതല്ലെ പോകാതിരുന്നാൽ എങ്ങനാ എന്ന് കരുതിയിട്ട്...ആദ്യ പിരീഡ് കഴിയുമ്പോൾ തന്നെ ഗ്രൌണ്ടിലേക്ക് പോകും....ഗ്രൌണ്ടിന്റെ മൂലയിലായി മൂന്നാലു മാവുകൾ നിന്നിരുന്നു...നേരെ അതിന്റെ ചുവട്ടിലേക്ക്...

എന്റെ പ്രീ ഡിഗ്രി സെക്കന്റ്റിയര്‍......

ബയോളജി ലാബും ഫിസിക്സ് ലാബും കെമിസ്ട്രി ലാബും എനിക്കെന്നും പേടി സ്വപ്നം ആയിരുന്നു..എങ്കിലും...!!!!!

ബയോളജി ലാബിലേക്ക് മിക്കവാറും ദിവസങ്ങളിൽ 
അറ്റന്റ്റര്‍ തൂക്കിപിടിച്ച ഒരു ബക്കറ്റും ആയി വരും     .....ബക്കറ്റിനുമുകളില്‍ ഒരു പ്ലാസ്റ്റിക്ക് കവര്‍ ഇട്ടു മൂടിയിരിക്കുന്നു.....ആദ്യമൊക്കെ വളരെ കൌതുകത്തോടെ ടീയാന്റെ വരവ് നോക്കി കാണുമായിരുന്നു...

കോളേജ് വരാന്തയിലൂടെ അറ്റന്റ്റ റുടെ ആ വരവ് കാണാന്‍ നല്ല രസം ആണു...
പരിചയം ഇല്ലാത്തവര്‍ കണ്ടാല്‍ കക്കൂസിനു പോകുന്നതാണേന്നേ കരുതൂ...

ഇങ്ങനെയുള്ള ഈ പോക്ക് ക്ലാസില്‍ ഇരിക്കുമ്പോള്‍ ഇടക്ക് ഇടക്ക് കാണാം....

ആ ബക്കറ്റ് മുഴുവനും തവളകള്‍ ആണ്....ബയോളജിക്ക് കീറിമുറിച്ച് പഠിക്കാന്‍....

എനിക്കാണെങ്കില്‍ ബയോളജി ലാബും,കെമിസ്ട്രീ ലാബും കണ്ണെടുത്താല്‍ കണ്ടുകൂടാ....കോളേജും കണ്ടുകൂടാ ട്ടൊ....

പിന്നൊരു കാര്യം ഉണ്ട് പരീക്ഷണവിധേയരായ തവളകള്‍ പരീക്ഷണാര്‍ഥം ഇഹലോകവാസം വെടിയുകയാണ്....
ആരും പിന്നീട് ജീവിച്ചിരുന്നതായി ഇത് വരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.....

അന്ന് ഈ ബയോളജി ലാബു കൊണ്ട് വന്‍ ലാഭങ്ങള്‍ കൊയ്ത് കൊണ്ടിരുന്നത് ഞാനും പിന്നെ കുറച്ച് മിസ്റ്റര്‍ കോളേജുകാരുമായിരുന്നു....

കാരണമെന്തെന്നോ...മൃതിയടഞ്ഞ തവളകളുടെ ശവശരീരങ്ങള്‍ ഏറ്റെടുക്കാന്‍ അവകാശികള്‍ ഇല്ലാത്തതിനാല്‍ ...അവരുടെ ആത്മാവുകള്‍ കോളേജ് പരിസരത്ത് ഗതികിട്ടാതെ നടക്കുന്ന കാലഘട്ടം....
ചില പ്രൊഫസര്‍മാരേയും പിന്നെ ഞങ്ങളെപോലുള്ള കുറെ വിദ്യാര്‍ത്ഥികളേയും കണ്ടാല്‍ തവളകളുടെ പ്രേതം കയറിക്കൂടിയിട്ടുണ്ടൊ എന്ന് എനിക്ക് പലപ്പോഴും സംശയം ജനിപ്പിക്കുമായിരുന്നു...

എന്തെന്നാല്‍ മേല്പറയപ്പെട്ട ഞങ്ങളുടെ നടത്തത്തില്‍ ഇടക്കിടക്ക് ചെറിയ ചെറിയ ചാട്ടം ഉള്ളതായി പലരും പറഞ്ഞു കേട്ടിരിക്കുന്നു....

ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ....ഇതിനൊരു തീരുമാനം വേണമല്ലോ....അങ്ങിനെയാണു ഞാനും മുമ്പ് പറഞ്ഞ മിസ്റ്റര്‍ കോളേജന്മാരും കൂടി ഒരു ധാരണയില്‍ എത്തിയത്....
കോളേജ് വിദ്യാര്‍ത്ഥികളാലും വിദ്യാര്‍ത്ഥിനികളാലും പിന്നെ പൊഫസര്‍മാരാലും പീഡിതരായ അനാഥ പ്രേതങ്ങളെ ഏറ്റെടുക്കുക....

എന്നിട്ട്.......എന്നിട്ട്.....തൊട്ടടുത്ത് കോഴിക്കട കള്ളുഷാപ്പില്‍ വിറ്റ് കാശാക്കുക...ആ കാശിനു അവിടെ നിന്ന് തന്നെ കപ്പയും കറിയും കഴിക്കുക...
[കള്ളുഷാപ്പിലെ കറികള്‍ക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ്]

ഷാപ്പിലെ ചേട്ടനുമായിട്ട് കരാറില്‍ ഒപ്പുവെച്ചു....അത് പ്രകാരം ഞങ്ങളുടെ ശരീരം പുഷ്ടിപെട്ടു തുടങ്ങി....അങ്ങിനെ ആ പരിപാടി നിര്‍ബാധം തുടരുന്ന സമയം.......
ഞാനും എന്റെ ക്ലാസിലുള്ളവരും ബയോളജിലാബില്‍ പുതിയ പരീക്ഷണങ്ങള്‍ക്കയി കാത്ത് നില്‍ക്കുന്നു....ഞാന്‍ കുറേശ്ശേ ബയോളജി ലാബിനെ ഇഷ്ടപ്പെട്ടുതുടങ്ങി...അതില്‍ നിന്നുണ്ടാകുന്ന ലാഭം ഓര്‍ത്താണുട്ടോ...

അറ്റന്റ്റര്‍ ഞങ്ങള്‍ക്കുള്ള തവളയുമായി വന്നു.....എല്ലാവരും റെഡിയായി ഇരിക്കുകയാണു...ബക്കറ്റില്‍ ക്ലോറോഫോം ഒഴിച്ച് തവളകളെ ബോധം കെടുത്തി.....പലകയില്‍ തവളയെ പലകയില്‍ മലര്‍ത്തികിടത്തി...കൈകാലുകള്‍ നിവര്‍ത്തി ഓരോ കാലുകളിലും കയ്യുകളിലും മൊട്ടുസൂചി അടിച്ച് കയറ്റി.

എനിക്ക് കിട്ടിയ തവള ഏകദേശം ഒരു റാത്തല്‍ വരും സല്‍മാന്‍ ഖാന്റെ മസിലിനെ വെല്ലുന്ന  മസിലുമായി ലവന്‍ നീണ്ടുനിവര്‍ന്ന് അങ്ങനെ കിടക്കുകയാണ്......
തവളയുടെ ശ്വാസൊശ്ചാസം കാരണം അതിന്റെ നെഞ്ച് ഉയര്‍ന്ന് താണു ചലിക്കുന്നു....ഞാന്‍ ഡിസക്ഷന്‍ ബോക്സ് തുറന്ന് കത്രികയെടുത്തു..തവളയുടെ അടിഭാഗം മുതല്‍ ഏകദേശം കഴുത്ത് വരേയും തുണിമുറിക്കുന്ന ലാഘവത്തോടെ മുറിച്ചു....അത് കഴിഞ്ഞ് വയറിനെ പതുക്കെ സൈഡിലേക്ക് നീക്കി പലകയില്‍ മൊട്ടുസൂചികയറ്റി.......

ചെറുകുടല്‍ വന്‍ കുടല്‍ അമാശയം എന്നിങ്ങനെ മാറി മാറി അകത്തിവച്ച് പരീക്ഷിച്ച് കൊണ്ടിരിക്കുന്ന നേരം ....
ഒന്ന് കണ്ണുചിമ്മിതുറക്കുന്ന നേരം പലകയില്‍ നിന്നും ലവന്‍ പൂര്‍വ്വാധികം ശക്തിയോടെ മേല്പോട്ട് ചാടി.........
മുഖമാകേ തവളരക്തം തേറിച്ചു.......പിന്നെ കേട്ടത് ഒരു നിലവിളി....ആരൊക്കെയോ ഇരിക്കുന്ന സ്റ്റൂളില്‍ നിന്നും ഉരുണ്ട് വീഴുന്ന ഒച്ചയും കേട്ടു.....

