Wednesday, 13 January 2016


എടാ കൊച്ചുമോനെ  നീ  ആ  വട്ടത്തറയില്‍  പോയി  മുപ്പത്  മുടി  കയര്‍  വാങ്ങികൊണ്ട്  വായോ  ....എന്ന് ബാപ്പിച്ചി  പറയുമ്പോള്‍ ....


വട്ടത്തറ കറപ്പാപ്പന്‍റെ വീട്ടില്‍ നിന്നും മുപ്പത് മുടി കയറ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തന്നെ അറിയാം ..തൊട്ടടുത്ത ഞായറാഴ്ച കോരന്‍ തെങ്ങ് കയറാന്‍ വരും എന്ന്....
കയര്‍ വാങ്ങാന്‍ പോകാന്‍ ഒരു പ്രത്യേക ഉത്സാഹം ആണെങ്കിലും തെങ്ങ് കയറ്റം എന്ന് പറഞ്ഞാല്‍ ഇത്രയും ദേഷ്യം വേറൊന്നിനും ഇല്ല...

പിന്നെ ഒന്നും നോക്കിയില്ല നേരെ വട്ടത്തറയിലേക്ക്....ആ പഴയ വീടിന്‍റെ തെക്കേ ചാച്ചിറക്കില്‍ ആണ് അപ്പാപ്പന്‍റെ റാട്ട്     പുര....

കയര്‍ വാങ്ങുക മാത്രമല്ല അവിടെ പോയാല്‍ ....കയര്‍ പിരിക്കുന്ന സൂത്രവും കാണാം...

മരം കൊണ്ടുണ്ടാക്കിയ ഒരു യന്ത്രം താഴേ രണ്ട് മരത്തില്‍ പിടിപ്പിച്ചിരിക്കുന്നു. മൂന്ന് മരം കൊണ്ടുണ്ടാക്കിയ ചക്രവും . ആവശ്യത്തിനു മുന്നോട്ട് തള്ളുവാന്‍ സൌകര്യപ്രദമായി ഒരുക്കിയിരിക്കുന്നു...മുകളിലേക്ക് ഉള്ള മരത്തില്‍ സൂര്യനെപ്പോലെ പട്ടിക അടിച്ചുണ്ടാക്കിയിട്ട് അതിലൂടെ കയര്‍ വട്ടം ചുറ്റി        
അതിന്‍റെ മറ്റൊരറ്റം തിരിയുന്ന വേറൊരു ചെറിയ ചക്രത്തിലേക്ക് കയര്‍ കോര്‍ത്തിരിക്കുന്നു...

ബട്ടന്‍സ്  പൊട്ടിപ്പോയ  ട്രൌസര്‍  വലിച്ചു  മേല്‍പ്പോട്ടു  കയറ്റി  കരപ്പാപ്പന്‍  കയര്‍  പിരിക്കുന്നത്  കുറെ  നേരം  നോക്കി  നില്‍ക്കും  ...ചകിരി ചോറും പൂഴിമണ്ണും  കലര്‍ന്ന  മുറ്റത്ത്  ചാടി ഓടിക്കളിക്കാനും  നല്ല  രസം  ആയിരുന്നു  ...
റാട്ട്  യന്ത്രത്തിന്‍റെ  നടുവിലൂടെ പിടിപ്പിച്ചിരിക്കുന്ന  വളഞ്ഞിരിക്കുന്ന  കമ്പിയില്‍  പിടിച്ചു  തിരിക്കുമ്പോള്‍  വലിയ  ചക്രത്തില്‍  പിടിപ്പിച്ചിരിക്കുന്ന  കയര്‍  തിരിഞ്ഞു  ചെറിയ  ചക്രത്തെയും തിരിക്കുന്നു...ചെറുതില്‍  പിടിപ്പിച്ചിരിക്കുന്ന  നീളത്തിലുള്ള  കൊളുത്തുള്ള  ചെറിയ  ഒരു  കമ്പിയില്‍  അടുത്ത  വീട്ടിലെ ചേച്ചി  ചകിരി  പിടിപ്പിക്കും ...ചകിരിയുടെ  ഒരു  വലിയ  കെട്ടു ഒരുങ്ങാത്ത  കക്ഷത്തില്‍  വക്കും    എന്നിട്ട്  കുറേശ്ശെ  കുറേശ്ശെ  ആയി  വിട്ടു കൊടുത്തു  കൊണ്ട്  പിന്നോട്ട്  നടക്കും  ......

പൊക്കിളിനു താഴെയും  മുട്ടിനുമുകളിലും  ആയി  മുണ്ട്  ഉടുത്  അപ്പാപ്പന്‍  റാട്ട്  തിരിക്കുന്നത്  കൌതുകത്തോടെ  നോക്കി നില്‍ക്കും  തിരിയുന്ന കമ്പിയില്‍ ജനിച്ചു  വരുന്ന  കയര്‍ ....ഇടക്ക്  റാട്ടില്‍  നിന്ന്  പുറപ്പെടുന്ന  ശബ്ദം ...നീളത്തില്‍  ഉണ്ടാകുന്ന  കയറിനെ  കൈമുട്ടില്‍ ഇട്ടു  വട്ടം  കറക്കി  മുടികളായ് മടക്കി  എടുക്കുന്നു ......


No comments:

Post a Comment