Tuesday, 11 April 2023

 തട്ടുമ്പുറം മാറാല അടിച്ച് തൂത്ത് വാരണ സമയത്താണ് ചിതലുക്കൾക്ക് മുഴുവനും തിന്നാൻ പറ്റാതെ ബാക്കിവച്ച പഴയൊരു ബാലരമ മാസിക എളാപ്പായുടെ കണ്ണിൽ പെടുന്നത്.....


മാറാല തട്ടൽ തൽക്കാലത്തേക്ക് മാറ്റി നിർത്തി ബാലരമ വായിക്കാം എന്ന് കരുതി തട്ടുമ്പുറത്ത് നിന്ന് ഇറങ്ങി എളാപ്പാ വായനയിൽ മുഴുകി...

ചിതലിനേക്കാളും വേഗത്തിൽ ബാലരമ എളാപ്പ തിന്ന് തീർത്തു.....അതിനിടയിൽ ഒരു കോഴിമുട്ടക്കാരന്റെ കഥ മനസ്സിൽ ഉടക്കി...

കോഴിമുട്ട വാങ്ങി വിരിയിച്ച് കോഴി വലുതായി മുട്ടയിടുന്നതും മുട്ടക്കൾ വിറ്റ് കാശാക്കുന്നതും എളാപ്പയിൽ ഉണ്ടായ ചലനം ഭൂമികുലുക്കത്തിനേക്കാളും വലുതായിരുന്നു

നൂറു മുട്ടവാങ്ങി അടയിരിക്കാൻ വച്ചാൽ എഴുപത്തഞ്ചെണ്ണം വിരിയുമായിരിക്കും.... എഴുപത്തഞ്ചെണ്ണത്തിൽ പത്തെണ്ണം പരുന്ത് കൊണ്ട്പോയാലും ബാക്കി അറുപത്തിയഞ്ച്....അതിൽ ഇരുപത് ചാത്തനായാലും ബാക്കി അമ്പത്തിയഞ്ച്....

“ദിവസവും അമ്പത്തിയഞ്ച് മുട്ടവിറ്റാൽ നാലു രൂപ വച്ച് കൂട്ടിയാലും കിട്ടും 220/-...അപ്പോൾ മാസം....വർഷം......അങ്ങനെ പോയി എളാപ്പായുടെ സ്വപ്നങ്ങൾ......

നിങ്ങക്ക് വല്ല പ്രാന്തുണ്ടോ മൻസാ എന്ന് എളാമയുടെ സ്നേഹപുരസരമുള്ള ചീത്ത വിളിയിൽ ...സ്വപ്നങ്ങളേ സൈഡിലേക്ക് മാറ്റി വച്ച് ബീവിന്റെ മുഖത്തേക്കൊന്നു നോക്കി...

“ഉം ....ന്തേ...

എന്റെ ഇക്കാ ഈ മുട്ടക്ക് ആരു അടയിരിക്കും നിങ്ങക്ക് പറ്റ്വോ....അല്ലപിന്നെ...

ഓ അത് ശരിയാണല്ലോ......പിന്നെന്താ ചെയ്യാ....

മുട്ടയിടുന്ന കോഴിയേ നോക്കി വാങ്ങ്...

ന്റെ പൊന്നേ പെണ്ണുങ്ങള്ക്ക് ഇത്രയും ബുദ്ധിയോ...?

അങ്ങനെ എളാപ്പ തൽക്കാലം പത്ത് മുട്ടയിടുന്ന കോഴിയെ വാങ്ങി....നന്നായി തീറ്റ കൊടുക്കണം എന്നാൽ ദിവസവും മുട്ടകിട്ടും....കോഴികച്ചവടക്കാരൻ ഒരു ഗമക്ക് പറഞ്ഞു....

നിങ്ങ ഇപ്പ കോഴിനേ തായോ തീറ്റകൊടുക്കുന്ന കാര്യമൊക്കെ ഞാനേറ്റു....

