Thursday, 14 January 2016

എനിക്കുമുണ്ടായിരുന്നു ഒരു ഗള്‍ഫ് ജീവിതം...41



പത്ത് കിലോയുടെ മുബാറക്ക് റൈസ് പാക്ക് ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ഓഫീസില്‍ നിന്നും ഒരു ഫോണ്‍ വന്നത്...

ഹലോ....എന്ന് പറഞ്ഞപ്പോഴേക്കും മറുതലക്കല്‍ കാദര്‍ക്കാടെ സ്വരം കേട്ടു....ലക്ഷക്കണക്കിനു ആട്ടിന്‍ കൂട്ടങ്ങളുണ്ടായാലും അതിനിടയില്‍ ഒരു നായുടെ ശബ്ദം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് പറഞ്ഞത് പോലെയാ കാദര്‍ക്കാടെ ശബ്ദം...
കാദര്‍ക്ക....എന്നാല്‍ ഒരു ഒന്നൊന്നരകാദര്‍ക്ക വരും....മാവിന്‍റെ തളിര്‍ തിന്നതിലാണോ എന്നറിയില്ല കാദര്‍ക്കാടെ ശബ്ദം കുയിലിനേക്കാള്‍ മൃദുലമായിരുന്നു...പക്ഷേ ആ മൃദുലത അല്‍പ്പം കഠോരവും ആയതിനാല്‍ കേള്‍ക്കുന്നവനു പ്രാന്ത് പിടിക്കും എന്ന് മാത്രം...

ഒരേ കമ്പനിയില്‍ ആണു ജോലി നോക്കുന്നതെങ്കിലും കാദര്‍ക്കാനെ പരിചയപ്പെടുന്നത്...ഒരു പ്രത്യേക സാഹചര്യത്തിലാണ്...സ്മോക്കേഴ്സ് സെന്‍റെറിന്‍റെ പിന്‍വശത്തുള്ള ബില്‍ഡിങ്ങില്‍ താമസിക്കാന്‍ ചെന്നപ്പോഴായിരുന്നു...

ഒമ്പതാം നിലയില്‍ 902 റൂം നമ്പറില്‍ .....താമസിക്കാന്‍ ചെല്ലുമ്പോള്‍...ജോലിക്ക് ചെല്ലുമ്പോള്‍ പോലും ഇങ്ങനെ ഒരു ഇന്‍റര്‍വ്യൂ ഉണ്ടായിട്ടില്ല....

എവിടെയാ ജോലി.....?  ഒരാളുടെ വക..

അബൂദാബി നാഷണല്‍ ഫുഡ് സ്റ്റഫില്‍....

അടുത്തയാള്‍...എന്ത ജോലിയാ...?

മിഷ്യന്‍ ഓപ്പറേറ്ററാ...

അതേയോ ....

ഉം...

കാദര്‍ക്കാനെ അറിയോ...?

ആ പേര്‍ കേട്ടപ്പോള്‍ പണ്ട് ചിരിയോ ചിരി എന്ന സിനിമയില്‍ ബാലചന്ദ്രമേനോന്‍ അബ്ദുറസ്സാക്ക് എന്ന പേരു കേള്‍ക്കുമ്പോള്‍ ഞെട്ടുന്നത് പോലെ ഞാന്‍ ഒന്ന് ഞെട്ടി...ഇതാരാപ്പാ ഈ കാദര്‍ക്ക....കൊമ്പന്‍ മീശ , മൊട്ടത്തല , മുഖമാകേ വസൂരി കല എന്നിങ്ങനെ കുറെ ഉദാഹരണങ്ങള്‍ ഉള്ളില്‍ ഓടി മറഞ്ഞു...

പിന്നെ നാസറിക്കാനേ അറിയുമോ...?

ദാരാപ്പാ ഈ നാസര്‍ക്ക....തലയില്‍ പിന്നേം ചോദ്യങ്ങള്‍ പെരുകി കളിച്ചു...

ഇവരെയൊന്നും ഞാന്‍ അറിയില്ല....എന്നോട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്ന നിങ്ങളെ രണ്ട് പേരേയും ഞാന്‍ അറിയും....

അതെങ്ങനെ...?

അതൊക്കെ അറിയാം നീ സലാം അല്ലെ....മലപ്പുറത്തുള്ള കൊപ്രസലാം....

ഹ ഹ ഹ ഇതെങ്ങനെ ഇവനറിയാം എന്നമട്ടില്‍ കൊപ്രസലാം ചിരിതുടങ്ങി....വാപ്പാക്ക് നാളികേരം വെട്ടി കൊപ്രയാക്കി വില്‍ക്കുന്ന ജോലിയുള്ളതിനാല്‍ ....ബാപ്പാടെ പാരമ്പര്യം നിലനിര്‍ത്താല്‍ സലാം കൊപ്ര സലാം ആയി....

നിന്നേയും ഞാന്‍ അറിയും  നീ മുബാറക്ക് . ഇപ്പോള്‍ അര്‍ബിഫ്റ്റ് ബാങ്കില്‍ ജോലി ചെയ്യുന്നു...നീയും സലാമും ആദ്യം അല്‍സലാമ ഹോസ്പിറ്റലില്‍ ഓഫീസ് ബോയി ആയി ജോലി നോക്കിയിരുന്നവരല്ലെ...?

അതെ .....

ഞാന്‍ അവിടെ ജോലി ചെയ്തിരുന്ന ലാബ് ടെക്നീഷ്യന്‍ സുള്‍ഫിക്കറിന്‍റെ ജേഷ്ഠന്‍ ആകുന്നു....

പരമശിവന്‍റെ കാല്‍ക്കല്‍ വീഴുന്ന ഭൂതഗണങ്ങളേ പോലെ സലാമും മുബാറക്കും എന്‍റെ കാല്‍ക്കല്‍...എന്നിട്ട് അലറി വിളിച്ചു....

“നിന്നെ റൂമിലേക്ക് എടുത്തിരിക്കുന്നു...എടുത്തിരിക്കുന്നു....“

വലത് കാല്‍ വച്ച് ഫ്ലാറ്റിലേക്ക് കയറുമ്പോള്‍ എനിക്ക് അപരിചിതരായ എന്‍റെ കമ്പനിയില്‍ ജോലി ചെയ്യുന്ന കാദര്‍ക്കാനേയും നാസറിക്കാനേയും കുറിച്ചറിയാനുള്ള ഒരു വ്യഗ്രത എന്നില്‍ നിറയുകയായിരുന്നു........
...............................................................തുടരും


No comments:

Post a Comment