കുടല്‍മാല പുറത്തായ തവള ചാടി ..ചെന്നിരുന്നത് മുന്നിലിരുന്ന പെണ്‍കുട്ടിയുടെ തലയില്‍.....
പീഡിപ്പിക്കാന്‍ വരുന്ന ആണിന്റെ മുന്നില്‍ നിന്ന് കൊടുത്താലും  . ഒരു പാറ്റയുടെ മുന്നിലോ എട്ടുകാലിയുടെ മുന്നിലോ നിന്ന് കൊടുക്കാത്തതാണു പെണ്‍ചരിത്രം . അപോള്‍ പിന്നെ തവള ചാടി തലയില്‍ ഇരുന്നാലത്തെ കഥ പറയണോ....

ആ പെണ്‍കുട്ടി അലമുറയിട്ട് തവളയെ തട്ടിമാറ്റി ...തവള അടുത്താള്‍ടെ മേലെ വീണു.....അങ്ങനെ ഏകദേശം രണ്ട്മിനിറ്റ് ലാബ് ശബ്ദമുഖരിതമായി....

എല്ലാവരും എന്നെ സൂക്ഷിച്ചൊന്നു നോക്കി ...ഞാന്‍ ഞങ്ങളുടെ പ്രൊഫസറേയും....അന്ന് ബയോളജി ലാബിനോട് എനിക്ക് വെറുപ്പ് തോന്നി.....

“അറ്റന്റ്റര്‍ ക്ലോറോഫോം ഒഴിച്ചെങ്കിലും എന്റെ തവളക്ക് ബോധം പോയിരുന്നില്ല......പാവം ഞാന്‍.....

ഷഫീര്‍ പുവത്തും കടവില്‍

Thursday, 13 April 2017

പുതിയ നിയമം....

ടണ്ടണ്ണം ടണടണണം.....ഈ പോസ്റ്റ് വായിക്കുമ്പോൾ ഈ മ്യൂസിക്ക് കൂടി ഇടക് ചേർത്ത് വായിക്കണം....എന്നാൽ വിഷ്വലൈസ് ശരിയാവുകയുള്ളു.....

സൈക്കിള്‍ വാടക ഒരു മണിക്കൂറിനു 25 പൈസ എന്ന തോതിലായിരുന്നു അന്ന് വാങ്ങിയിരുന്നത്..ബ്രാലത്ത് എ കെ വിയ്ടെ കടയിലായാലും അമരിപ്പാടത്ത് അയിനിപുള്ളിയുടെ കടയിലായാലും ..കുന്നുമ്പുറത്ത് അച്ചപ്പക്കാരന്‍ കുഞ്ഞിനിക്കാടെ കടയിലായാലും എല്ലായിടത്തും ഒരേ റേറ്റ്...

വൈകുന്നേരം ഏഴുമണിക്ക് ശേഷം വാടക്കെടുത്താല്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പായി കൊടുക്കുന്ന പ്രക്രിയക്ക് ഫുള്‍ നൈറ്റ് വാടക എന്ന പേരുചേര്‍ത്തി 125 രൂപ ഈടാക്കിയിരുന്നു..

വീട്ടില്‍ താന്തോന്നിയായി നടക്കുന്ന ഒരുകാലം...

തെങ്ങ് കയറ്റ സമയത്ത് മാത്രം നാളികേരം പറക്കി കൂട്ടുന്നത് കാരണം പ്രത്യേകം സ്നേഹം കാണിക്കുന്ന വീട്ടുകാർ...