അങ്ങനെആദ്യ രണ്ട് മൂന്ന് ദിവസം പത്തിൽ ആറ് മുട്ടപ്രകാരം കോഴികൾ എളാപ്പാക്ക് കൊടുത്ത് കൊണ്ടിരുന്നു....രാവിലെ കൂട്ടിൽ നിന്ന് ഇറക്കിവിട്ടാൽ കോഴികൾ സസുഖം ജീവിക്കുന്നു...

പിന്നെ ഓരോ ദിവസങ്ങളിലും മുട്ടകൾ കിട്ടാതെ ആയി...എളാപ്പ നേരെ ഓടി കോഴികച്ചവടക്കാരന്റെ അരികിലേക്ക് ....കോഴികൾ മുട്ടയിടൽ നിർത്തി സമരമാരംഭിച്ചിരിക്കുന്നു.....എന്താ പ്രതിവിധി....

ഏയ് അങ്ങനെ സംഭവിക്കില്ല....ഞാൻ തരുന്ന കോഴി ആരേം പറ്റിക്കില്ല....എനിക്കറിയരുതോ.....

പിന്നെ മുട്ടകൾ എവിടെ പോകുന്നു....

എന്നാൽ അപ്രത്തെ വീട്ടിലെ രണ്ട് കോഴിയുള്ള കദീസുമ്മ ദിവസവും എട്ട് മുട്ടപ്രകാരം കടയിൽ കൊണ്ട് പോയി വിൽക്കുന്നു....

എളാപ്പയിലെ ഷേർലേക്ക് ഹോംസ് സടകുടഞ്ഞെഴുന്നേറ്റു....ആരുമില്ലാത്ത തക്കം നോക്കി എളാപ്പ അടുത്ത വീട്ടിലേക്ക് നുഴ്ഞ്ഞ് കയറി....അപ്പൊഴതാ....എളാപ്പാടെ കോഴികൾക്ക് മുട്ടയിടാനായി പുൽക്കൂട്ടിൽ കദീസുമ്മ മെത്തയൊരുക്കിയിരിക്കുന്നു.....

“പിറ്റേന്ന് പത്ത് കോഴിയേയും വിറ്റു എന്നാ കേട്ടത്”.....

ഇനി എളാപ്പാക്കെതിരെ കദീസുമ്മ കേസ് കൊടുക്കോ ആവോ?

Friday, 5 August 2022

                                                                           .രാവിലെ കുളിക്കുക എന്ന് പറഞ്ഞാൽ പല്ല് തേക്കുന്നത് പോലെ തന്നെ ബുദ്ധിമുട്ടുള്ള ഒരു കാലം ഉണ്ടായിരുന്നു എനിക്ക് . മേലൊക്കെ തണുത്ത വെള്ളം വീഴുമ്പോൾ ഒരുതരം ചൊറിച്ചിൽ ആയിരുന്നു.

                                                                   ആ ശീലത്തിൽ നിന്നും മാറിവരുമ്പോഴേക്കും സ്കൂൾ കാഘട്ടം ആരംഭിക്കുകയും ചെയ്തു . അപ്പോഴാണു ഈയുള്ളവനു ഒരു കാര്യം മനസ്സിലായത് , കുളിയും പല്ലുതേപ്പിനേക്കാളും പതിന്മടങ്ങ് ബുദ്ധിമുട്ട് സ്കൂളിൽ പോവുക എന്നുള്ള ഭീകരയാത്രയാണെന്ന്   ... 

അതും എന്തോരം കൊല്ലം പോണം എന്ന് ആലോചിക്കുമ്പോൾ ഇപ്പോഴും ഒരു തരിപ്പ് കയറുന്നു.

വീട്ടിലുള്ളവരേക്കാൾ പേടിച്ചിരുന്നത് വേലി പത്തലും ചൂരലിനേയും ആയിരുന്നു... പഠിപ്പിക്കുന്ന മാഷന്മാർക്കും വീട്ടുകാർക്കും വേലിപത്തലോ ചൂരലോ കണ്ടാൽ എൻ്റെ ചന്തിക്കിട്ട് രണ്ട് പൊട്ടിക്കാതെ ഉറക്കം വരില്ല...യോതൊരു തടസ്സവും കൂടാതെ അതെല്ലാം ഏറ്റുവാങ്ങുമ്പോഴും എൻ്റെ മനസ്സിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു...വല്ലോണം പത്താം ക്ളാസ് കഴിഞ്ഞാൽ ലിവന്മാരെല്ലാം എൻ്റെ ചന്തികിട്ടാതെ വലയുന്നത് ഒന്ന് എനിക്ക് കാണണം...

പത്താം ക്ളാസ്സ് കഴിഞ്ഞതോടെ ഉദ്ദ്യോഗകയറ്റം കിട്ടി പ്രീഡിഗ്രിക്ക് പഠിക്കാൻ , സെക്കൻ്റ് ഗ്രൂപ്പ്....പഠിച്ചിട്ട് ഡോക്ടറാവണം ..എന്ന് വീട്ടുകാർ ചിന്തിച്ചു...എനിക്ക് ചിന്തിക്കാൻ അക്കാലത്ത് അധികാരം കിട്ടിയിരുന്നില്ല...എന്നാലും ഞാൻ ആരും അറിയാതെ വീടിൻ്റെ ഒരു മൂലയിൽ പോയിരുന്നു കുറച്ച് ചിന്തിക്കും...

പക്ഷെ എൻ്റെ ചിന്തകളെ തലച്ചോറ് അധികനേരം സഹിക്കാൻ തയ്യാറായിരുന്നില്ല...അതിനാൽ ഞാൻ നിർത്തി മറ്റെന്തെങ്കിലും ചെയ്യും അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ...

എൻ്റെ ചിന്തകളും മറ്റുമായി പിന്നെ വരാം



Sunday, 13 February 2022

 ഹൃദയമിടിപ്പ് കൂടുതലാ....ചിലപ്പോൾ രണ്ട് ദിവസം കിടക്കേണ്ടി വരും...


“വേണ്ട ഡോക്ടറേ ഹൃദയമിടിപ്പൊക്കെ തന്നെയാ..പക്ഷേ ഡോക്ടർ എത്രഫീസ് വാങ്ങും എന്നാലോചിച്ചപ്പോൾ ഉണ്ടായതാ”

പണ്ട് സൂറത്തിൽ ജോലി ചെയ്യുന്ന സമയം....

വയറ്റിൽ നിന്ന് പോകാത്ത ഒരു അസുഖം പിടിപെട്ടു....മലബന്ധം എന്ന് ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്നെങ്കിലും ഓട്ട അടഞ്ഞതാണോ എന്ന് തോന്നിപ്പോകും പോലെ ആയിരുന്നു എന്റെ അവസ്ഥ.

അപ്പോഴാ എനിക്കൊരു എതിരാളി എന്റെ റൂമിൽ തന്നെ ഉടലെടുത്തത്...അവനു വയറിളക്കം....ബക്കറ്റ് വെള്ളവുമായി അവന്റെ ഓട്ടം .....

എന്തു പറ്റിയെടാ....

ഒന്നും പറ്റിയില്ല....ഇന്നലെ കഴിച്ച വടേപ്പവ് ആണോ അതോ ബേല്പൂരിയാണോ എന്നറിയില്ല ...ചന്തിയുടെ ലെവൽ തെറ്റി ...

അവന്റെ കൂടെ കൂടെയുള്ള കക്കൂസിൽ പോക്ക് കണ്ടപ്പോൾ ...പോകാൻ പറ്റാതിരിക്കുന്ന  ഞാൻ   അറിയാതെ പറഞ്ഞ് പോയി

“വത്സാ നിന്റെ കക്കൂസിൽ പോക്ക് കാണുമ്പോൾ എനിക്ക് കൊതിയായിട്ട് വയ്യ”

Wednesday, 21 April 2021

 വര്ഷങ്ങള്ക്ക് മുമ്പ് നടന്ന ഒരു കഥയാണ്.....