ഉപദേശിക്കുന്നവരെയെല്ലാം ശത്രുപക്ഷത്താ അന്ന് കണ്ടിരുന്നത്...ആ സമയം വള്ളിവട്ടം ഗ്രാമം മുഴുവനും എന്‍റെ ശത്രുപക്ഷത്തായിരുന്നു..എന്‍റെ ബാപ്പിച്ചി അവരുടെ നേതാവും..യുദ്ധകലുഷിതമായ ആ രണാങ്കണത്തില്‍ വിരാചിക്കുമ്പോഴാ...കൊടുങ്ങല്ലൂര്‍ ശ്രീ കാളീശ്വരി തിയറ്ററില്‍ രാജാവിന്‍റെ മകന്‍ സിനിമ റിലീസ് ആകുന്നത്..ഇറങ്ങുന്ന സിനിമ അന്ന് തന്നെ കണ്ടില്ലേല്‍ ഇസ്ലാമില്‍ നിന്നും പുറത്താക്കിയാലോ എന്നൊരു പേടിയുള്ളതിനാല്‍..ഈ ഒരു കാര്യം മാത്രം പിന്നത്തേക്ക് മാറ്റിവക്കാറില്ല..

അശുറു എന്ന് വിളിക്കുന്ന അശ്റഫ് ആണ് അന്ന് കൂടെ കിട്ടിയത്...സൈക്കിള്‍ വാടകയും സിനിമക്ക് ടിക്കറ്റും എടുത്ത് കൊടുത്താല്‍ ശ്രീലങ്ക വരേക്കും സൈക്കിള്‍ ചവിട്ടാന്‍ മൂപ്പിത്സ് റെഡിയാണ്..
പിന്നെ കൂടെയുള്ളത് ശിവരാമനും..
രാത്രി 9.30 സെക്കന്‍റ് ഷോക്ക് പോകാനായി കുഞ്ഞിന്‍ ക്കായുടെ വീട്ടില്‍ പോയി സൈക്കിള്‍ വാടക്കെടുത്തു.. വാടക വണ്ടിയല്ലെ ..ബെല്ല് ഇല്ലാന്നുള്ള ഒരു കുറവൊഴിച്ചാല്‍ ബ്രേക്ക് കിട്ടുകയും ഇല്ല...അങ്ങനെ വരുമ്പോള്‍ ത്രികോണം പോലെ ഇരിക്കുന്ന സൈക്കിളിന്‍റെ ഫ്രയിമില്‍ താഴേയുള്ള തണ്ടിനു താഴേ ബ്രേക്കിന്‍റെ കമ്പി കാണാം അതില്‍ കാലിന്‍റെ തള്ളവിരലുകൊണ്ട് ആഞ്ഞ് ചവിട്ടിയാല്‍ ബ്രേക്ക് കിട്ടിയാലായി..

മുന്നിലെ തണ്ടിൽ  ഞാന്‍ രണ്ട് കാലും ഒരു സൈഡിലേക്ക് ഇട്ട് പണയം വച്ചത് പോലെ ഇരിക്കണം...അശുറു സൈക്കിള്‍ ചവിട്ടി നീങ്ങിയാല്‍ കുറച്ച് നേരം കൂടെ ഓടിയതിനു ശേഷം ശിവരാമന്‍ ഒരു പ്രത്യേക താളത്തില്‍ ചാടിക്കയറും..

വീട്ടിൽ നിന്നും കൊടുങ്ങല്ലൂർ എത്തുന്നത് വരേക്കും സൈക്കിളിന്റെ തണ്ടിൽ ചരിഞ്ഞിരുന്നിട്ട് തിയേറ്റർ എത്തുമ്പോഴേക്കും ...ചന്തി ഒരു വക ആയിട്ടുണ്ടാകും...ദൈവം തമ്പുരാൻ അല്ലെങ്കിൽ തന്നെ ചന്തിയെ പകുത്ത് രണ്ട് ആകീയിട്ടുണ്ടെങ്കിലും പതിനാലു കിലോമീറ്റർ സൈക്കിൾ തണ്ടിൽ ഇരുന്നതിനാൽ പകുത്തതിന്റെ എണ്ണം രണ്ടെണ്ണം കൂടി കൂടിയിട്ടുണ്ടാകും...