കറക്ടായിട്ട് പറഞ്ഞാല് ഒസാമ ബില് ലാദന് അമേരിക്കയില് പെന്റഗണ് തകര്ത്തെന്ന് പറയുന്നതിന്റെ പിറ്റേദിവസം.....
അമേരിക്ക എന്ന ഒരു രാജ്യം ഉണ്ടെന്നും അത് അഴീക്കോട് കടലിനപ്പുറം ആണെന്ന് കരുതുന്ന ഒരു ജനക്കൂട്ടം ആണ് അന്നും ഇന്നും എന്നും ഞങ്ങളുടെ നാട്ടിലുള്ളത്...
ആകാശത്ത് ഒരു വിമാനം പോകുന്നത് കണ്ടാല് അത് ഇപ്പോള് മതിലകത്തിനു മുകളിലൂടെയാ പോകുന്നത് എന്ന് പറഞ്ഞ് ബെറ്റുവക്കുന്ന ഒരു പാവം ജനക്കൂട്ടം...
നാട്ടില് അന്യം നിന്ന്പോകുന്ന ഒരു ചായക്കടയില് ആണു ഈ സംഭവം നടക്കുന്നത്....സമയം രാവിലെ എല്ലാവരും പത്രം കാത്ത് നില്ക്കുകയാണ്...കാരണം കുമാരന് വെല്ലിശ്ശന് രാവിലെ ചായക്കട തുറക്കാന് വന്നപ്പോള് രാവിലെ നടക്കാന് ഇറങ്ങിയ ആരോ എന്തോ പറഞ്ഞു...അമേരിക്കയില് ആരോ വിമാനം ഏതോ വീട്ടില് കൊണ്ട്പോയി കേറ്റിയത്രേ....പാവം വെല്ലിശ്ശനുണ്ടൊ ഇത് വല്ലതും അറിയുന്നു....
ആരേലും സൈക്കളേന്ന് വീണാല് അതാണു വെല്ലിശ്ശനു ലോകത്തിലെ ഏറ്റവും വലിയ അപകടം...
ചായക്കട തുറക്കുന്നതും കാത്ത് കുറേ എക്സ്പയറി ആയ ചെറുപ്പക്കാര് അറുപതിനും എഴുപതിനും ഇടക്ക് ഇന്നോ നാളെ എന്ന് പറഞ്ഞ് നില്ക്കുന്നവര് ...തലേന്നാളത്തെ ടിവി ന്യൂസിലും എന്തൊക്കെയോ കേട്ട് വന്നിരിക്കുകയാണ്....
വിമാനം സ്ലിപ്പ് ആയതാവുള്ളു എന്ന് ഒരാള്...
സ്ലിപ്പ് ആവുകയോ...?
ആന്നേയ് ആകാശത്ത് തെന്നലുണ്ടെന്ന് ഇന്നാളാരോ പറഞ്ഞിരിക്കുന്നു...
അതാരാ...?
ഏതോ ഒരു കവി....“ മാനത്തെ തളിര് തെന്നലേ”...എന്ന്..അപ്പോള് പിന്നെ തെന്നിപ്പോയത് ആകും..
“എന്റെ മോന് അമേരിക്കയിലാണ് ഒരു വിവരവും ഇല്ല”...എന്ന് പറഞ്ഞ്കൊണ്ട് ഈനാശു ആ നേരം അവിടേക്ക് ഓടിവന്നു...
വിവരം ഇല്ലാത്തവരെ പറ്റി അറിയാന് അമേരിക്കയിലെ കമ്പ്യൂട്ടറിലേക്ക് വിളിച്ചാല് അറിയാന് കഴിയും....പകുതി ചുമയും ചെറിയ പതര്ച്ചയുമായ ഒരു ശബ്ദം കേട്ടപ്പോള് എല്ലാവരും ടേബിള്ഫാന് തിരിയുന്നത് പോലേ കഴുത്ത് സൈഡിലേക്ക് ഒരേസ്പീഡില് തിരിച്ചു....ആ ശബ്ദം എവിടേന്നാണു വരുന്നതെന്നറിയാനുള്ള ഒരു അഭിവാഞ്ച....
അലിയാരാണ്....അമേരിക്കാന്നും കമ്പ്യൂട്ടര് എന്നും പറയുമ്പോള് അലിയാരുടെ മുഖത്തെ ഭാവം പറഞ്ഞറിയിക്കാന് വയ്യായിരുന്നു...
ആരോ കൊടുത്ത മൊബൈലില് നിന്നും ഈനാശു അമേരിക്കയിലേക്ക് ഡയല്ചെയ്തു....
ഹലോ അമേരിക്കയിലെ കമ്പ്യൂട്ടറല്ലെ..?
അതെ...ആരാണ്..?
ഞാന് കേരളത്തില് നിന്നും ഈനാശു ആണു എന്റെ മോന് പൊറിഞ്ചുവിനെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ...
പൊറിഞ്ചു 25 കിലോമീറ്റര് അകലെയാണ്...
ഹൊ സമാധാനം....അവന് അപകടം നടന്ന സ്ഥലത്ത് നിന്നും 25 കി മി അകലെയാണ്...ഈനാശു കടയിലുള്ളവരോടായി പറഞ്ഞു...എന്നിട്ട് ഫോണില് തുടര്ന്നു...
ഞാന് അങ്ങോട്ട് വന്നാലോ..? അവനെ കാണാന് കഴിയുമോ..?
ഇപ്പോള് ഇങ്ങോട്ട് വരാന് കഴിയില്ല...ഇവിടെ വിമാന താവളങ്ങള് എല്ലാം അടച്ചിട്ടിരിക്കുകയാണ്...
എന്നാല് അവനെ ഇങ്ങോട്ട് അയച്ചുകൂടെ..?
അതും കഴിയില്ല....ഇവിടെ ശവപ്പെട്ടി തീര്ന്നിരിക്കുകയാണ്....
ശവപ്പെട്ടിയോ ? അപ്പോള് അവന് മരിച്ചുവോ../ ? അവന് 25 കിലോമീറ്റര് അകലെയാണെന്ന് പറഞ്ഞതോ..?
“പൊട്ടിത്തെറിയില് അവന് 25 കിലോമീറ്റര് അകലേക്ക് തെറിച്ച് പോയിരുന്നു.അതാണു പറഞ്ഞത്”...

 പണ്ട് എന്ന് പറഞ്ഞാൽ ബ്ലാക്ക് & വൈറ്റ് കാലഘട്ടം ഒന്നും അല്ലാട്ടാ....ഈസ്റ്റുമൻ കളർ കഴിഞ്ഞ് തുടങ്ങുന്ന കാലഘട്ടം....

അലിയാരുടെ ലൂണ ചെറിയ രീതിയിൽ ഓടിച്ച് പഠിച്ചിരുന്നു എങ്കിലും...അതിനു രണ്ട് വീൽ ഉണ്ടെങ്കിലും ടൂ വീലർ ഗണത്തിൽ പെടുത്തിയിരുന്നില്ല..
ഈ ടൂവീലർ എനിക്കും പഠിക്കണം എന്നിട്ട് പറപ്പിക്കണം എന്നൊക്കെ മനക്കോട്ട കെട്ടി നടന്നിരുന്ന കാലത്താണ് തൊട്ടടുത്ത കടയിലെ അലിയാർ ലൂണ വാടകക്ക് കൊടുക്കുന്നത്....
ഒളിഞ്ഞും തിരിഞ്ഞും ലൂണയെ അലിയാർ അറിയാതെ നോക്കും . നോക്കുന്നതിനും വാടകചോദിക്കുമോ എന്നൊരു ഉൽക്കണ്ടയും അതിൽ ഇല്ലാതില്ല....
പെടക്കോഴിയെ ച്ചേലിടാൻ പുവൻ നടക്കുന്നത് പോലെ രണ്ടുമ്മൂന്ന് വട്ടം ലൂണയെ വലം വച്ചപ്പോൾ അലിയാർക്ക് സംഗതി പിടികിട്ടി...
എഞ്ചാണ്ടാ എഞ്ചാണ്ടാ....ബട്ടം ചുറ്റണത്....വേണേൽ ഡ്ത്തുണ്ട് പോടാ....എന്ന് അലിയാരുടെ താളത്തിൽ പറഞ്ഞപ്പോൾ ആദ്യം എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റാതെ ആയി....
സ്റ്റാന്റിട്ട് വണ്ടിയിൽ കയറിയിരുന്ന് പെടൽ ആഞ്ഞ് ചവിട്ടിതിരിച്ചാൽ മാത്രം സ്റ്റാർട്ട് ആകുന്ന ലൂണ ....ഒരു അത്ഭുത വസ്തു തന്നെ ആയിരുന്നു....പിന്നെ അലിയാരുടെ കടയിൽ ആ സാധനം വന്നപ്പോൾ അത്ഭുതപെടുന്നതിൽ ഒരു അത്ഭുതവും ഇല്ല....
സുഹൃത്ത് അനിയെ കൂട്ട് പിടിച്ച് വണ്ടി ഒന്ന് ഓടിച്ച് പഠിച്ച് എന്നല്ലാതെ ലൈസൻസ് എടുക്കാൻ ഇത് പോരല്ലോ.....
വെള്ളാങ്കല്ലൂർ ഉള്ള അരുണേഷിൽ അങ്ങനെ ടൂ വീലർ പഠനത്തിനായി ചേർന്നു....
പഞ്ചായത്ത് ഗ്രൌണ്ടിൽ ആണു വണ്ടി ഓടിച്ച് പഠിക്കേണ്ടത്....