സെക്കന്‍റ് ഷോകഴിഞ്ഞ് തിരിച്ചു അശൂറു തന്നെ സൈക്കിള്‍ ചവിട്ടണം  ...ഓയിലും ഗ്രീസും കണികാണാത്ത വാടക  സൈക്കിള്‍ ചവിട്ടി  മറിക്കുമ്പോള്‍ കി കി എന്നുള്ള ശബ്ദം സൈക്കിളില്‍ നിന്നും പുറപ്പെടും....
                                                  പുല്ലൂറ്റ് പാലം കയറി ചാപ്പാറ വളവ് കയറിക്കഴിയുമ്പോള്‍ ...തട്ടുകടക്കാരുടെ കടയില്‍ നിന്നും ഓംലെറ്റ് ഉണ്ടാക്കുന്ന മണം മൂക്കിലേക്ക് അടിച്ചുകയറി...ആ മണം മാത്രം ശ്വസിച്ച് ഞങ്ങള്‍ മുന്നോട്ട് നീങ്ങി..ഇടക്ക് പിന്‍ കഴുത്തില്‍ ഒരു നനവ് അനുഭവപ്പെട്ടപ്പോള്‍ ഒന്ന് തിരിഞ്ഞ് നോക്കി...ഓം ലെറ്റിന്‍റെ സുഗന്ധത്തില്‍ അശുറുവിന്‍റെ വായിലെ വെള്ളം കഴുത്തില്‍ വീണതാ...

കോഴീക്കട ഷാപ്പ് കഴിഞ്ഞുള്ള ഇറക്കത്തില്‍ ദാണ്ടേ നില്‍ക്കുന്നു...കുറച്ച് ജനമൈത്രിക്കാര്‍...ഏമാന്മാര്‍...അതേന്നേയ് മ്മ്ടെ പോലീസുകാര്‍..

കുഞീന്‍ ക്കാടേ സൈക്കിളിനുണ്ടോ ഇത് പോലീസുകാരാണേന്ന് മനസ്സിലാവൂ...അതിനു ബ്രേക്ക് ഇല്ലല്ലോ...അശുറുവിനു ബ്രേക്ക് പിടിച്ചിട്ട് കിട്ടുന്നില്ല..നേരെ മുമ്പില്‍ പോലീസുകാരും..സെക്കന്‍ ഷോ ക്ക് മതമില്ല...എന്‍റേയും അശുറുവിന്‍റേയും വായില്‍ നിന്നും അള്ളോ എന്ന വാക്ക് വന്നതില്‍ അതിശയിക്കാനില്ല . കാരണം ഞങ്ങള്‍ മുസ്ലീം ആണ്... എന്നാല്‍ ശിവരാമന്‍റെ വായില്‍ നിന്നും വന്നതും അള്ളോ എന്ന വാക്ക് തന്നെയാ...

പിന്നെ എന്താണു സംഭവിച്ചത് എന്ന് മനസ്സിലാവാന്‍ അല്‍പ്പം സമയം എടുത്തു...ഞങ്ങളേ മൂന്ന് പേരേയും പോലീസുകാരാ കാനയില്‍ നിന്നും വലിച്ച് കയറ്റിയത്...മൂന്നാളും ഒരേതാളത്തില്‍ ഞൊണ്ടി ഞൊണ്ടി പോലീസുകാരുടെ അരികില്‍ എത്തി ...

അപ്പോഴേക്കും പോലീസുകാര്‍ അവരുടെ ഡ്യൂട്ടി ചെയ്തു കഴിഞ്ഞിരുന്നു...മറ്റൊന്നുമല്ല..സൈക്കിളിന്‍റെ വാല്‍വ് ട്യൂവ് അവര്‍ ഊരിയെടുത്തു... എയര്‍ ഇല്ലാത്ത സൈക്കിളും തള്ളി പതിനാലു കിലോമീറ്റര്‍ ഞങ്ങള്‍ ആ പാതിരാത്രിക്ക് നടന്ന് വീടെത്തി...സൈക്കിള്‍ ചവിട്ടുന്ന ജോലി അശുറുവിനായതിനാല്‍ അത് തള്ളുന്ന ജോലിയും ആള്‍ക്ക് തന്നെ കൊടുത്തു...

പിന്നെ വന്ന വെള്ളിയാഴ്ച പുതിയ സിനിമ റിലീസായപ്പോള്‍ അശുറുവിന്‍റെ അടുത്തെത്തി...

“വേണ്ട കൊച്ചുമോനേ...പോലീസ് പിടിച്ചാല്‍ സൈക്കിള്‍ നിങ്ങളും കൂടി തള്ളാമെന്നുണ്ടെങ്കില്‍ ഞാന്‍ വരുന്നുള്ളു”....

അന്നുമുതല്‍ പുതിയ നിയമത്തില്‍ ഞങ്ങള്‍ ഒപ്പ് വച്ചു.