അങ്ങനെ ആദ്യമായി M80 എന്ന് വിളിക്കുന്ന ആ ടൂവീലറിൽ പഠിക്കാനായി കയറി....അരുണേഷിൽ അന്ന് പഠിപ്പിച്ചിരുന്ന വീടിനടുത്തുള്ള ബാബു ആയിരുന്നു...വീട്ട് പേരു ചേർത്ത് കാരക്കൊളം ബാബു എന്ന് പറഞ്ഞാലേ .....അയൽ രാജ്യങ്ങലിൽ പോലും മൂപ്പിത്സിനെ അറിഞ്ഞിരുന്നുള്ളു...
അലിയാരുടെ ലൂണ ഒരു ശത്രുവിനെ പോലെ അവതരിച്ചത് അവിടെയാണ്.....ഞാൻ ലൂണ ഓടിക്കുന്നത് അബദ്ധവശാൽ ബാബു കണ്ടിട്ടുണ്ടെന്ന് തോന്നുന്നു ....ആ ഒരു ഓർമ്മയിൽ എന്നെ എം 80 യിൽ കയറ്റി ഇരുത്തി ഒരു വിടൽ....
തുരുമ്പ് എടുത്ത ഒരു വളഞ്ഞ ആണി ഹാന്റിലിന്റെ ഇടയിലേക്ക് കുത്തികയറ്റുന്നത് കാണാം ...എന്നാലേ ഈ വണ്ടി നേരെ ചൊവ്വേ മുന്നോട്ട് പോകൂ....ആണി നന്നായി തള്ളികയറ്റിയിട്ടാണോ എന്തോ....എന്നെ കയറ്റി ഇരുത്തി ബാബു വണ്ടിയിൽ നിന്ന് പിടുത്തം വിട്ടു......
എന്നേയും വഹിച്ച് കൊണ്ട് ആ എം80 മന്ദം മന്ദം മുന്നോട്ട് പോയി.....ഏകദേശം അഞ്ചോ ആറോ സെക്കന്റ് മാത്രമേ ഞാൻ പിന്നെ ആ ഗ്രൌണ്ടിൽ ഉണ്ടായിരുന്നുള്ളു.....
ഗ്രൌണ്ടിന്റെ താഴേയുള്ള കുഴിയിൽ നിന്നും എന്നേയും എം80 യേയും എല്ലാവരും കൂടി എടുത്തുയർത്തി മുകളിലേക്ക് കൊണ്ട് വരുമ്പോൾ ബാബു മാത്രം ആ കുഴിയിൽ എന്തോ തപ്പികൊണ്ടിരിക്കുകയായിരുന്നു....
എന്താ ബാബു നോക്കുന്നത് ? എന്ന് മൃതപ്രായനായ ഞാൻ ചോദിച്ചപ്പോൾ........
ബാബുവിന്റെ മറുപടി....
“വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ആണി “ നീ എവിടേ കൊണ്ട് കളഞ്ഞു.....എന്നൊരു മറുചോദ്യം....

Friday, 4 October 2019

പിണ്ണാക്ക്...

പറയുമ്പോൾ എളുപ്പം കഴിയും....